Image courtesy: Canva
Personal Finance

800 സ്‌കോര്‍ ഉണ്ടായിട്ടും ലോണ്‍ നിരസിച്ചു! ക്രെഡിറ്റ് സ്‌കോറിലെ 3 വലിയ തെറ്റിദ്ധാരണകള്‍

മികച്ച ക്രെഡിറ്റ് സ്‌കോറുണ്ടായിട്ടും ബാങ്കുകള്‍ വായ്പ നിരസിക്കുന്നത് എന്തുകൊണ്ട്? വായ്പയ്ക്ക് അപേക്ഷിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Dhanam News Desk

ഉയര്‍ന്ന ശമ്പളം, ക്രെഡിറ്റ് സ്‌കോറും 800-ല്‍ അധികമുണ്ട്. എന്നിട്ടും വായ്പയ്ക്കുള്ള അപേക്ഷ ബാങ്ക് തള്ളിക്കളഞ്ഞോ? ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാണെങ്കിലും, ലോണ്‍ അനുമതി ലഭിക്കുന്നതില്‍ മറ്റ് പല ഘടകങ്ങളും നിര്‍ണായകമാണ്.

ക്രെഡിറ്റ് സ്‌കോറിനെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ അനാവശ്യമായി വായ്പ നിരസിക്കപ്പെടുന്നതിനും ഉയര്‍ന്ന പലിശ നല്‍കേണ്ടിവരുന്നതിനും കാരണമായേക്കാം. പ്രത്യേകിച്ച് ആദ്യമായി വായ്പയോ ക്രെഡിറ്റ് കാര്‍ഡോ എടുക്കാന്‍ ആലോചിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട മൂന്ന് കാര്യങ്ങളിതാ.

1. ക്രെഡിറ്റ് സ്‌കോര്‍ ഇടയ്ക്കിടെ പരിശോധിച്ചാല്‍ കുറയുമോ?

സ്വന്തം ക്രെഡിറ്റ് സ്‌കോര്‍ ആവര്‍ത്തിച്ച് പരിശോധിച്ചാല്‍ സ്‌കോര്‍ കുറയുമെന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാല്‍ ഇത് ശരിയല്ല. സ്വന്തം ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത് 'സോഫ്റ്റ് എന്‍ക്വയറി' (Soft Inquiry) ആയാണ് കണക്കാക്കുന്നത്. ഇത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല.

എന്നാല്‍ വായ്പയ്‌ക്കോ ക്രെഡിറ്റ് കാര്‍ഡിനോ അപേക്ഷിക്കുമ്പോള്‍ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ നടത്തുന്ന ക്രെഡിറ്റ് പരിശോധന 'ഹാര്‍ഡ് എന്‍ക്വയറി' (Hard Inquiry) ആണ്. ഇത്തരം പരിശോധനകള്‍ സ്‌കോറില്‍ നേരിയ കുറവുണ്ടാക്കാന്‍ സാധ്യതയുണ്ട്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ബാങ്കുകളില്‍ വായ്പയ്ക്ക് അപേക്ഷിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയായി ചില വായ്പാദാതാക്കള്‍ വിലയിരുത്തിയേക്കാം. അതിനാല്‍ ഒരേസമയം പല സ്ഥാപനങ്ങളിലും അപേക്ഷ നല്‍കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

2. ശമ്പളം കൂടിയാല്‍ ക്രെഡിറ്റ് സ്‌കോറും ഉയരുമോ?

ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടായിരിക്കുമെന്ന ധാരണയും തെറ്റാണ്. ക്രെഡിറ്റ് സ്‌കോര്‍ പ്രധാനമായും വിലയിരുത്തുന്നത് വരുമാനത്തിന്റെ വലുപ്പമല്ല, വായ്പകളും ക്രെഡിറ്റ് കാര്‍ഡ് കുടിശികകളും എത്ര ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നു എന്നതാണ്.

വായ്പ അനുവദിക്കുമ്പോഴും എത്ര തുക അനുവദിക്കണമെന്ന് തീരുമാനിക്കുമ്പോഴും വരുമാനത്തിന് വലിയ പ്രാധാന്യമുണ്ട്. അതായത്, ഉയര്‍ന്ന ശമ്പളം മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉറപ്പുനല്‍കുന്നില്ലെങ്കിലും വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി വിലയിരുത്തുന്നതില്‍ നിര്‍ണായകമാണ്.

3. ക്രെഡിറ്റ് സ്‌കോര്‍ 750 കടന്നാല്‍ ലോണ്‍ ഉറപ്പാണോ?

750ന് മുകളിലുള്ള ക്രെഡിറ്റ് സ്‌കോര്‍ പൊതുവെ മികച്ചതായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഇതുണ്ടെന്ന കാരണത്താല്‍ മാത്രം വായ്പ ലഭിക്കുമെന്ന് ഉറപ്പിക്കാനാകില്ല.

ബാങ്കുകള്‍ അപേക്ഷകന്റെ വരുമാനം, ജോലിയുടെ സ്ഥിരത, നിലവിലുള്ള വായ്പകള്‍, പ്രതിമാസ ഇഎംഐ ബാധ്യത, മറ്റ് സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തും.

അതുപോലെ മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെന്നതുകൊണ്ട് മാത്രം ഏറ്റവും കുറഞ്ഞ പലിശനിരക്ക് ലഭിക്കണമെന്നുമില്ല. വായ്പയുടെ സ്വഭാവം, കാലാവധി, വരുമാനം, ബാങ്കിന്റെ വായ്പാ നയം തുടങ്ങിയ ഘടകങ്ങളും പലിശനിരക്കിനെ സ്വാധീനിക്കും.

വായ്പയ്ക്ക് അപേക്ഷിക്കും മുമ്പ് ശ്രദ്ധിക്കേണ്ടത്

വായ്പാ യോഗ്യത മെച്ചപ്പെടുത്താനും അനാവശ്യ തിരസ്‌കരണങ്ങള്‍ ഒഴിവാക്കാനും ചില സാമ്പത്തിക ശീലങ്ങള്‍ സഹായിക്കും.

തിരിച്ചടവ് മുടക്കരുത്- ഇഎംഐകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും നിശ്ചിത തീയതിക്കുള്ളില്‍ അടയ്ക്കുക. ഓട്ടോ പേ സംവിധാനം ഉപയോഗിക്കുന്നത് വൈകിയുള്ള തിരിച്ചടവ് ഒഴിവാക്കാന്‍ സഹായിക്കും

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം നിയന്ത്രിക്കുക- സാധ്യമെങ്കില്‍ അനുവദിച്ച ക്രെഡിറ്റ് പരിധിയുടെ 30 ശതമാനത്തില്‍ താഴെ ഉപയോഗം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക

നിരവധി വായ്പാ അപേക്ഷകള്‍ ഒഴിവാക്കുക- ചെറിയ കാലയളവില്‍ പല ബാങ്കുകളിലും വായ്പയ്ക്ക് അപേക്ഷിക്കുന്നത് ഒഴിവാക്കുക

നിലവിലെ കടബാധ്യത പരിശോധിക്കുക- പുതിയ വായ്പ എടുക്കുന്നതിന് മുമ്പ് പ്രതിമാസ വരുമാനത്തില്‍ എത്ര തുക ഇഎംഐകള്‍ക്കായി ചെലവാകുന്നുവെന്ന് കണക്കാക്കുക

ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുക- റിപ്പോര്‍ട്ടിലെ തെറ്റായ വിവരങ്ങള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ക്രെഡിറ്റ് ബ്യൂറോയിലോ ധനകാര്യ സ്ഥാപനത്തിലോ പരാതി നല്‍കി തിരുത്താന്‍ നടപടി സ്വീകരിക്കുക

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT