Image courtesy: Canva
Personal Finance

മെയ് മാസത്തിൽ ഇക്വിറ്റി ഫണ്ടുകളിൽ 40% ഇടിവ്: നിക്ഷേപകർ ഭയപ്പെടണോ? അടുത്ത നീക്കം എന്തായിരിക്കണം?

വിപണി അസ്ഥിരമായിരിക്കുമ്പോൾ വലിയൊരു തുക ഒറ്റയടിക്ക് നിക്ഷേപിക്കുന്നതിന് പകരം സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ പോലുള്ള വഴികൾ തിരഞ്ഞെടുക്കുക, ഇത് നിക്ഷേപത്തിലെ റിസ്ക് കുറയ്ക്കാൻ സഹായിക്കും

Sutheesh Hariharan

2026 മെയ് മാസത്തിൽ മ്യൂച്വൽ ഫണ്ട് വിപണിയിൽ ഇക്വിറ്റി നിക്ഷേപത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) പുറത്തുവിട്ട കണക്കുകൾ പ്രകാരം, സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഏപ്രിലിലെ 38,440.20 കോടി രൂപയിൽ നിന്ന് 40.4 ശതമാനം ഇടിഞ്ഞ് 22,907.77 കോടി രൂപയിലെത്തി.

ഇത് 2026-ലെ ഏറ്റവും കുറഞ്ഞ പ്രതിമാസ നിക്ഷേപമാണ്. എല്ലാ വിഭാഗങ്ങളിലും ഈ തളർച്ച പ്രകടമാണ്. ലാർജ്-ക്യാപ് ഫണ്ടുകളിൽ 36.9 ശതമാനവും മിഡ്-ക്യാപ് ഫണ്ടുകളിൽ 33.1 ശതമാനവും സ്മോൾ-ക്യാപ് ഫണ്ടുകളിൽ 28.2 ശതമാനവും നിക്ഷേപം കുറഞ്ഞു. ഫ്ലെക്സി-ക്യാപ് ഫണ്ടുകളിൽ 49 ശതമാനവും സെക്ടറൽ/തീമാറ്റിക് ഫണ്ടുകളിൽ 66.8 ശതമാനവും വലിയ ഇടിവാണുണ്ടായത്.

നിക്ഷേപകരുടെ മനോഭാവം എന്തായിരിക്കണം?

വിപണിയിൽ അനിശ്ചിതത്വം വരുമ്പോൾ നിക്ഷേപകർ പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ നേരിട്ടുള്ള നിക്ഷേപകർ പലപ്പോഴും തെറ്റായ തീരുമാനങ്ങൾ എടുക്കാൻ സാധ്യതയുണ്ടെന്ന് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഡിഐ വെല്‍ത്തിന്റെ സ്ഥാപകയും സിഇഒയുമായ ധന്യ വി.ആര്‍ സിഎഫ്പി പറഞ്ഞു. വിപണി താഴുന്നത് നിക്ഷേപം പിൻവലിക്കാനുള്ള സമയമായല്ല, മറിച്ച് നിലവിലുള്ള പോർട്ട്ഫോളിയോ 'ആവറേജ്' (Averaging) ചെയ്യാനുള്ള മികച്ച അവസരമായാണ് കാണേണ്ടത്. വിപണിയിലെ താഴ്ചയെ ഒരു 'ഓപ്പർച്യൂണിറ്റി' ആയി കണ്ട് ക്ഷമയോടെ കാത്തിരിക്കുകയാണ് നിക്ഷേപകർ ചെയ്യേണ്ടതെന്നും ധന്യ പറയുന്നു.

സ്വീകരിക്കേണ്ട പ്രധാന തന്ത്രങ്ങൾ:

ഘട്ടം ഘട്ടമായുള്ള നിക്ഷേപം (Staggered Entry): വിപണി അസ്ഥിരമായിരിക്കുമ്പോൾ വലിയൊരു തുക ഒറ്റയടിക്ക് നിക്ഷേപിക്കുന്നതിന് പകരം സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ (STP) പോലുള്ള വഴികൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇത് നിക്ഷേപത്തിലെ റിസ്ക് കുറയ്ക്കാൻ സഹായിക്കും.

എസ്ഐപി (SIP) തുടരുക: ഇക്വിറ്റി നിക്ഷേപത്തിൽ വലിയ കുറവുണ്ടായെങ്കിലും എസ്ഐപി വഴി എത്തുന്ന തുകയിൽ വലിയ മാറ്റമില്ല (0.5% മാത്രം കുറവ്). 30,954 കോടി രൂപ എസ്ഐപി വഴി മെയ് മാസത്തിലും വിപണിയിലെത്തി. ദീർഘകാല ലക്ഷ്യങ്ങളുള്ളവർ എസ്ഐപി മുടക്കാതെ തുടരുന്നത് വഴി കോമ്പൗണ്ടിംഗിന്റെ ഗുണം ലഭിക്കും.

ഫണ്ട് പ്രകടനം വിലയിരുത്തുക: നിങ്ങളുടെ ഫണ്ട് ഇടിയാൻ കാരണം വിപണിയിലെ പൊതുവായ മാറ്റമാണോ അതോ ഫണ്ട് മാനേജ്‌മെന്റിന്റെ പിഴവാണോ എന്ന് പരിശോധിക്കണം. വിപണി കൂടുമ്പോഴും നിങ്ങളുടെ ഫണ്ട് താഴേക്ക് പോകുകയാണെങ്കിൽ മാത്രം മാറ്റത്തെക്കുറിച്ച് ചിന്തിക്കുക.

പേടിച്ച് സ്വിച്ച് ചെയ്യരുത്: വിപണി ഇടിയുമ്പോൾ ഇക്വിറ്റിയിൽ നിന്ന് ഡെറ്റ് ഫണ്ടുകളിലേക്കോ സ്വർണത്തിലേക്കോ മാറുന്ന പ്രവണത ഒഴിവാക്കണം. ഇത് നിങ്ങളുടെ യൂണിറ്റുകളുടെ എണ്ണം കുറയാൻ കാരണമാകും. ദീർഘകാല നിക്ഷേപകർക്ക് ഇക്വിറ്റി തന്നെയാണ് മികച്ചത്.

ഡൈവേഴ്സിഫിക്കേഷൻ: പോർട്ട്ഫോളിയോയിൽ ഒന്നിലധികം ഫണ്ടുകൾ ഉൾപ്പെടുത്തുന്നത് (Diversification) റിസ്ക് കുറയ്ക്കാൻ സഹായിക്കും. ഒരേ സ്റ്റോക്കുകൾ തന്നെ പല ഫണ്ടുകളിലും വരുമെങ്കിലും (Overlapping), ഓരോ ഫണ്ട് മാനേജറും അത് കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമായിരിക്കും. അതിനാൽ ഫണ്ട് മാനേജർമാരുടെ കഴിവിൽ വിശ്വസിച്ച് നിക്ഷേപം തുടരുന്നതാണ് ബുദ്ധി.

വിപണിയിലെ താൽക്കാലിക ഇടിവുകൾ കണ്ട് നിക്ഷേപം അവസാനിപ്പിക്കാതെ, ഒരു ഫൈനാൻഷ്യൽ അഡ്വൈസറുടെ സഹായത്തോടെ അച്ചടക്കത്തോടെ മുന്നോട്ട് പോകുന്നവരാണ് ദീർഘകാലാടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കുന്നത്. 2024 സെപ്റ്റംബറിലെ പീക്കിന് ശേഷം വിപണിയിൽ വലിയൊരു മുന്നേറ്റം ഇല്ലാത്തത് വ്യക്തിഗത നിക്ഷേപകർക്ക് ബുദ്ധിമുട്ടുണ്ടാക്കാമെങ്കിലും, ക്ഷമയോടെയുള്ള കാത്തിരിപ്പാണ് ഇപ്പോഴത്തെ ആവശ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT