അസറ്റ് മാനേജ്മെന്റ് കമ്പനിയിൽ (AMC) നിന്നും ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് ഡയറക്ട് മ്യൂച്വൽ ഫണ്ടുകൾ എന്നറിയപ്പെടുന്നത്. അതേസമയം ബ്രോക്കർ/ഡിസ്ട്രിബ്യൂട്ടർ പോലെയുള്ള ഏജന്റുമാർ മുഖേന വാങ്ങുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളെയാണ് റെഗുലർ മ്യൂച്വൽ ഫണ്ടുകൾ എന്ന് വിശേഷിപ്പിക്കുന്നത്.
അതേസമയം ഇടനിലക്കാർ വഴി വാങ്ങുന്ന മ്യൂച്വൽ ഫണ്ടുകളിൽ ഏജന്റ് കമ്മീഷനും കൂടി നൽകേണ്ടതിനാൽ റെഗുലർ മ്യൂച്വൽ ഫണ്ടുകളിന്മേലുള്ള ചെലവ് (എക്സ്പെൻസ് റേഷ്യോ) ശരാശരി 0.5% മുതൽ 1.5% വരെ കൂടുതലായിരിക്കും. ഒറ്റനോട്ടത്തിൽ ഡയറക്ട് പ്ലാനിലേയും റെഗുലർ പ്ലാനിലേയും എക്സ്പെൻസ് റേഷോയിലുള്ള ഈ വ്യത്യാസം വളരെ ചെറുതല്ലേ എന്ന് തോന്നാമെങ്കിലും 10 വർഷത്തിന് മുകളിലുള്ള ദീർഘമായ കാലയളവിൽ സമ്മാനിക്കപ്പെടുന്ന സമ്പാദ്യത്തിൽ ലക്ഷങ്ങളുടെ കുറവ് സൃഷ്ടിക്കാമെന്നതാണ് വസ്തുത.
റെഗുലർ പ്ലാനിലാണെങ്കിലും ഡയറക്ട് പ്ലാനിലാണെങ്കിലും ഒരേ മ്യൂച്വൽ ഫണ്ട് സ്കീമിന് കീഴിലാണെങ്കിൽ, നിക്ഷേപിക്കപ്പെടുന്ന ഓഹരികൾക്കും അതെല്ലാം കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജറിനും മാറ്റമുണ്ടാകില്ല. അതായത് ഫണ്ടിന് കീഴിലുള്ള പോർട്ട്ഫോളിയോ ഒന്ന് തന്നെയാണ്. എന്നാൽ ഇടനിലക്കാർ മുഖാന്തിരം പരിപാലനത്തിനായി വരുന്ന ചെലവ് ഇനത്തിൽ അഥവാ രണ്ട് വിഭാഗത്തിന്റേയും എക്സ്പെൻസ് റേഷ്യോയിൽ വ്യത്യാസമുണ്ടാകും. ഇത് വാർഷികമായി ലഭിക്കുന്ന ആദായത്തിൽ നിന്നാകും തട്ടിക്കിഴിക്കുക. ഇങ്ങനെ ചെറിയ അളവിലാണെങ്കിലും തുടർച്ചയായി ദീർഘമായ കാലയളവിനിടെ ചെലവ് ഇനത്തിൽ നഷ്ടമാകുമ്പോഴാണ് റെഗുലർ - ഡയറക്ട് പ്ലാനുകൾക്ക് ഒടുവിൽ ലഭ്യമാകുന്ന സമ്പാദ്യത്തിൽ ലക്ഷങ്ങളുടെ വ്യത്യാസം ഉണ്ടാകുന്നത്.
ഉദാഹരണത്തിന്, ഒരേ മ്യൂച്വൽ ഫണ്ട് സ്കീമിന്റെ റെഗുലർ - ഡയറക്ട് പ്ലാനുകളുടെ എക്സ്പെൻസ് റേഷ്യോയിൽ 1% വ്യത്യാസമുണ്ടെന്ന് കരുതുക. എങ്കിൽ...
വലിയ തുകയായുള്ള നിക്ഷേപം (Lump sum):
10 ലക്ഷം രൂപ 20 വർഷത്തേക്ക് നിക്ഷേപിച്ച ഡയറക്ട് പ്ലാനിൽ, 12% വാർഷിക ആദായ നിരക്കിൽ 96.46 ലക്ഷം രൂപയാകും ഒടുവിൽ തിരികെ ലഭിക്കുക.
10 ലക്ഷം രൂപ 20 വർഷത്തേക്ക് നിക്ഷേപിച്ച റെഗുലർ പ്ലാനിൽ, 11% വാർഷിക ആദായ നിരക്കിൽ 80.62 ലക്ഷം രൂപയാകും ഒടുവിൽ തിരികെ ലഭിക്കും.
വ്യത്യാസം: ഏകദേശം 16 ലക്ഷം രൂപ.
എസ്.ഐ.പി നിക്ഷേപ ശൈലിയിൽ
പ്രതിമാസം 10,000 രൂപ വീതം 20 വർഷത്തേക്ക് നിക്ഷേപിക്കുന്ന ഡയറക്ട് പ്ലാനിൽ 99.91 ലക്ഷം രൂപയാകും ഒടുവിൽ തിരികെ ലഭിക്കുക.
പ്രതിമാസം 10,000 രൂപ വീതം 20 വർഷത്തേക്ക് നിക്ഷേപിക്കുന്ന റെഗുലർ പ്ലാനിൽ 87.35 ലക്ഷം രൂപയാകും ഒടുവിൽ തിരികെ ലഭിക്കുക.
വ്യത്യാസം: ഏകദേശം 12 ലക്ഷം രൂപ.
മിക്ക മ്യൂച്വൽ ഫണ്ട് സ്കീമുകളുടേയും ഡയറക്ട് പ്ലാനിലും റെഗുലർ പ്ലാനിലും എക്സ്പെൻസ് റേഷ്യോയിൽ വരുന്ന വ്യത്യാസം 0.4% മുതൽ 0.6% വരെ മാത്രമാണ്. എല്ലായ്പ്പോഴും 1% വ്യത്യാസം ഉണ്ടാകണമെന്നില്ല. അതേസമയം മ്യൂച്വൽ ഫണ്ട് സ്കീമിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാനും വിലയിരുത്താനും ആവശ്യമുള്ളപ്പോൾ റിബാലൻസ് ചെയ്യാനുമെല്ലാം സ്വന്തം നിലയിൽ കഴിയുന്ന നിക്ഷേപകർക്ക് ഡയറക്ട് പ്ലാൻ സ്വീകരിക്കുന്നതാകും ഉചിതം. എന്നാൽ പ്രൊഷണൽ മാർഗനിർദേശവും പിന്തുണയും നിക്ഷേപത്തിൽ അച്ചടക്കം നിലനിർത്താൻ പ്രേരണയും വേണമെങ്കിൽ റെഗുലർ പ്ലാൻ തെരഞ്ഞെടുക്കുന്നതാകും ഉചിതം.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. മ്യൂച്വൽ ഫണ്ട് നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ ഫണ്ടിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine