സോവറിന്‍ ഗോള്‍ഡ് ബോണ്ട് (SGB) നിക്ഷേപകരെ ആശങ്കയിലാക്കി കേന്ദ്ര ബജറ്റില്‍ നികുതി പരിഷ്‌കാരം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി ബോണ്ടുകള്‍ വാങ്ങുന്നവര്‍ക്ക് ലഭിച്ചിരുന്ന മൂലധന നേട്ട നികുതി (Capital Gains Tax) ഇളവ് നിര്‍ത്തലാക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശിച്ചു. ഇതോടെ, നേരിട്ട് സബ്സ്‌ക്രിപ്ഷന്‍ എടുക്കാതെ രണ്ടാമത് ഒരാളില്‍ നിന്ന് ബോണ്ട് വാങ്ങുന്നവര്‍ കാലാവധി പൂര്‍ത്തിയായാലും നികുതി നല്‍കേണ്ടി വരും.
വര്‍ഷങ്ങളായി ഇന്ത്യയിലെ ഏറ്റവും മികച്ച നികുതി ലാഭ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. നിലവിലെ നിയമപ്രകാരം, സോവറിന്‍ ഗോള്‍ഡ് ബോണ്ട് കാലാവധി വരെ (8 വര്‍ഷം) കൈവശം വെച്ചാല്‍ ലഭിക്കുന്ന ലാഭത്തിന് നികുതി നല്‍കേണ്ടതില്ലായിരുന്നു. ബോണ്ട് നേരിട്ട് അപേക്ഷിച്ചു വാങ്ങിയതാണോ അതോ ഓഹരി വിപണി വഴി വാങ്ങിയതാണോ എന്നത് ഈ ഇളവിന് തടസമായിരുന്നില്ല. എന്നാല്‍ 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമപ്രകാരം ബോണ്ട് പുറത്തിറക്കുമ്പോള്‍ നേരിട്ട് അപേക്ഷിച്ചു വാങ്ങുകയും കാലാവധി വരെ കൈവശം വെക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രം നികുതി ഇളവ് തുടരും.
സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി 'സെക്കന്‍ഡ് ഹാന്‍ഡ്' ആയി ബോണ്ട് വാങ്ങുന്നവര്‍ക്ക് കാലാവധി പൂര്‍ത്തിയായാലും മൂലധന നേട്ട നികുതി നല്‍കേണ്ടി വരും.
സര്‍ക്കാര്‍ പുതിയ ഗോള്‍ഡ് ബോണ്ട് ഇഷ്യൂകള്‍ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍, പല നിക്ഷേപകരും നിലവില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയാണ് എസ്.ജി.ബിയില്‍ നിക്ഷേപം നടത്തുന്നത്. പുതിയ തീരുമാനം ഇത്തരക്കാരെ സാരമായി ബാധിക്കും. കൂടാതെ, വിപണിയിലെ എസ്.ജി.ബികളുടെ ലിക്വിഡിറ്റി കുറയാനും ഇത് കാരണമായേക്കാം.
സ്വര്‍ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ എസ്.ജി.ബികള്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകുന്നുണ്ട്. കുറഞ്ഞ ചെലവില്‍ പണം കണ്ടെത്താനുള്ള മറ്റ് വഴികള്‍ തേടുന്നതിന്റെ ഭാഗമായാണ് ഈ നികുതി ഇളവ് പിന്‍വലിക്കുന്നത്. എന്നിരുന്നാലും, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് യഥാര്‍ത്ഥ നിക്ഷേപകര്‍ നികുതി നല്‍കേണ്ടതില്ല എന്നത് ആശ്വാസകരമാണ്.
സെക്കന്‍ഡറി മാര്‍ക്കറ്റിലൂടെ ബോണ്ട് വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ഏപ്രില്‍ ഒന്നിന് മുന്‍പായി വാങ്ങിയാല്‍ നികുതി ലാഭിക്കാനാകും.
Read DhanamOnline in English
Subscribe to Dhanam Magazine