ജീവനക്കാർ ഇപിഎഫ് (EPF) അക്കൗണ്ടിൽ ലോഗിൻ ചെയ്യുമ്പോൾ ബാലൻസ് തുക കാണിക്കാതിരിക്കുന്നത് പലരെയും ആശങ്കപ്പെടുത്താറുണ്ട്. എന്നാൽ ഇത്തരത്തിൽ ബാലൻസ് കാണിക്കാത്തത് അക്കൗണ്ടിൽ തട്ടിപ്പ് നടന്നതുകൊണ്ടോ പണം നഷ്ടപ്പെട്ടതുകൊണ്ടോ ആകണമെന്നില്ല. ഇതിന് പിന്നിൽ സാധാരണയായി ചില സാങ്കേതിക അല്ലെങ്കിൽ പ്രോസസിംഗ് കാരണങ്ങളാകും ഉണ്ടാകുക.
തൊഴിലുടമയുടെ വിഹിതം അപ്‌ഡേറ്റ് ചെയ്യുന്നതിലെ വൈകൽ: തൊഴിലുടമകൾ മാസാമാസം പിഎഫ് വിഹിതം അടയ്ക്കാറുണ്ടെങ്കിലും, അത് അക്കൗണ്ടിൽ പൂർണമായി കാണാൻ ഏതാനും ദിവസങ്ങൾ മുതൽ 2-3 ആഴ്ച വരെ സമയമെടുത്തേക്കാം. ഇലക്ട്രോണിക് ചലാൻ സമർപ്പിച്ച ശേഷമാണെങ്കിൽ 7 മുതൽ 10 പ്രവൃത്തിദിനങ്ങൾ വരെ കാത്തിരുന്ന് വീണ്ടും പരിശോധിക്കുക.
തെറ്റായ UAN ബന്ധിപ്പിക്കൽ: പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ നിലവിലുള്ള UAN ലിങ്ക് ചെയ്യുന്നതിന് പകരം തൊഴിലുടമ പുതിയ UAN നൽകിയാൽ പഴയ പോർട്ടലിൽ ബാലൻസ് കാണിക്കില്ല.
അംഗീകരിക്കപ്പെടാത്ത കെ.വൈ.സി (KYC): ആധാർ, പാൻ, ബാങ്ക് വിവരങ്ങൾ കൃത്യമായി പരിശോധിച്ചുറപ്പിച്ചില്ലെങ്കിൽ ബാലൻസ് കാണുന്നതിൽ തടസം നേരിടാം. ഇത് തൊഴിലുടമ മുഖേന അപ്‌റൂവ് ചെയ്യേണ്ടതുണ്ട്.
വ്യക്തിഗത വിവരങ്ങളിലെ വ്യത്യാസം: പേര്, ജനനത്തീയതി എന്നിവയിൽ ആധാറും ഇപിഎഫ് രേഖകളും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ജോയിന്റ് ഡിക്ലറേഷൻ ഫോം നൽകേണ്ടി വരും.
സാങ്കേതിക തകരാറുകൾ: ഇപിഎഫ്ഒ (EPFO) വെബ്‌സൈറ്റിലെ സെർവർ അറ്റകുറ്റപ്പണികളും സിസ്റ്റം മൈഗ്രേഷനും കാരണം താത്കാലികമായി വിവരങ്ങൾ ദൃശ്യമാകാതിരിക്കാം.
ശമ്പളത്തിൽ നിന്ന് പിഎഫ് തുക പിടിച്ചിട്ടും കമ്പനി ഇപിഎഫ്ഒയിൽ അടയ്ക്കാതിരിക്കുക, തുടർച്ചയായി മാസങ്ങളോളം വിഹിതം കാണാതിരിക്കുക, ജോലിയിലായിരുന്നിട്ടും മെമ്പർ ഐഡി ബന്ധിപ്പിക്കാതിരിക്കുക, ബാലൻസ് ലഭ്യമല്ലെന്ന കാരണത്താൽ ക്ലെയിമുകൾ നിരസിക്കപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ വിഷയം ഗൗരവമായി എടുക്കണം.
ഇത്തരം സാഹചര്യങ്ങളിൽ ആദ്യം കമ്പനിയുടെ എച്ച്.ആറുമായി ബന്ധപ്പെടുക. അതിൽ തൃപ്തികരമായ പരിഹാരം ലഭിച്ചില്ലെങ്കിൽ ഇപിഎഫ്ഒയുടെ epfigms.gov.in എന്ന ഗ്രീവൻസ് പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine