മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി പ്രൊവിഡന്റ് ഫണ്ട് (PF) നിക്ഷേപം പിൻവലിക്കരുതെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ജീവനക്കാർക്ക് അടുത്തിടെ നിർദേശം നൽകുകയിരുന്നു. വിരമിക്കൽ ആസൂത്രണത്തിന്റെ അടിത്തറയായി ഇപിഎഫ് തന്നെ തുടരണമെന്ന് പറയുന്നതിനുളള പ്രധാന കാരണങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
സാമൂഹിക സുരക്ഷയും ഉറപ്പുള്ള ആദായവും: കേവലം ഒരു സമ്പാദ്യ പദ്ധതിയല്ല ഇപിഎഫ്, മറിച്ച് വിരമിക്കൽ കാലത്തെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഒരു നിയമപരമായ സാമൂഹിക സുരക്ഷാ പദ്ധതിയാണിത്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് വ്യത്യസ്തമായി, സർക്കാർ ഓരോ വർഷവും നിശ്ചയിക്കുന്ന സുസ്ഥിരമായ പലിശ നിരക്ക് ഇപിഎഫ് വാഗ്ദാനം ചെയ്യുന്നു.
കൂട്ടുത്തരവാദിത്തം: ഇപിഎഫ് പദ്ധതിയിൽ ജീവനക്കാരനും തൊഴിലുടമയും ഒരുപോലെ വിഹിതം അടയ്ക്കുന്നു, ഇത് വലിയൊരു തുക ശേഖരിക്കാൻ നിക്ഷേപകനെ സഹായിക്കുന്നു. എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപകൻ തനിയെ വേണം പണം കണ്ടെത്താൻ.
പെൻഷനും ഇൻഷുറൻസും: വിരമിക്കൽ കാലത്തെ സമ്പാദ്യത്തിന് പുറമെ, ആജീവനാന്ത പെൻഷൻ (EPS), ഏഴ് ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷ (EDLI) എന്നിവയും ഇപിഎഫ് അംഗങ്ങൾക്ക് ലഭിക്കുന്നു. അംഗത്തിന്റെ മരണമുണ്ടായാൽ കുടുംബത്തിന് ഇൻഷുറൻസ് സഹായവും പെൻഷനും നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കും.
നികുതി ആനുകൂല്യങ്ങൾ: ഇപിഎഫ് നിക്ഷേപം, അതിന് ലഭിക്കുന്ന പലിശ, പണം പിൻവലിക്കൽ എന്നിവയെല്ലാം നിലവിലെ നിയമമനുസരിച്ച് പൂർണമായും നികുതി രഹിതമാണ്.
സമ്പത്ത് വർദ്ധിപ്പിക്കാൻ മ്യൂച്വൽ ഫണ്ടുകൾ സഹായിക്കുമെങ്കിലും, അവ ഇപിഎഫിന് ഒരു പകരക്കാരനല്ലെന്നും, നിക്ഷേപം കാലാവധിക്ക് മുൻപ് പിൻവലിക്കുന്നത് വിരമിക്കൽ സുരക്ഷയെ ദുർബലമാക്കുമെന്നും ഇപിഎഫ്ഒ വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine