പ്രതീകാത്മക ചിത്രം Image Courtesy: Canva/epfindia.gov.in
Personal Finance

EPF ശമ്പള പരിധി ₹25,000 ആയി ഉയർത്തി; സ്വകാര്യ മേഖലയിലെ 51 ലക്ഷം ജീവനക്കാർക്ക് നേട്ടം

ഇ.പി.എഫ് പദ്ധതിയുടെ നിർബന്ധിത അടിസ്ഥാന വരുമാന പരിധി ഉയർത്തിയ തീരുമാനം ജീവനക്കാരുടെ ഹ്രസ്വകാല, ദീർഘകാല സാമ്പത്തിക ആസൂത്രണങ്ങളെ ഒരുപോലെ സ്വാധീനിക്കുന്ന നടപടിയാണ്

Dhanam News Desk

കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ ഇ.പി.എഫ് ശമ്പള പരിധി 12 വർഷത്തിന് ശേഷം 25,000 രൂപയായി ഉയർത്തി. ഇതോടെ 15,001 മുതൽ 25,000 രൂപ വരെയുള്ള ശമ്പളമുള്ള ജീവനക്കാരും നിർബന്ധിതമായി പദ്ധതിയിൽ ഉൾപ്പെടും. ഇതുവഴി അവരുടെ കൈവശം കിട്ടുന്ന ശമ്പളം കുറയുമെങ്കിലും, പെൻഷൻ തുകയും ദീർഘകാല വിരമിക്കൽ സമ്പാദ്യവും വർധിക്കുമെന്നത് സുരക്ഷിതത്വമേകും. സർക്കാരിന് പ്രതിവർഷം 11,339 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത നേരിടണം.

സം​ഘടിത സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ദീ‌ർഘകാലസമ്പാദ്യ പദ്ധതിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF), എംപ്ലോയീസ് പെൻഷൻ സ്കീം (EPS) എന്നിവയിൽ അംഗങ്ങളാകുന്നതിനുള്ള നിർബന്ധിത പ്രതിമാസ ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി നിശ്ചയിച്ചു. കേന്ദ്ര തൊഴിൽ-ക്ഷേമ മന്ത്രാലയം സമർപ്പിച്ചിരുന്ന നിർദേശത്തിന് ഇന്ന് (സെപ്റ്റംബർ 16) ചേർന്ന കേന്ദ്ര മന്ത്രിസഭാ യോ​ഗത്തിൽ അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് നടപടി.

12 വർഷങ്ങൾക്ക് ശേഷമാണ് ഇ.പി.എഫ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള അടിസ്ഥാന വേതന പരിധിയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകുന്നത്. ഇതോടെ രാജ്യത്തെ 51 ലക്ഷത്തോളം തൊഴിലാളികൾക്ക് പുതിയതായി ഇ.പി.എഫ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സർക്കാരിന് പ്രതിവർഷം 11,339 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് ഇത് വഴി ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.

നിയമപരമായ മാറ്റങ്ങളും തുക കണക്കാക്കുന്ന രീതിയും

നിലവിലെ ചട്ടപ്രകാരം അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും (Basic + DA) ചേർത്ത് പ്രതിമാസം 15,000 രൂപ വരെ വരുമാനമുള്ള തൊഴിലാളികൾക്ക് ഇ.പി.എഫ് അക്കൗണ്ട് നിർബന്ധമാണ്. പുതിയ വിജ്ഞാപനം പ്രാബല്യത്തിലാകുന്നതോടെ 25,000 രൂപ വരെ പ്രതിമാസ ശമ്പളമുള്ളവരും ഇനി ഇ.പി.എഫ് പരിധിയിൽ വരും.

തൊഴിലാളിയും തൊഴിലുടമയും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വീതമാണ് ഇ.പി.എഫിലേക്ക് സംഭാവന ചെയ്യുന്നത്. പുതിയ വ്യവസ്ഥ നിലവിൽ വരുമ്പോൾ വിഹിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ:

  • നിലവിലെ രീതി: 15,000 രൂപയുടെ 12% = പ്രതിമാസം 1,800 രൂപ.

  • പുതിയ രീതി: 25,000 രൂപയുടെ 12% = പ്രതിമാസം 3,000 രൂപ.

അതായത് അടിസ്ഥാന വരുമാന പരിധി 25,000 രൂപയാക്കി ഉയർത്തുന്ന പുതിയ സർക്കാർ നിർദ്ദേശം നടപ്പിലാകുന്നതോടെ, തൊഴിലാളിയുടെ വിഹിതത്തിൽ നിന്നും തൊഴിലുടമയുടെ വിഹിതത്തിൽ നിന്നും 1,200 രൂപ വീതം (ആകെ 2,400 രൂപ) അധികമായി പ്രതിമാസം ഇ.പി.എഫ് അക്കൗണ്ടിലേക്ക് എത്തും. വാർഷികമായി 28,800 രൂപ കൂടുതലായി ഇ.പി.എഫ് സമ്പാദ്യത്തിലേക്ക് വരുമെന്ന് സാരം.

കയ്യിൽ കിട്ടുന്ന ശമ്പളവും ഭാവി സുരക്ഷിതത്വവും

ഇ.പി.എഫ് പദ്ധതിയിൽ അം​ഗങ്ങളാകുന്നതിനുള്ള നിർബന്ധിത അടിസ്ഥാന വരുമാന പരിധി ഉയർത്തിയ തീരുമാനം തൊഴിലാളികളുടെ/ജീവനക്കാരുടെ ഹ്രസ്വകാല, ദീർഘകാല സാമ്പത്തിക ആസൂത്രണങ്ങളെ ഒരുപോലെ സ്വാധീനിക്കുന്നതാണ്.

  • കയ്യിൽ കിട്ടുന്ന ശമ്പളം: അടിസ്ഥാന ശമ്പളം 15,001 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിലുള്ള, ഇതുവരെ ഇ.പി.എഫ് പരിധിയിൽ വരാത്ത ജീവനക്കാരുടെ പ്രതിമാസം കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ (Take-home Pay) കുറവുണ്ടാകും. ശമ്പളത്തിൽ നിന്ന് കൂടുതൽ തുക പി.എഫിലേക്ക് പിടിക്കുന്നതാണ് ഇതിന് കാരണം.

  • വിരമിക്കൽ സമ്പാദ്യം: മാസം തോറുമുള്ള വിഹിതം ഉയരുന്നത് ജീവനക്കാരുടെ പെൻഷൻ തുക വർധിപ്പിക്കാൻ സഹായിക്കും. വിരമിക്കൽ കാലയളവിൽ കൂടുതൽ വലിയൊരു തുക (Retirement Savings) സ്വന്തമാക്കാനും ഇത് വഴിയൊരുക്കുന്നു.

ഇ.പി.എഫ് വേതന പരിധി മാറ്റം: ഒറ്റനോട്ടത്തിൽ

  • വേതന പരിധി --------► 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി.

  • പെൻഷൻ വിഹിതം (Max) --------► 1,800 രൂപയിൽ നിന്ന് 3,000 രൂപയായി ഉയരും.

  • ഗുണഭോക്താക്കൾ --------► 51 ലക്ഷം തൊഴിലാളികൾ.

  • അധിക സാമ്പത്തിക ബാധ്യത --------► 11,339 കോടി രൂപ (കേന്ദ്ര സർക്കാരിന്).

കമ്പനികൾക്കും സർക്കാരിനും വരുന്ന മാറ്റങ്ങൾ

തൊഴിലുടമകളെ സംബന്ധിച്ച് ഇ.പി.എഫ് അടിസ്ഥാന വരുമാന പരിധിക്ക് കീഴിൽ വരുന്ന ജീവനക്കാരുടെ പെൻഷൻ വിഹിതം വർധിക്കുന്നത് കമ്പനികളുടെ സാമ്പത്തിക ചെലവ് ഉയർത്തുന്ന നടപടിയാണ്. പുതിയ വേതന പരിധി നിലവിൽ വരുന്ന തീയതി, ശമ്പള ഘടനയിലെ മാറ്റങ്ങൾ എന്നിവ സംബന്ധിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് അറിയിപ്പ്. പുതിയ ഭേദഗതി പൂർണമായി നടപ്പിലാകുന്നതോടെ എച്ച്.ആർ, പേറോൾ വിഭാഗങ്ങൾക്ക് ജീവനക്കാരുടെ ശമ്പള ഘടന പുനഃക്രമീകരിക്കേണ്ടി വരുന്നതായിരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT