തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO), ഉപഭോക്താക്കൾക്കായി 'EPFO 3.0' എന്ന പേരിൽ വലിയൊരു ഡിജിറ്റൽ നവീകരണത്തിന് ഒരുങ്ങുകയാണ്. പേപ്പർ രഹിതമായ ഇടപാടുകളും വേഗത്തിലുള്ള പണം പിൻവലിക്കലും ലക്ഷ്യമിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഈ പുതിയ സംവിധാനത്തിൽ യുപിഐ (UPI), യുപിഐ അധിഷ്ഠിത എടിഎമ്മുകൾ എന്നിവ വഴി പി.എഫ് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കും. ഇതോടെ അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിലെ കാലതാമസവും കടലാസ് ജോലികളും ഗണ്യമായി കുറയും. പി.എഫ് തുകയുടെ 100 ശതമാനം പിൻവലിക്കാൻ ആഗ്രഹിക്കുന്നവർ പുതിയ നിയമങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരു നിശ്ചിത സമയത്ത് അക്കൗണ്ടിലുള്ള തുകയുടെ 50 മുതൽ 75 ശതമാനം വരെ മാത്രമേ അംഗങ്ങള്‍ക്ക് പിൻവലിക്കാൻ സാധിക്കൂ. അക്കൗണ്ടിലെ ആകെ നിക്ഷേപത്തിന്റെ കുറഞ്ഞത് 25 ശതമാനം തുക എപ്പോഴും നിർബന്ധമായും അക്കൗണ്ടിൽ നിലനിർത്തേണ്ടതുണ്ട്. അതായത്, നിലവിലെ നിയമം അനുസരിച്ച് മുഴുവൻ തുകയും (100%) പിൻവലിക്കാൻ സാധിക്കില്ല.
അതേസമയം, അടിയന്തര ആവശ്യങ്ങൾക്കുള്ള 'ഓട്ടോ സെറ്റിൽമെന്റ്' (Auto-settlement) പരിധിയിൽ വലിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്. വിവാഹം, വിദ്യാഭ്യാസം, മെഡിക്കൽ ചികിത്സ, വീട് നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി മുൻപ് ഒരു ലക്ഷം രൂപ വരെയാണ് പെട്ടെന്ന് ലഭിച്ചിരുന്നതെങ്കിൽ, പുതിയ നിയമം വഴി ഇത് 5 ലക്ഷം രൂപയായി ഉയർത്തി. അപേക്ഷ നൽകി മൂന്ന് ദിവസത്തിനുള്ളിൽ ഈ തുക അക്കൗണ്ടിലെത്തും.
പദ്ധതിയുടെ പരീക്ഷണങ്ങൾ (Testing) പൂർത്തിയായതായും ഉടൻ തന്നെ ഇത് രാജ്യവ്യാപകമായി ലഭ്യമാകുമെന്നും കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. ലിങ്ക് ചെയ്ത യുപിഐ പിൻ ഉപയോഗിച്ച് സുരക്ഷിതമായ രീതിയിലായിരിക്കും ഈ ഇടപാടുകൾ നടക്കുക. ഏകദേശം ഏഴ് കോടിയിലധികം പി.എഫ് വരിക്കാർക്ക് ഈ പുതിയ മാറ്റങ്ങൾ ഗുണകരമാകും.
Read DhanamOnline in English
Subscribe to Dhanam Magazine