Personal Finance

എടിഎമ്മുകളിൽ നിന്ന് പി.എഫ് തുക പിൻവലിക്കാം, വേഗത്തിലുളള സേവനം, ഇ.പി.എഫ്.ഒ 3.0 എത്തുന്നു

അംഗങ്ങള്‍ക്ക് ഫണ്ട് മാനേജ്‌മെന്റ് കൂടുതൽ സൗകര്യപ്രദമാകും

Dhanam News Desk

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) അതിന്റെ ഏറ്റവും പുതിയ പതിപ്പായ ഇപിഎഫ്ഒ 3.0 പുറത്തിറക്കാൻ ഒരുങ്ങുന്നു. അംഗങ്ങള്‍ക്ക് ഫണ്ട് മാനേജ്‌മെന്റ് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് പുതിയ പതിപ്പ്. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പുതിയ പതിപ്പ് തയാറാകുന്നതായി പ്രഖ്യാപിച്ചത്.

എടിഎമ്മുകളില്‍ നിന്ന് പണം പിൻവലിക്കാം, ബാങ്ക് പോലെയുളള ഇപിഎഫ്ഒ യുടെ പ്രവർത്തനം, പെട്ടന്നുളള വേഗത്തിലുളള സേവനങ്ങള്‍, വിരമിച്ചവർക്കായി മെച്ചപ്പെടുത്തിയ സൗകര്യങ്ങള്‍, എപ്പോൾ വേണമെങ്കിലും ഫണ്ട് പിൻവലിക്കാനുളള സൗകര്യം തുടങ്ങിയവയാണ് ഇപിഎഫ്ഒ 3.0 യുടെ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍.

പ്രത്യേകതകള്‍

ഇപിഎഫ്ഒ 3.0 ലെ പ്രധാന മാറ്റങ്ങളിലൊന്ന് വരിക്കാര്‍ക്ക് എടിഎമ്മുകളിൽ നിന്ന് നേരിട്ട് പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കാൻ കഴിയും എന്നതാണ്. അംഗങ്ങള്‍ക്ക് ഇനി മുതൽ ഇപിഎഫ്ഒ ഓഫീസുകൾ സന്ദർശിക്കേണ്ട സാഹചര്യം ഉണ്ടാകില്ല.

പുതിയ പതിപ്പ് ഒരു ബാങ്കിംഗ് സേവനത്തിന് സമാനമായാണ് പ്രവർത്തിക്കുക. യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ (യു.എ.എൻ) ഉപയോഗിച്ച് വരിക്കാർക്ക് വിവിധ ഇടപാടുകൾ വേഗത്തിലും എളുപ്പത്തിലും തടസമില്ലാതെയും നടത്താൻ കഴിയും.

പുതുക്കിയ സംവിധാനം പെൻഷൻകാർക്ക് ഏത് ബാങ്കിൽ നിന്നും പണം പിൻവലിക്കാനുളള സാഹചര്യം ഒരുക്കും. വിരമിച്ചവർക്ക് കൂടുതല്‍ സൗകര്യപ്രദമായ നടപടിയായിരിക്കും ഇത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT