ആഗോള ടെക് മേഖലയിലുടനീളം ഈ വര്‍ഷം പിരിച്ചുവിടലുകൾ ശക്തമായി തുടരുകയാണ്. ട്രൂഅപ്പ് (TrueUp) ട്രാക്കർ വിവരങ്ങൾ പ്രകാരം 2026 നവംബർ 22 വരെയുള്ള കണക്കനുസരിച്ച് 742 സംഭവങ്ങളിലായി 2 ലക്ഷത്തിലധികം (2,09,841) ടെക് ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഈ വർഷം പ്രതിദിനം ശരാശരി 642 പേർക്ക് ജോലി നഷ്ടമായി, 2025-ൽ ഇത് പ്രതിദിനം 579 ആയിരുന്നു. മാർച്ച് മാസത്തിലാണ് ഏറ്റവും കൂടുതൽ പിരിച്ചുവിടലുകൾ നടന്നത് (50,404 പേർ), മെയ് മാസത്തിൽ 34,684 പേർക്കും ജനുവരിയിൽ 27,523 പേർക്കും ജോലി നഷ്ടപ്പെട്ടു. നവംബറിൽ മാത്രം 59 സംഭവങ്ങളിലായി 10,596 പിരിച്ചുവിടലുകൾ രേഖപ്പെടുത്തി. നിലവിലെ വേഗത തുടർന്നാൽ ഈ വർഷം തൊഴിൽ നഷ്ടപ്പെടുന്നവരുടെ ആകെ എണ്ണം 2,34,000 അടുത്തെത്തിയേക്കാം.
ഇത്തരം സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) നിർദ്ദേശിച്ചിരിക്കുന്ന പുതിയ സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവൽ പദ്ധതി (SWP) വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്. ഈ പദ്ധതി പ്രകാരം അർഹരായ വിരമിക്കുന്ന അംഗങ്ങൾക്ക് തങ്ങളുടെ പി.എഫ് സമ്പാദ്യം മാസം തോറുമോ മൂന്ന് മാസത്തിലോ ആറ് മാസത്തിലൊരിക്കലോ ക്രമമായ ഗഡുക്കളായി കൈപ്പറ്റാം. ബാക്കി തുകയ്ക്ക് നിലവിലുള്ള ഇ.പി.എഫ് നിരക്കിൽ പലിശ ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ആദ്യ തുകയായി (Lump-sum) ഒരു ഭാഗം പിൻവലിച്ച ശേഷം ബാക്കി തുക ഗഡുക്കളാക്കുകയോ, പലിശ തുക മാത്രം പിൻവലിക്കുകയോ ചെയ്യാവുന്നതാണ്.
തൊഴിൽ രഹിതരായ ജീവനക്കാർക്ക് ഈ പദ്ധതി ഉടനടി ലഭ്യമാകില്ലെന്നും, ഇത് പ്രധാനമായും വിരമിക്കുന്ന അംഗങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് ഇ.പി.എഫ്.ഒ നിലവില്‍ അറിയിച്ചിരിക്കുന്നത്. SWP തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്കുള്ള ആശ്വാസ പദ്ധതി അല്ല. വിരമിക്കുന്ന EPF അംഗങ്ങൾക്കായി കാലാകാലങ്ങളില്‍ വിരമിക്കൽ പേയ്‌മെന്റ് നൽകുന്നതിനുള്ള സംവിധാനമാണ്. തൊഴിൽ നഷ്ടപ്പെട്ടവർക്ക് പിഎഫ് തുക പൂർണമായും പിൻവലിക്കുന്നത് സംബന്ധിച്ച കാത്തിരിപ്പ് കാലയളവ് വ്യവസ്ഥ വേറെയാണ്, EPFO ബോര്‍ഡ് അത് 12 മാസത്തിൽ നിന്ന് 2 മാസമാക്കി കുറയ്ക്കാനും അംഗീകാരം നൽകിയിട്ടുണ്ട്.
55 വയസോ അതിൽ കൂടുതലോ പ്രായമുള്ളതും 5 ലക്ഷം രൂപയില്‍ കൂടുതൽ പി.എഫ് സമ്പാദ്യമുള്ളതുമായ ഏകദേശം 6.32 ലക്ഷം അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരത്തിനും വിജ്ഞാപനത്തിനും ശേഷം രണ്ട് മാസത്തിനുള്ളിൽ പദ്ധതി നിലവിൽ വരാനാണ് സാധ്യത. 8 കോടിയിലധികം സജീവ അംഗങ്ങളുള്ള ഇ.പി.എഫ്.ഒ ആകെ 32 ലക്ഷം കോടിയോളം രൂപയുടെ ഫണ്ട് മാനേജ് ചെയ്യുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine