പ്രതീകാത്മക ചിത്രം (Image Courtesy: Canva/epfindia.gov.in) 
Personal Finance

ഇപിഎസ് മിനിമം പെൻഷൻ ₹1,000-ൽ നിന്ന് ₹7,500 ആയി ഉയരുമോ? കേന്ദ്ര സർക്കാരിന്റെ മറുപടി ഇതാണ്

മാർച്ച് 31-ലെ കണക്കനുസരിച്ച് രാജ്യത്ത് 85,84,604 ഇപിഎസ് പെൻഷൻ ഗുണഭോക്താക്കളുണ്ട്

Dhanam News Desk

എംപ്ലോയീസ് പെൻഷൻ സ്കീം (EPS-95) പ്രകാരമുള്ള മിനിമം പെൻഷൻ 1,000 രൂപയിൽ നിന്ന് 7,500 രൂപയായി ഉയർത്തണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്. നിലവിൽ പെൻഷൻ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കേന്ദ്രം ലോക്സഭയിൽ വ്യക്തമാക്കി.

സർക്കാർ നിലപാട്

തൊഴിൽ മന്ത്രാലയ സഹമന്ത്രി ശോഭ കരന്ദ്‌ലജെയാണ് പാർലമെന്റിൽ ഇക്കാര്യം വിശദീകരിച്ചത്. നിലവിൽ കേന്ദ്ര സർക്കാരിന്റെ ബജറ്റ് വിഹിതം ഉപയോഗിച്ചാണ് ഗുണഭോക്താക്കൾക്ക് പ്രതിമാസം 1,000 രൂപ എന്ന മിനിമം പെൻഷൻ ഉറപ്പാക്കുന്നത്. ജീവിതച്ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഇപിഎസ്-95 നാഷണൽ അജിറ്റേഷൻ കമ്മിറ്റി ഓഗസ്റ്റ് 5-ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ, പെൻഷൻ ഫണ്ടിന്റെ സുസ്ഥിരതയും (Sustainability) ഭാവിയിലെ ബാധ്യതകളും കണക്കിലെടുത്ത് മാത്രമേ തുക വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സാധിക്കൂ എന്ന് സർക്കാർ അറിയിച്ചു.

കണക്കുകൾ ഒറ്റനോട്ടത്തിൽ:

2026 മാർച്ച് 31-ലെ കണക്കനുസരിച്ച് രാജ്യത്ത് 85,84,604 ഇപിഎസ് പെൻഷൻ ഗുണഭോക്താക്കളുണ്ട്. ഈ കാലയളവ് വരെ ആകെ 15,819.28 കോടി രൂപ പെൻഷനായി വിതരണം ചെയ്തു. ഉയർന്ന ശമ്പളത്തിന് ആനുപാതികമായ പെൻഷൻ നൽകണമെന്ന 2022-ലെ സുപ്രീം കോടതി വിധിയെത്തുടർന്ന് ഇതുവരെ 1,49,806 പേർക്ക് പുതുക്കിയ പെൻഷൻ ഓർഡറുകൾ (PPO) നൽകിയിട്ടുണ്ട്.

7,500 രൂപ എന്ന ആവശ്യം കർഷകരും തൊഴിലാളി സംഘടനകളും ഉന്നയിക്കുന്നുണ്ടെങ്കിലും, സാമ്പത്തിക ബാധ്യതകൾ മുൻനിർത്തി മിനിമം പെൻഷൻ 1,000 രൂപയായി തന്നെ തുടരാനാണ് നിലവിലെ സർക്കാർ തീരുമാനം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT