Credit cards Image Courtesy: Canva
Personal Finance

ക്രെഡിറ്റ് സ്കോര്‍ കുറവാണോ? ഉപയോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 6 സൂത്രങ്ങള്‍

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളില്‍ ഒരു ദിവസത്തെ കാലതാമസം കാര്യമായ വ്യത്യാസമുണ്ടാക്കില്ലെന്ന ധാാരണ തെറ്റാണ്

Dhanam News Desk

ക്രെഡിറ്റ് കാര്‍ഡുളളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് മികച്ച ക്രെഡിറ്റ് സ്കോർ നേടുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്. കൃത്യസമയത്ത് ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക അടക്കുക, ക്രെഡിറ്റ് കാർഡുകളിലെ കുറഞ്ഞ കുടിശ്ശികയ്ക്ക് (minimum due) പകരം മുഴുവൻ പേയ്‌മെന്റുകളും അടക്കുക തുടങ്ങിയവ പലിച്ചാലും ശക്തമായ സ്കോർ നിലനിർത്താൻ ഇവ പര്യാപ്തമായിരിക്കില്ല. ഉയർന്ന സ്കോർ നിലനിർത്താൻ ഉപയോക്താക്കളെ സഹായിക്കുന്ന ചില ക്രെഡിറ്റ് സ്കോർ ഹാക്കുകളെക്കുറിച്ചാണ് ഇവിടെ പരിശോധിക്കുന്നത്.

ബില്ലുകള്‍: ക്രെഡിറ്റ് കാര്‍ഡില്‍ അടയ്ക്കാത്ത ബില്ലുകളോ കുടിശ്ശികകളോ ഒരിക്കലും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. അവ കൃത്യസമയത്ത് അടച്ചു തീർക്കണം. ക്രെഡിറ്റ് കാർഡ് ബില്ലുകളും വായ്പാ ഇഎംഐകളും നിശ്ചിത തീയതിക്ക് മുമ്പ് എപ്പോൾ വേണമെങ്കിലും അടക്കാവുന്നതാണ്. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളില്‍ ഒരു ദിവസത്തെ കാലതാമസം കാര്യമായ വ്യത്യാസമുണ്ടാക്കില്ലെന്ന ചിലരുടെ ധാാരണ തെറ്റാണ്. ക്രെഡിറ്റ് സ്കോറിന് ഇത് പ്രതികൂലമായി ബാധിക്കും.

മുഴുവൻ പേയ്‌മെന്റും നടത്തുക: ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടയ്ക്കുമ്പോൾ, ഏറ്റവും കുറഞ്ഞ ബില്ലിന് പകരം മുഴുവൻ പേയ്മെന്റും അടയ്ക്കാൻ ശ്രദ്ധിക്കണം. കുറഞ്ഞ തുക (minimum due) അടയ്ക്കുന്നതിൽ തെറ്റില്ലെങ്കിലും, ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുകയാണ് ലക്ഷ്യമെങ്കിൽ ഈ ഓപ്ഷൻ പിന്തുടരുന്നത് നല്ലതല്ല.

കുടിശ്ശിക തീർക്കുക: ചില ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കിടയിൽ ബില്ലുകൾ വൻതോതിൽ ഉയരുമ്പോൾ ഡിസ്‌കൗണ്ടിൽ കുടിശ്ശിക തീർക്കുന്ന പ്രവണതയുണ്ട്. ഉയർന്ന ക്രെഡിറ്റ് സ്കോർ ലക്ഷ്യമിടുന്നവർ ഈ മാര്‍ഗം ഒഴിവാക്കേണ്ടതാണ്. ഉദാഹരണമായി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ 1 ലക്ഷം രൂപയില്‍ എത്തുമ്പോൾ 70,000 രൂപ അടച്ച് ബാധ്യതയിൽ നിന്ന് മുക്തി നേടാൻ ശ്രമിക്കുന്നത് സ്കോറിൽ പ്രതികൂലമായ പ്രത്യാഘാതമുണ്ടാക്കും.

കാർഡ് പരമാവധിയാക്കൽ: ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കിടയിലുള്ള മറ്റൊരു തെറ്റിദ്ധാരണ, ആവശ്യമെങ്കില്‍ കാർഡ് പരമാവധി ഉപയോഗിക്കാമെന്നതാണ്. ഇങ്ങനെ ചെയ്യുന്നത് മോശമായ കാര്യമല്ലെങ്കിലും, അത് നിങ്ങളുടെ സ്കോർ കുറയുന്നതിന് കാരണമാകും.

ഉദാഹരണമായി സാധാരണയായി നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ആവശ്യകത 5 ലക്ഷം രൂപയാണെങ്കിൽ, ക്രെഡിറ്റ് പരിധി 10 ലക്ഷമോ അതിൽ കൂടുതലോ ആയിരിക്കണമെന്നാണ് ശിപാർശ ചെയ്യപ്പെടുന്നത്. അനുയോജ്യമായ ക്രെഡിറ്റ് ഉപയോഗ അനുപാതം 30 ശതമാനമോ അതിൽ കുറവോ ആയിരിക്കണം.

നിലവിലുള്ള കാർഡ്: ഉപയോഗിക്കാത്ത ഒരു പഴയ ക്രെഡിറ്റ് കാർഡ് നിങ്ങളുടെ കൈവശം ഉണ്ടെങ്കില്‍, അത് റദ്ദാക്കാൻ ഉപയോക്താക്കള്‍ പ്രലോഭിതരാകാറുണ്ട്. എന്നാല്‍ ഉയർന്ന ക്രെഡിറ്റ് സ്കോറിനായി അങ്ങനെ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുക. ഉപയോഗിക്കുന്നതും ഉപയോഗിക്കാത്തതുമായ കാര്‍ഡുകള്‍ അധികൃതര്‍ ഒന്നിച്ച് പരിഗണിക്കുന്നത് ഉയർന്ന ക്രെഡിറ്റ് പരിധി ലഭ്യമാക്കാന്‍ സഹായിക്കുകയും ഇതിലൂടെ ഉയർന്ന സ്കോർ നിലനിർത്താൻ സാധിക്കുകയും ചെയ്യുന്നു.

റിപ്പോർട്ട് അവലോകനം: നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് ഇടയ്ക്കിടെ അവലോകനം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. റിപ്പോര്‍ട്ടില്‍ അസ്വാഭാവിക പണമിടപാടുകളോ എന്തെങ്കിലും തെറ്റുകളോ ഉണ്ടെങ്കിൽ തിരുത്താന്‍ ഇത് സഹായിക്കുന്നു.

Six essential credit score hacks every credit card user must know to maintain a healthy financial profile.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT