വാഹനം വാങ്ങുമ്പോൾ പെട്രോൾ കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) ഉയർന്ന ഷോറൂം വില നൽകേണ്ടി വരുന്നത് പലരെയും പിന്നോട്ട് വലിക്കാറുണ്ട്. എന്നാൽ, ഇലക്ട്രിക് വാഹനങ്ങളുടെ കുറഞ്ഞ പ്രവർത്തന ചെലവും (operating expenses) കുറഞ്ഞ പരിപാലന ചെലവും ദീർഘകാലാടിസ്ഥാനത്തിൽ വലിയ സാമ്പത്തിക നേട്ടം നൽകുന്നു.
ദിവസേന 40 കിലോമീറ്റർ (പ്രതിവർഷം ഏകദേശം 14,600 കി.മീ) ഓടുന്ന ഒരു കോംപാക്റ്റ് എസ്.യു.വി ഉദാഹരണമായി എടുത്താൽ:
ഇന്ധന ചെലവ്: പെട്രോൾ കാറിന് കിലോമീറ്ററിന് 6.66 രൂപ ചെലവുവരുമ്പോൾ (ലിറ്ററിന് 15 കി.മീ മൈലേജ്, പെട്രോൾ വില ശരാശരി ₹100), ഇവിക്ക് കിലോമീറ്ററിന് 1 രൂപ മാത്രമാണ് ചെലവ് (യൂണിറ്റിന് ₹8 നിരക്കിൽ 8 കി.മീ മൈലേജ്). ഇത് ഇന്ധനച്ചെലവിൽ 85 ശതമാനം കുറവുണ്ടാക്കുന്നു. ഇന്ധന ഇനത്തിൽ മാത്രം പ്രതിവർഷം 82,733 രൂപ ലാഭിക്കാം.
പരിപാലന ചെലവ് (Maintenance): പെട്രോൾ കാറിന് പ്രതിവർഷം 12,000 രൂപ സർവീസ് ചെലവ് വരുമ്പോൾ, ചലിക്കുന്ന ഭാഗങ്ങൾ (fewer moving parts) കുറവായതിനാൽ ഇവിക്ക് 5,000 രൂപ മാത്രമാണ് ആവശ്യമായി വരുന്നത്, ഇതിലൂടെ പ്രതിവർഷം 7,000 രൂപ അധികമായി ലാഭിക്കാം.
ആകെ ലാഭം: ഇത്തരത്തില്‍ പെട്രോൾ കാറിന് പ്രതിവർഷം 1,09,333 രൂപ ചെലവുവരുമ്പോൾ ഇവിക്ക് 19,600 രൂപ മാത്രമേ വരുന്നുള്ളൂ; അതായത് പ്രതിവർഷം ആകെ 89,733 രൂപ (ഏകദേശം ₹90,000) ലാഭിക്കാൻ സാധിക്കും.
പെട്രോൾ മോഡലിനേക്കാൾ 3 ലക്ഷം രൂപ അധികം നൽകിയാണ് ഇവി വാങ്ങുന്നതെങ്കിൽ, പ്രതിവർഷം ലഭിക്കുന്ന ഇന്ധന-പരിപാലന ലാഭം വഴി ഏകദേശം 40 മാസങ്ങൾക്കുള്ളിൽ (3.3 വർഷം) ഈ അധിക തുക തിരിച്ചുപിടിക്കാൻ സാധിക്കും. ഇതിനുശേഷമുള്ള ലാഭം കുടുംബ ബജറ്റിന് അനുകൂലമായ ക്യാഷ്-ഫ്ലോ നൽകുന്നു. കൂടാതെ, ഇവികൾക്ക് 5% ജി.എസ്.ടിയും (പെട്രോൾ വാഹനങ്ങളില്‍ ചെറിയ കാറുകള്‍ക്ക് 18% വും വലിയ കാറുകൾക്ക് 40% വും ജി.എസ്.ടി + സെസ്) റോഡ് നികുതി ഇളവുകളും ലഭ്യമാണ്.
അതേസമയം, പ്രതിദിനം 15 കിലോമീറ്ററിൽ താഴെ മാത്രം ഓടിക്കുന്നവർക്ക് ഈ തുക തിരിച്ചുപിടിക്കാൻ 8 വർഷത്തിലധികം വേണ്ടിവരും. അതിനാൽ, ദൈനംദിന യാത്രാ ദൂരം കൃത്യമായി വിലയിരുത്തി വേണം ഇവി വാങ്ങാനുള്ള തീരുമാനമെടുക്കാൻ.
Read DhanamOnline in English
Subscribe to Dhanam Magazine