യുപിഐ (UPI) വഴി പണമടയ്ക്കുമ്പോൾ "Transaction Failed" എന്ന് വരികയും എന്നാൽ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നത് ഇന്ന് സർവസാധാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ പരിഭ്രമിക്കേണ്ടതില്ല, മിക്ക ഇടപാടുകളും സ്വയം പരിഹരിക്കപ്പെടാറുണ്ട്.
ഇടപാട് പരാജയപ്പെട്ടാൽ ഉടൻ തന്നെ രണ്ടാമതൊരു പേയ്‌മെന്റ് നടത്താൻ ശ്രമിക്കരുത്. ഇത് ഒരേ തുക രണ്ടുതവണ നൽകേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കിയേക്കാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, സ്വീകർത്താവിന്റെ ബാങ്ക് അക്കൗണ്ട്, പേയ്‌മെന്റ് ആപ്പ് എന്നിവ തമ്മിലുള്ള ആശയവിനിമയത്തിലെ സാങ്കേതിക തകരാറുകളാണ് ഇതിന് പ്രധാന കാരണം. ഇടപാട് സ്റ്റാറ്റസ് "Pending" എന്നാണെങ്കിൽ കുറച്ചു സമയം കാത്തിരിക്കുക, മിക്കപ്പോഴും ഇത് സ്വയം ശരിയാകുകയോ അല്ലെങ്കിൽ പണം അക്കൗണ്ടിലേക്ക് തിരികെ വരികയോ ചെയ്യും.
പണം എപ്പോൾ തിരികെ ലഭിക്കും? പരാജയപ്പെട്ട യുപിഐ ഇടപാടുകളിലെ തുക സാധാരണയായി അടുത്ത പ്രവൃത്തിദിവസം (T+1) തന്നെ അക്കൗണ്ടിലേക്ക് തിരികെ ലഭിക്കുമെന്ന് ജൂലൈയില്‍ പുറത്തിറക്കിയ എൻപിസിഐയുടെ (NPCI) മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.
നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ ലഭിച്ചില്ലെങ്കിൽ താഴെ പറയുന്ന നടപടികൾ സ്വീകരിക്കുക:
നിങ്ങൾ ഉപയോഗിച്ച യുപിഐ ആപ്പിലെ (BHIM, Google Pay, PhonePe, Paytm) ട്രാൻസാക്ഷൻ ഹിസ്റ്ററി വഴി നേരിട്ട് പരാതി നൽകുക.
പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിങ്ങളുടെ ബാങ്കിനെ ബന്ധപ്പെടുക. പണം അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെട്ടതിനാൽ ഇതിൽ അന്വേഷണം നടത്തേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്.
ബാങ്കിന്റെ മറുപടി തൃപ്തികരമല്ലെങ്കിൽ റിസർവ് ബാങ്കിന്റെ (RBI) ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീമിന് പരാതി നൽകാവുന്നതാണ്.
പരാതി നൽകുമ്പോൾ യുപിഐ റഫറൻസ് നമ്പർ, ട്രാൻസാക്ഷൻ ഐഡി, തീയതി, തുക, ബാങ്ക് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് എന്നിവ സൂക്ഷിച്ചു വെക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, വ്യാപാരിയോട് അവരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കാൻ ആവശ്യപ്പെടുന്നത് പണം പിന്നീട് ക്രെഡിറ്റ് ആയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ സഹായിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine