ഗൂഗിൾ പ്ലേ സ്റ്റോറിൽ സർക്കാർ സേവനമായ ഡിജിലോക്കറിന് (DigiLocker) സമാനമായ വ്യാജ ആപ്പുകൾ വീണ്ടും പ്രത്യക്ഷപ്പെടുന്നത് ഉപയോക്താക്കൾക്ക് വലിയ ഭീഷണിയാകുന്നു. ഔദ്യോഗിക സർക്കാർ ആപ്പാണെന്ന് തെറ്റിദ്ധരിച്ച് ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവരുടെ ഫോണിലെ വിവരങ്ങൾ ചോർത്തുന്നതിനും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കുന്നതിനും ഇവ കാരണമാകുന്നു.
ഈ തട്ടിപ്പ് ആപ്പുകൾ ഉപയോക്താക്കളുടെ വിശ്വാസം നേടിയെടുക്കാൻ ദേശീയ പതാകയുടെ നിറങ്ങളും അശോകചക്രവും ഉപയോഗിക്കുന്നു. യഥാർത്ഥ ആപ്പിന്റെ പേരിനോട് ചെറിയ സാമ്യമുള്ള പേരുകളിലാണ് ഇവ സ്റ്റോറുകളിൽ ലഭ്യമാകുന്നത്. ഇതിനകം ആയിരക്കണക്കിന് ആളുകളാണ് ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ചിലതിന് ഒറ്റനോട്ടത്തില്‍ സംശയകരമല്ലാത്ത റിവ്യൂകൾ പോലും ഉളളതാണ്.
ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, ഇത്തരം ആപ്പുകൾ ഒരു ഡോക്യുമെന്റ് ആപ്പിന് സാധാരണ ആവശ്യമില്ലാത്ത എസ്എംഎസ് (SMS), ഫോൺ കോളുകൾ, സ്ക്രീൻ റെക്കോർഡിംഗ് തുടങ്ങിയവയ്ക്കുള്ള അനുമതികൾ ആവശ്യപ്പെടുന്നു. തുടർന്ന് ആധാർ, പാൻ അല്ലെങ്കിൽ ഫോൺ നമ്പർ വഴി 'വെരിഫൈ' ചെയ്യാൻ ഉപയോക്താവിനോട് ആവശ്യപ്പെടുന്നു. ചില ആപ്പുകൾ നിശബ്ദമായി ഒടിപികൾ (OTP) വായിക്കുകയും, മറ്റ് ചിലവ സ്ക്രീനിലിരുന്ന് നിങ്ങൾ ടൈപ്പ് ചെയ്യുന്ന വിവരങ്ങൾ റെക്കോർഡ് ചെയ്യുകയും ചെയ്യുന്നു. യഥാർത്ഥ ബാങ്കിംഗ് പേജുകളെപ്പോലെ തോന്നിപ്പിക്കുന്ന വ്യാജ യുപിഐ (UPI) പേജുകളിലൂടെ നിങ്ങളുടെ വിവരങ്ങൾ ചോർത്തി നിമിഷങ്ങൾക്കുള്ളിൽ പണം കവരുകയാണ് ഇവ ചെയ്യുന്നത്.
• യഥാർത്ഥ ഡിജിലോക്കർ ആപ്പ് പബ്ലിഷ് ചെയ്തിരിക്കുന്നത് നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ (National e-Governance Division of the Government of India) ആണ്.
• ഡിജിലോക്കർ ഒരിക്കലും നിങ്ങളുടെ യുപിഐ പിൻ (UPI PIN) അല്ലെങ്കിൽ ബാങ്കിംഗ് പാസ്‌വേഡ് ചോദിക്കില്ല.
• ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ ഇന്റർനെറ്റ് ഓഫ് ചെയ്ത് അൺഇൻസ്റ്റാൾ ചെയ്യുക.
• മറ്റൊരു ഡിവൈസ് ഉപയോഗിച്ച് പാസ്‌വേഡുകൾ മാറ്റുകയും ബാങ്കിനെ വിവരമറിയിക്കുകയും ചെയ്യുക.
• പണം നഷ്ടപ്പെട്ടാൽ ഉടൻ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുക. ആപ്പ് ഫോണിൽ ആഴത്തിൽ ആക്സസ് എടുത്തിട്ടുണ്ടെങ്കിൽ ഫാക്ടറി റീസെറ്റ് (Factory reset) ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതം.
Fake DigiLocker apps on Play Store pose a threat to users’ bank accounts by stealing sensitive information.
Read DhanamOnline in English
Subscribe to Dhanam Magazine