ഗൾഫും മറ്റ് വിദേശരാജ്യങ്ങളും വിട്ട് നാട്ടിലെത്തിയ പ്രവാസികൾക്ക് വിദേശ ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, ഓഹരികൾ, സ്വത്തുക്കൾ തുടങ്ങിയവ FAST-DS (2026) പദ്ധതിയിലൂടെ നിയമവിധേയമാക്കാൻ ഡിസംബർ 31 വരെ അവസരം. ITR-ൽ വെളിപ്പെടുത്താതെ പോയ 1 കോടി വരെ വിദേശ വരുമാനത്തിന് 60% നികുതി ബാധ്യതയും, Schedule FA-യിൽ കാണിക്കാതെ പോയ 5 കോടി വരെ ആസ്തികൾക്ക് 1 ലക്ഷം രൂപ ഫ്ലാറ്റ് ഫീസും അടച്ച് കള്ളപ്പണ നിയമനടപടികളിൽ നിന്ന് സംരക്ഷണം ലഭിക്കും.
ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികൾ വിദേശത്ത് നേടിയ നിക്ഷേപങ്ങളും ആസ്തികളും വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ 'ഫോറിൻ അസറ്റ്സ് ഓഫ് സ്മോൾ ടാക്സ് പേയേഴ്സ് - ഡിസ്ക്ലോഷർ സ്കീം' (FAST-DS, 2026) പദ്ധതി പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് 16 മുതൽ ഡിസംബർ 31 വരെയാണ് ഈ അവസരം ലഭ്യമാകുക.
വിദേശത്തെ ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, ഓഹരികൾ, സ്വത്തുക്കൾ തുടങ്ങിയവ മുൻപ് ആദായ നികുതി റിട്ടേണിൽ (ITR) വെളിപ്പെടുത്താൻ വിട്ടുപോയിട്ടുണ്ടെങ്കിൽ, FAST-DS പദ്ധതി മുഖേന നിയമപരമായ നടപടികൾ ക്രമപ്പെടുത്താമെന്ന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനമായ മുഗ്ധ & അസോസിയേറ്റ്സിന്റെ സ്ഥാപകയും സി.എ പ്രൊഫഷണലുമായ മുഗ്ധ മോഹൻരാജ് ധനം ഓൺലൈനോട് പറഞ്ഞു.
കൂടുതൽ വായിക്കാൻ: ഗൾഫ് വിട്ട് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസിയാണോ? ഇൻകം ടാക്സ് റിട്ടേൺ സമർപ്പിച്ചോ? RNOR അറിയില്ലെങ്കിൽ പണി കിട്ടും!
പ്രധാനമായും രണ്ട് വിഭാഗങ്ങളിൽ ഉള്ളവർക്കാണ് FAST-DS പദ്ധതി വഴിയുള്ള ആനുകൂല്യം ലഭിക്കുന്നത്:
നികുതി അടയ്ക്കാത്ത വിദേശ ആസ്തികൾ/വരുമാനം: ഇന്ത്യയിൽ നികുതിക്ക് വിധേയമായിട്ടും വെളിപ്പെടുത്താത്ത 1 കോടി രൂപ വരെയുള്ള വിദേശ ആസ്തിക്കോ വരുമാനത്തിനോ 30 ശതമാനം നികുതിയും അതിന് തുല്യമായ അധിക തുകയും (നികുതിയുടെ 100%) അടച്ച് ഡിക്ലറേഷൻ നടത്താം.
ഐ.ടി.ആറിൽ വെളിപ്പെടുത്താത്ത ആസ്തികൾ: വിദേശത്ത് നിന്നും സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയതും എന്നാൽ ആദായ നികുതി റിട്ടേണിലെ (ഐ.ടി.ആർ) 'Schedule FA' വിഭാഗത്തിൽ കാണിക്കാൻ വിട്ടുപോയതുമായ ആസ്തികൾക്ക് (5 കോടി രൂപ വരെ മൂല്യമുള്ളവ) 1 ലക്ഷം രൂപ (Flat fee) നൽകി നിയമവിധേയമാക്കാം.
ഇന്ത്യയിലേക്ക് മടങ്ങിയെത്തി 'ആർ.ഒ.എൻ.ആർ' (Resident but Not Ordinarily Resident - RNOR) സ്റ്റാറ്റസ് ഉള്ളവർക്കും ബന്ധപ്പെട്ട സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിൽ സ്ഥിരതാമസക്കാരനായിരുന്നതും (റെസിഡന്റ്) ഇപ്പോൾ വിദേശത്തുള്ള നോൺ-റെസിഡന്റുകൾക്കും (NRI) നിബന്ധനകൾക്ക് വിധേയമായി FAST-DS പദ്ധതി പ്രയോജനപ്പെടുത്താം. സാധുവായ ഡിക്ലറേഷൻ നടത്തുന്നവർക്ക് കള്ളപ്പണ നിയമ (Black Money Act) പ്രകാരമുള്ള തുടർ ശിക്ഷാനടപടികളിൽ നിന്നും നികുതി, പിഴ എന്നിവയിൽ നിന്നും ഇളവ് ലഭിക്കുന്നതായിരിക്കും.
FAST-DS പദ്ധതി - ഒറ്റനോട്ടത്തിൽ:
ലഭ്യമായ സമയം ------------► 2026 ഓഗസ്റ്റ് 16 മുതൽ ഡിസംബർ 31 വരെ.
നികുതി അടയ്ക്കാത്ത ആസ്തികൾ ------------► ₹1 കോടി വരെ (30%നികുതി + തുല്യ തുക - ഫലത്തിൽ 60% ബാധ്യത).
വെളിപ്പെടുത്താത്ത ആസ്തികൾ ------------► ₹5 കോടി വരെ (₹1 ലക്ഷം ഫീസ്).
പ്രധാന നേട്ടം ------------► കള്ളപ്പണ നിയമ നടപടികളിൽ നിന്ന് സംരക്ഷണം.
വിദേശ ആസ്തികളുടെ വിപണി മൂല്യം രൂപയിലേക്ക് (INR) മാറ്റുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ ആദായ നികുതി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്:
ആർ.ബി.ഐ അംഗീകൃത കറൻസികൾ (RBI Designated Currencies): വിദേശ കറൻസിയിലുള്ള ആസ്തി മൂല്യത്തെ 2026 മാർച്ച് 31-ലെ ആർ.ബി.ഐ റെഫറൻസ് റേറ്റ് (rbi.org.in/scripts/referenceratearchive.aspx) ഉപയോഗിച്ച് നേരിട്ട് രൂപയിലേക്ക് മാറ്റണം.
മറ്റ് കറൻസികൾ: ആ രാജ്യത്തെ സെൻട്രൽ ബാങ്ക് നിരക്ക് അനുസരിച്ച് ആദ്യം തുക യു.എസ് ഡോളറിലേക്ക് (USD) മാറ്റണം. തുടർന്ന്, 2026 മാർച്ച് 31-ലെ ആർ.ബി.ഐ റെഫറൻസ് റേറ്റ് ഉപയോഗിച്ച് യു.എസ് ഡോളറിനെ ഇന്ത്യൻ രൂപയിലേക്ക് മാറ്റേണ്ടതുണ്ട്.
| Currency / Unit | INR Reference Rate (30/03/2026) |
|---|---|
| US Dollar (1 USD) | 94.6543 |
| British Pound (1 GBP) | 125.6347 |
| Euro (1 EUR) | 109.0064 |
| Japanese Yen (100 JPY) | 59.2500 |
| UAE Dirham (1 AED) | 25.7694 |
| Indonesian Rupiah (10,000 IDR) | 55.7070 |
അതിനാൽ ഗൾഫ്/വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയവർ, പ്രത്യേകിച്ച് ആർ.ഒ.എൻ.ആർ സ്റ്റാറ്റസ് ഉള്ളവർ, തങ്ങളുടെ പഴയ വിദേശ ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും ഓഹരികളും ഒക്കെ പരിശോധിച്ച് FAST-DS പദ്ധതി തങ്ങൾക്ക് ബാധകമാണോ എന്ന് 2026 ഡിസംബർ 31-ന് മുൻപ് നികുതി വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കുന്നത് ഉചിതമാണെന്നും മുഗ്ധ മോഹൻരാജ് പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine