2025-26 സാമ്പത്തിക വർഷത്തേക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.25 ശതമാനമായി കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചു. ഇതോടെ രാജ്യത്തെ ഏഴ് കോടിയിലധികം വരുന്ന വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് ഈ മാസം തന്നെ പലിശ തുക ക്രെഡിറ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ മാർച്ച് 2-ന് ചേർന്ന ഇപിഎഫ്ഒയുടെ പരമാധികാര സമിതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (CBT) ആണ് പലിശ നിരക്ക് 8.25 ശതമാനമായി നിശ്ചയിച്ചത്. ഇത് തുടർച്ചയായ മൂന്നാം വർഷമാണ് ഇപിഎഫ് പലിശ നിരക്ക് 8.25 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുന്നത്. ഭാരത സർക്കാർ ഇപിഎഫിന്റെ ഗ്യാരന്റർ ആയതിനാൽ, സി.ബി.ടി നിശ്ചയിക്കുന്ന നിരക്കിന് ധനമന്ത്രാലയത്തിന്റെ അംഗീകാരം അനിവാര്യമാണ്. ധനമന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചതോടെ പലിശ വിതരണം വേഗത്തിലാക്കാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇപിഎഫ്ഒ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതിക സംവിധാനങ്ങൾ (Ecosystem) വഴി അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് പലിശ തുക ഉടനടി ലഭ്യമാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മുൻവർഷങ്ങളിൽ പലിശ ക്രെഡിറ്റ് ചെയ്യുന്നതിൽ നേരിട്ടിരുന്ന കാലതാമസം ഇതോടെ ഒഴിവാകും.
2023-24 ലാണ് പലിശ നിരക്ക് 8.15 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായി വർദ്ധിപ്പിച്ചത്. നിലവിലെ വിപണി സാഹചര്യത്തിൽ 8.25 ശതമാനം പലിശ നിരക്ക് നിലനിർത്തുന്നത് ദശലക്ഷക്കണക്കിന് ശമ്പളക്കാരായ ജീവനക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine