പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ Image Courtesy: Canva/epfindia.gov.in
Personal Finance

ലക്ഷക്കണക്കിന് സ്വകാര്യ ജീവനക്കാർക്ക് നേട്ടം; ഇ.പി.എഫ് ശമ്പള പരിധി ₹25,000 ആയി ഉയർത്താൻ ധനമന്ത്രാലയം അനുമതി നൽകിയെന്ന് റിപ്പോർട്ട്

ഇ.പി.എഫ്, ഇ.പി.എസ് അടിസ്ഥാന ശമ്പള പരിധി 25,000 രൂപയാക്കി ഉയർത്താൻ കേന്ദ്ര ധനമന്ത്രാലയം തത്വത്തിൽ അനുമതി നൽകിയെന്ന് റിപ്പോർട്ട്; കൂടുതൽ സ്വകാര്യ ജീവനക്കാർക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പാകും

Dhanam News Desk

സംഘടിത സ്വകാര്യ മേഖലയിലെ ദശലക്ഷക്കണക്കിന് ജീവനക്കാർക്ക് നേട്ടമായി ഇ.പി.എഫ്, ഇ.പി.എസ് പദ്ധതികളിലെ അടിസ്ഥാന ശമ്പള പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയാക്കി ഉയർത്താൻ കേന്ദ്ര ധനമന്ത്രാലയം തത്വത്തിൽ അനുമതി നൽകിയതായി റിപ്പോർട്ട്. 2014-ന് ശേഷം നടക്കുന്ന ഈ പരിഷ്കാരത്തോടെ കൂടുതൽ ജീവനക്കാർ സാമൂഹിക സുരക്ഷാ വലയത്തിലേക്ക് കടന്നുവരും.

സം​ഘടിത സ്വകാര്യ മേഖലയിലെ മാസശമ്പളക്കാരായ ജീവനക്കാർക്കാർക്ക് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ദീ‌ർഘകാലസമ്പാദ്യ പദ്ധതിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF), എംപ്ലോയീസ് പെൻഷൻ സ്കീം (EPS) എന്നിവയിൽ അംഗങ്ങളാകുന്നതിനുള്ള അടിസ്ഥാന ശമ്പള പരിധി (Wage Ceiling) ഉയർത്താൻ കേന്ദ്ര ധനമന്ത്രാലയം തത്വത്തിൽ അനുമതി നൽകിയെന്ന് റിപ്പോർട്ട്. നിലവിലുള്ള 15,000 രൂപയിൽ നിന്ന് 25,000 രൂപയായാണ് പ്രതിമാസ ശമ്പള പരിധി ഉയർത്തുന്നതെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

2014-ന് ശേഷം ഇതാദ്യമായാണ് ഇ.പി.എഫ് പദ്ധതികളുടെ അടിസ്ഥാന ശമ്പള പരിധിയിൽ കാലാനുസൃതമായ പരിഷ്കരണം വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നത്. ശമ്പള പരിധി 25,000 രൂപയായി ഉയർത്തുന്നതോടെ കൂടുതൽ ജീവനക്കാർക്ക് ഇ.പി.എഫ്, ഇ.പി.എസ് പദ്ധതികളുടെ പരിധിയിൽ വരാനും, ഉയർന്ന തോതിലുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പാക്കാനും സാധിക്കും.

നേരത്തെ നിർബന്ധിത ഇ.പി.എഫ് ആനുകൂല്യങ്ങൾക്കുള്ള അടിസ്ഥാന ശമ്പള പരിധി 30,000 രൂപയായി ഉയർത്താൻ ആലോചിച്ചിരുന്നെങ്കിലും, ധനമന്ത്രാലയം 25,000 രൂപയെന്ന നിലവാരത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇനി കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ ഇത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.

ആർക്കൊക്കെ പ്രയോജനം ലഭിക്കും?

  • അടിസ്ഥാന ശമ്പളമായി (Basic Pay) പ്രതിമാസം 15,000 രൂപ മുതൽ 25,000 രൂപ വരെ വാങ്ങുന്ന സ്വകാര്യ മേഖലയിൽ നിന്നുള്ള എല്ലാ ജീവനക്കാരും ഇനി നിർബന്ധമായും ഇ.പി.എഫ്, പെൻഷൻ പദ്ധതികളുടെ പരിധിയിൽ വരും.

  • ഇത് ജീവനക്കാരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുമെങ്കിലും, തൊഴിലുടമകളുടെ പെൻഷൻ വിഹിതവും പേറോൾ മാനേജ്‌മെന്റ് ചെലവുകളും വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

  • 20 അല്ലെങ്കിൽ അതിലും കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് നിർബന്ധിത ഇ.പി.എഫ് ബാധകമാകുന്നത്.

സർക്കാർ വിഹിതവും പദ്ധതി നടപ്പാക്കലും

നിലവിൽ ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്ക് അടിസ്ഥാന ശമ്പളത്തിന്റെ 8.33 ശതമാനമാണ് തൊഴിലുടമകൾ സംഭാവന ചെയ്യുന്നത്. കേന്ദ്ര സർക്കാർ ആകട്ടെ 1.16 ശതമാനം വിഹിതമാണ് നൽകുന്നത്. 2026-27 സാമ്പത്തിക വർഷത്തിൽ ഇ.പി.എസ് പദ്ധതിക്കായി 11,144 കോടി രൂപയാണ് കേന്ദ്ര സർക്കാർ വകയിരുത്തിയിട്ടുള്ളത്. ശമ്പള പരിധി ഉയരുന്നതോടെ സർക്കാരിന്റെ സാമ്പത്തിക ബാധ്യതയിലും വർധനയുണ്ടാകും.

മന്ത്രിസഭയുടെ അനുമതി ലഭിച്ചാലും ഇത് ഉടൻ നടപ്പിലാക്കാൻ സാധ്യതയില്ല. കമ്പനികൾക്ക് അവരുടെ പേറോൾ സംവിധാനങ്ങളിലും പ്രവർത്തന രീതികളിലും മാറ്റങ്ങൾ വരുത്താനും മതിയായ സാവകാശം ആവശ്യമാണ്. അതിനാൽ 2027 ഏപ്രിൽ 1 മുതൽ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് വിലയിരുത്തൽ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT