Image courtesy: Canva
Personal Finance

മാസംതോറും സമ്പാദ്യം കുറയ്ക്കുന്ന 5 സാമ്പത്തിക ശീലങ്ങൾ; നിങ്ങൾക്കും ഉണ്ടോ?

ചെലവുകൾ കഴിഞ്ഞ് മാസാന്ത്യത്തിൽ ബാക്കിയാകുന്ന തുക മാത്രം സമ്പാദിക്കാൻ മാറ്റിവെക്കുന്നത് സുസ്ഥിരമായ സമ്പാദ്യ രീതിയെ ബാധിക്കും

Dhanam News Desk

വരുമാനമോ ശമ്പളമോ വർദ്ധിക്കുന്നത് സാമ്പത്തിക ഭദ്രത നൽകുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, അത് എപ്പോഴും ഉയർന്ന സമ്പാദ്യത്തിലേക്ക് നയിക്കണമെന്നില്ല. വരുമാനം കൂടുമ്പോൾ അതിനനുസരിച്ച് ജീവിതച്ചെലവുകൾ ഉയരുന്നതിനാൽ യുവാക്കളായ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗത്തിനും ആവശ്യമായ സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കുന്നില്ല. നിങ്ങളുടെ സമ്പാദ്യത്തെ അറിഞ്ഞോ അറിയാതെയോ കാർന്നുതിന്നുന്ന 5 പ്രധാന ശീലങ്ങൾ താഴെ പറയുന്നവയാണ്:

ഇവ ശ്രദ്ധിക്കുക

വരുമാനത്തിനൊപ്പം ജീവിതച്ചെലവ് കൂട്ടുക (Lifestyle Inflation): ശമ്പള വർദ്ധനവ് ഉണ്ടാകുമ്പോൾ മെച്ചപ്പെട്ട വീട്, ഇടയ്ക്കിടെയുള്ള യാത്രകൾ, ആഡംബര വാങ്ങലുകൾ എന്നിവയ്ക്കായി കൂടുതൽ പണം ചെലവഴിക്കുന്ന രീതിയാണിത്. ഇത് ലഭിക്കുന്ന അധിക വരുമാനത്തിന്റെ ഭൂരിഭാഗവും ഇല്ലാതാക്കുന്നു.

മാസാന്ത്യത്തിൽ ബാക്കിയാകുന്നത് മാത്രം സമ്പാദിക്കുക: ചെലവുകൾ കഴിഞ്ഞ് മാസാന്ത്യത്തിൽ ബാക്കിയാകുന്ന തുക മാത്രം സമ്പാദിക്കാൻ മാറ്റിവെക്കുന്നത് സുസ്ഥിരമായ സമ്പാദ്യ രീതിയെ ബാധിക്കും. അതിനാൽ മാസം തുടക്കത്തിൽ തന്നെ വരുമാനത്തിന്റെ 20-30% വരെ തുക സമ്പാദ്യത്തിനും നിക്ഷേപങ്ങൾക്കുമായി മാറ്റി വെക്കേണ്ടതുണ്ട്.

ആവർത്തന ചെലവുകളുടെ (Recurring Expenses) ആഘാതം നിസാരവത്കരിക്കുക: വായ്പാ ഇ.എം.ഐകൾ, വാടക, സബ്‌സ്‌ക്രിപ്ഷനുകൾ, ഭക്ഷണം ഓർഡർ ചെയ്യൽ, ക്രെഡിറ്റ് കാർഡ് ചെലവുകൾ എന്നിവ മാസം മുഴുവൻ വിഭജിക്കപ്പെട്ടിരിക്കുന്നതിനാൽ ഇവയുടെ ആകെ തുക ബജറ്റിനെ എങ്ങനെ ബാധിക്കുന്നുവെന്ന് തിരിച്ചറിയാൻ വൈകുന്നു.

അടിയന്തര ഫണ്ട് (Emergency Fund) കരുതാതിരിക്കൽ: അപ്രതീക്ഷിത ചികിത്സാ ചെലവുകൾക്കോ സാമ്പത്തിക തടസങ്ങൾക്കോ ആയി കുറഞ്ഞത് 6 മാസത്തെ അവശ്യ ചെലവുകൾക്കുള്ള തുക അടിയന്തര ഫണ്ടായി സൂക്ഷിക്കേണ്ടതുണ്ട്. ഇതിന്റെ അഭാവത്തിൽ ആളുകൾ ദീർഘകാല നിക്ഷേപങ്ങളിൽ നിന്ന് പണം പിൻവലിക്കാനോ ഉയർന്ന പലിശയ്ക്ക് കടമെടുക്കാനോ നിർബന്ധിതരാകുന്നു.

സമ്പാദ്യത്തെ ദീർഘകാല ശീലമാക്കാതെ ഭാരമായി കാണുക: തുടക്കത്തിൽ തന്നെ വലിയൊരു തുക സമ്പാദിക്കാൻ ശ്രമിക്കുന്നത് ദൈനംദിന ആവശ്യങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സമ്പാദ്യം പാതിവഴിയിൽ അവസാനിപ്പിക്കാൻ ഇടയാക്കുകയും ചെയ്യും. 20% സമ്പാദ്യത്തോടെ തുടങ്ങി വരുമാനം ഉയരുന്നതിനനുസരിച്ച് അത് ക്രമേണ 25-30% ആയി വർദ്ധിപ്പിക്കുന്നതാണ് അനുയോജ്യം.

കൃത്യമായ ചെലവ് നിരീക്ഷണത്തിലൂടെയും സാമ്പത്തിക അച്ചടക്കത്തിലൂടെയുമാണ് ദീർഘകാല സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സാധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT