Image courtesy: Canva
Personal Finance

ഫ്‌ളെക്‌സി ക്യാപ് ഫണ്ട്: വിപണിയിലെ ഒഴുക്കിനൊപ്പം നീങ്ങാം

വിപണി മോശമാകുമ്പോള്‍ പ്രതിരോധിക്കാനും നല്ല സമയത്ത് അവസരങ്ങള്‍ ഉപയോഗിച്ച് മുന്നേറാനും ഫ്‌ളെക്‌സി ക്യാപ് ഫണ്ടിന് സാധിക്കും

Dhanam News Desk

എല്‍ദോസ് ഐസക്

ഫ്‌ളെക്സി ക്യാപ് ഫണ്ട് എന്നത് പേര് സൂചിപ്പിക്കുന്നത് പോലെ കൃത്യമായ നിബന്ധനകളൊന്നുമില്ലാത്ത ഒരു ഓഹരി നിക്ഷേപ പദ്ധതിയാണ്. വലിയ, ഇടത്തരം, ചെറിയ കമ്പനികളില്‍ എത്ര തുക നിക്ഷേപിക്കണമെന്ന് നിയമങ്ങള്‍ കര്‍ശനമായി നിശ്ചയിക്കുന്നില്ല. വിപണിസാഹചര്യങ്ങള്‍ക്കനുസരിച്ച് ഒരു മാനേജര്‍ക്ക് ഏത് കമ്പനിയിലും നിക്ഷേപം മാറ്റാനും ക്രമീകരിക്കാനും കഴിയും.

വിപണി അസ്ഥിരമായിരിക്കുമ്പോഴോ, വലിയ കമ്പനികളുടെ ഓഹരികള്‍ സുരക്ഷിതമായി തോന്നുമ്പോഴോ മാനേജര്‍ക്ക് അവയില്‍ കൂടുതല്‍ നിക്ഷേപിക്കാം. അതേസമയം, ചെറിയ കമ്പനികളുടെ ഓഹരികള്‍ വിലക്കുറവില്‍ കിട്ടുമ്പോള്‍ അവയിലേക്ക് കൂടുതല്‍ നിക്ഷേപം മാറ്റാനും സാധിക്കും. ഈ സമീപനം പ്രധാനമായും രണ്ട് തന്ത്രങ്ങള്‍ കൂടിച്ചേര്‍ന്നതാണ്. മാക്രോ ഇക്കണോമിക് സൂചകങ്ങള്‍, നയപരമായ സൂചനകള്‍, ആഗോള ട്രെന്‍ഡ് എന്നിവ പരിഗണിച്ചുള്ള ടോപ് ഡൗണ്‍ കാഴ്ചപ്പാടും വളര്‍ച്ചാസാധ്യതകള്‍, മാനേജ്മെന്റിന്റെ ഗുണനിലവാരം, ന്യായമായ മൂല്യനിര്‍ണയം എന്നിവക്കായി വ്യക്തിഗത ബിസിനസുകളെ സൂക്ഷ്മമായി പരിശോധിക്കുന്ന ബോട്ടം അപ് കാഴ്ചപ്പാടും.

പ്രധാന നേട്ടം

ഈ ഫണ്ടിന്റെ പ്രധാന ആകര്‍ഷണം ഇതിന്റെ വഴക്കമാണ്. വിപണി മോശമാകുമ്പോള്‍ പ്രതിരോധിക്കാനും നല്ല സമയത്ത് അവസരങ്ങള്‍ ഉപയോഗിച്ച് മുന്നേറാനും ഫ്ളെക്സി ക്യാപ് ഫണ്ടിന് സാധിക്കും- മാറുന്ന കാലാവസ്ഥക്കനുസരിച്ച് കപ്പലിന്റെ ഗതി മാറ്റുന്ന ഒരു ക്യാപ്റ്റനെപ്പോലെയാണിത്. ചെറിയ കമ്പനികളുടെ ഓഹരികള്‍ മുന്നേറുമ്പോള്‍ ആ വളര്‍ച്ചയുടെ ഭാഗമാകാനും വിപണിയില്‍ തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ സുരക്ഷിതവും പെട്ടെന്ന് പണമാക്കി മാറ്റാന്‍ കഴിയുന്നതുമായ വലിയ കമ്പനികളിലേക്ക് മാറാനും ഈ ഫണ്ടിന് കഴിയും.

പോരായ്മ

മാനേജറുടെ തീരുമാനങ്ങളെ പൂര്‍ണമായും ആശ്രയിക്കേണ്ടി വരുന്നു എന്നതാണ് ഇതിന്റെ പ്രധാന പോരായ്മ. മള്‍ട്ടി ക്യാപ് ഫണ്ടുകളില്‍ വൈവിധ്യവല്‍ക്കരണം നിയമപരമായി ഉറപ്പാണെങ്കില്‍, ഫ്ളെക്സി ക്യാപ് ഫണ്ടുകളിലെ നിക്ഷേപം ഏത് വിധത്തിലാകണമെന്ന് തീരുമാനിക്കുന്നത് മാനേജറാണ്. മാനേജറുടെ കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍ നല്ല ലാഭം നേടാം; എന്നാല്‍ തീരുമാനങ്ങള്‍ പിഴച്ചാല്‍ അതേ സ്വാതന്ത്ര്യം തന്നെ നിക്ഷേപകര്‍ക്ക് വലിയ നഷ്ടത്തിന് കാരണമായേക്കാം.

ഉദാഹരണം

ഫ്ളെക്സി ക്യാപ് ഫണ്ടിന് മികച്ച ഉദാഹരണമാണ് വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നിക്ഷേപം മാറ്റാന്‍ സഹായിക്കുന്ന ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഫ്ളെക്സി ക്യാപ് ഫണ്ട് (ICICI Prudential Flexicap Fund). 2026 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ഈ ഫണ്ട് ഒരു വര്‍ഷം കൊണ്ട് 5.09% നേട്ടവും മൂന്ന് വര്‍ഷം കൊണ്ട് 15.39% നേട്ടവും നല്‍കിയിട്ടുണ്ട്.

കൂടാതെ തുടക്കം (ജൂലൈ 2021) മുതല്‍ ഇതുവരെ 14.55% വാര്‍ഷിക വളര്‍ച്ചയും ഇത് നേടി. തുടക്കത്തില്‍ 10 രൂപയായിരുന്ന ഇതിന്റെ അറ്റ ആസ്തി മൂല്യം ഇരട്ടിച്ച് ഇപ്പോള്‍ 20 രൂപയിലെത്തിയിട്ടുണ്ട്.

(ഇഐ വെല്‍ത്ത് ഇന്‍വെസ്റ്റ്മെന്റ് സര്‍വീസസ് സ്ഥാപകനാണ് ലേഖകന്‍)

(Originally published in the 2026 Onam issue of Dhanam Magazine.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT