Image courtesy: Canva
Personal Finance

മൂന്ന് വര്‍ഷത്തിനിടെ 19%  നേട്ടം; ഫ്‌ളെക്‌സി ക്യാപ് ഫണ്ടുകള്‍: സ്ഥിരതയാര്‍ന്ന വളര്‍ച്ചയിലേക്കുള്ള വഴി

ഈ നിക്ഷേപ ശൈലി കോമ്പൗണ്ടിംഗിനൊപ്പം ചേരുമ്പോള്‍ സമ്പത്ത് സൃഷ്ടിക്കല്‍ വേഗത്തിലാകുന്നു

Dhanam News Desk

ബാലകൃഷ്ണ പൈ

ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ ഉതകുന്ന മികച്ചൊരു നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ ഫ്‌ളെക്സിബിലിറ്റിക്ക് വലിയ പ്രാധാന്യമുണ്ട്. ഫ്‌ളെക്സിബിളായ നിക്ഷേപ ശൈലി കൂടുതല്‍ അവസരങ്ങള്‍ നേടാനും നേട്ടം കൂടുതല്‍ ലഭിക്കാനും സഹായിക്കും. ഫ്ളെക്സി ക്യാപ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ പ്രസക്തി ഇവിടെയാണ്.

പേര് സൂചിപ്പിക്കുന്നത് പോലെ ഇത്തരം ഫണ്ടുകളിലൂടെ, സാഹചര്യങ്ങള്‍ മനസിലാക്കി നിയന്ത്രണങ്ങളൊന്നും കൂടാതെ ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളിലേക്ക് യഥേഷ്ടം നിക്ഷേപം നടത്താനും പിന്‍വലിക്കാനും കഴിയുന്നു. ഇത്തരം നിക്ഷേപ തന്ത്രങ്ങള്‍ വിപണിയില്‍ നിന്നുള്ള വിവിധ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി, നേട്ടമുണ്ടാക്കാന്‍ നിക്ഷേപകനെ പ്രാപ്തനാക്കുന്നു.

കാര്യക്ഷമതയും അനുഭവസമ്പത്തുമുള്ള ഒരു ഫണ്ട് മാനേജര്‍ക്ക് കരുത്തുറ്റ ഗവേഷണ വിശകലനങ്ങളുടെ പിന്തുണയോടെ കൃത്യസമയത്ത് നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളാനും ഓഹരി അലോക്കേഷനില്‍ വേഗത്തില്‍ മാറ്റങ്ങള്‍ വരുത്താനും അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയുന്നു.

മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടാനുള്ള കഴിവാണ് ഫ്ളെക്സി ക്യാപ് നിക്ഷേപ തന്ത്രത്തിന്റെ പ്രത്യേകത. മറ്റ് ഇക്വിറ്റി സ്‌കീമുകളില്‍ നിക്ഷേപകര്‍ക്ക് ഇത് നഷ്ടമാകാറുണ്ട്. ഈ നിക്ഷേപ ശൈലി കോമ്പൗണ്ടിംഗിനൊപ്പം ചേരുമ്പോള്‍ സമ്പത്ത് സൃഷ്ടിക്കല്‍ വേഗത്തിലാകുന്നു.

നഷ്ടസാധ്യത കുറയ്ക്കാം

നിക്ഷേപകര്‍ വിപണിയുടെ വിവിധ മേഖലകളിലും വിഭാഗങ്ങളിലും നിക്ഷേപിച്ചിരിക്കുന്നതിനാല്‍ നഷ്ടസാധ്യത കുറയാന്‍ ഫ്ളെക്സി ക്യാപ് ഫണ്ടുകള്‍ സഹായകരമാകുന്നു. ഇത്തരം തന്ത്രങ്ങള്‍ പോര്‍ട്ട്ഫോളിയോകളില്‍ ഉള്‍പ്പെടുത്തുക എന്നത് പൊതുവെ നിക്ഷേപകരെ സംബന്ധിച്ച് എളുപ്പമല്ല. അതുകൊണ്ട് ദീര്‍ഘകാല കാഴ്ചപ്പാടോടെ നിക്ഷേപം നടത്തുന്നതിന് ഫ്ളെക്സി ക്യാപ് ഫണ്ടുകളെ പരിഗണിക്കുന്നതാകും നല്ലത്.

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഫ്ളെക്സി ക്യാപ് ഫണ്ട് ഇത്തരത്തിലൊന്നാണ്. ചടുലമായ നിക്ഷേപ തന്ത്രം പിന്തുടരുന്ന ഈ ഫണ്ട് മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് വിഭാഗങ്ങളില്‍ നിക്ഷേപിക്കുന്നു. ഈ ഫ്ളെക്സിബിലിറ്റി ഉള്ളതുകൊണ്ട് നഷ്ടസാധ്യതകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ ഉതകുന്ന വിധം വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ നിലനിര്‍ത്തിക്കൊണ്ടു തന്നെ വിപണിയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഫണ്ടിന് കഴിയുന്നു.

2025 ഒക്ടോബര്‍ 31ലെ കണക്കനുസരിച്ച് മൂന്ന് വര്‍ഷത്തിനിടെ 19.01 ശതമാനവും 2021 ജൂലൈയില്‍ ആരംഭിച്ച  ശേഷം ഇതുവരെ 17.32 ശതമാനവും വാര്‍ഷിക വളര്‍ച്ച ഈ ഫണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

(മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ് ലേഖകന്‍)

(Originally published in Dhanam Magazine December 15, 2025 issue.)

Flexi cap mutual funds show 19% 3-year growth, offering balanced wealth creation with reduced risk and market adaptability.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT