ഇൻകം ടാക്സ് ആക്ട് 2025 പ്രകാരം ഫോം 145/146 എന്നിവയിലൂടെ നടക്കുന്ന വിദേശ പണമിടപാടുകൾക്ക് ആദായ നികുതി വകുപ്പിന്റെ എ.ഐ അധിഷ്ഠിത പരിശോധന ശക്തമാക്കുന്നു. വ്യാജ രേഖകളിലൂടെ പണം കടത്തുന്ന നിഴൽ കമ്പനികളും 36 സി.എമാരും അന്വേഷണത്തിന്റെ പരിധിയിൽ. നിയമാനുസൃതമായി സ്വത്ത് വിറ്റഴിച്ച് പണം വിദേശത്തേക്ക് കൊണ്ടുപോകുന്ന (repatriation) പ്രവാസികൾ ഇത് സംബന്ധിച്ച രേഖകൾ പൂർണമായി സൂക്ഷിക്കുകയും നികുതി വകുപ്പിന്റെ നോട്ടീസുകൾക്ക് ഉടൻ മറുപടി നൽകുകയും വേണമെന്ന് വിദഗ്ധർ.
വിദേശത്തു നിന്നുള്ള (പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങൾ) പണമൊഴുക്കാണ് കഴിഞ്ഞ അരനൂറ്റാണ്ടായി കേരളത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് കരുത്തേകുന്നത്. എന്നാൽ, വിദേശത്തേക്ക് വ്യാജ കമ്പനികൾ (shell entities) വഴി സംശയാസ്പദമായ രീതിയിൽ പണം കടത്തുന്നത് തടയാൻ ആദായ നികുതി വകുപ്പ് ഇപ്പോൾ രാജ്യവ്യാപകമായി പരിശോധനകൾ ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ സാമ്പത്തിക സേവന മേഖലയും ഇത് വലിയ ഗൗരവത്തോടെയാണ് കാണുന്നത്.
സാധാരണക്കാരായ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തെയല്ല ഈ കേന്ദ്ര നടപടി ബാധിക്കുന്നത്. പകരം, വ്യാജ രേഖകൾ നിർമ്മിച്ച് വിദേശത്തേക്ക് അനധികൃതമായി തുക കൈമാറ്റം ചെയ്യുന്നവരെയും ഇതിന് സർട്ടിഫിക്കറ്റുകൾ നൽകുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാരെയുമാണ് (CA) ആദായ നികുതി വകുപ്പിന്റെ പരിശോധന കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രവാസി മലയാളികൾ തങ്ങളുടെ സ്വത്ത് വിറ്റഴിച്ച തുകയോ നിക്ഷേപങ്ങളോ തിരികെ വിദേശത്തേക്ക് കൊണ്ടുപോകാൻ (repatriation) ആശ്രയിക്കുന്ന പ്രൊഫഷണൽ സർട്ടിഫിക്കേഷൻ സംവിധാനത്തെത്തന്നെയാണ് വ്യാജ കമ്പനികളും ദുരുപയോഗം ചെയ്തിരിക്കുന്നത് എന്നത് പ്രവാസികൾക്കും സി.എ പ്രൊഫഷണലുകൾക്കും ഒരുപോലെ മുന്നറിയിപ്പാകുന്നു.
2026 ഓഗസ്റ്റ് 18-ലെ സി.ബി.ഡി.ടി (CBDT) പത്രക്കുറിപ്പ് പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വൻതോതിൽ വിദേശനാണ്യം വിദേശത്തേക്ക് കടത്തിയ നിരവധി സംശയാസ്പദമായ സ്ഥാപനങ്ങളെ വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്.
വ്യാജ ചാരിറ്റബിൾ ട്രസ്റ്റുകൾ: വ്യാജ സംഭാവനകളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഈ വൻ വിദേശ പണമിടപാട് ശൃംഖല പുറത്തുവന്നത്.
വരുമാനവും ഇടപാടും തമ്മിലുള്ള വൈരുദ്ധ്യം: നികുതി റിട്ടേൺ സമർപ്പിക്കാത്തതോ അല്ലെങ്കിൽ തുച്ഛമായ വിറ്റുവരവ് കാണിക്കുന്നതോ ആയ കമ്പനികളാണ് ഫ്രൈറ്റ് ചാർജ് (freight payments), സോഫ്റ്റ്‌വെയർ ഇറക്കുമതി, കൺസൾട്ടിംഗ് സേവനങ്ങൾ എന്നിവയുടെ പേരിൽ കോടികൾ വിദേശത്തേക്ക് അയച്ചത്.
വ്യാജ വിലാസങ്ങൾ: പരിശോധനയിൽ പല സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്ത വിലാസങ്ങളിൽ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി.
പരിശോധനാ വ്യാപ്തി: നിലവിൽ 394 സ്ഥാപനങ്ങളും (ഇതിൽ 117 എണ്ണം രാജ്യത്തിന്റെ അതിർത്തി സംസ്ഥാനങ്ങളിലാണ്) 36 സി.എ പ്രൊഫഷണലുകളും വകുപ്പിന്റെ കടുത്ത നിരീക്ഷണത്തിലാണ്.
ഇൻകം ടാക്സ് ആക്ട് 2025 പ്രകാരം, മുൻപുണ്ടായിരുന്ന ഫോം 15CB/15CA എന്നിവയ്ക്ക് പകരം ഫോം 146 (സി.എ സർട്ടിഫിക്കറ്റ്), ഫോം 145 (റെമിറ്ററുടെ ഡിക്ലറേഷൻ) എന്നിവയാണ് നിലവിൽ വിദേശ പണമിടപാടുകൾക്കായി ഉപയോഗിക്കുന്നത്.
കേരളത്തിലെ എൻ.ആർ.ഐ ഉപഭോക്താക്കൾ റിയൽ എസ്റ്റേറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയോ മറ്റ് നിക്ഷേപങ്ങളോ വിദേശത്തേക്ക് തിരികെ കൊണ്ടുപോകുമ്പോൾ ഈ സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. പുതിയ ഡിജിറ്റൽ സംവിധാനത്തിൽ ടാക്സ് ഡാറ്റയും ബാങ്കിംഗ് വിവരങ്ങളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, കൃത്യമായ പരിശോധാന രേഖകളില്ലാതെ ലളിതമായി ഇഷ്യൂ ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ ആദായനികുതി വകുപ്പിന്റെ എ.ഐ പരിശോധനയിൽ വേഗത്തിൽ പിടിക്കപ്പെടും.
രേഖകളുടെ പൂർണ്ണത: എൻ.ആർ.ഐ നിക്ഷേപങ്ങൾ വിദേശത്തേക്ക് മാറ്റുമ്പോൾ പണത്തിന്റെ കൃത്യമായ സ്രോതസ്സ്, മുൻകാല ഐ.ടി.ആറുകൾ (ITR), ഫോം 145/146 എന്നിവ കൃത്യമായി സൂക്ഷിക്കുക.
നോട്ടീസുകളോട് ഉടനടി പ്രതികരിക്കുക: ആദായ നികുതി വകുപ്പിൽ നിന്ന് എന്തെങ്കിലും വിശദീകരണ കുറിപ്പ് ലഭിച്ചാൽ അവഗണിക്കാതിരിക്കുക. യഥാസമയം കൃത്യമായ തെളിവുകൾ നൽകുന്നത് തുടർനടപടികളിൽ നിന്നും സംശയങ്ങളിൽ നിന്നും ഒഴിവാകാൻ സഹായിക്കും.
FAST-DS 2026 പ്രയോജനപ്പെടുത്താം: വിദേശത്തുള്ള വെളിപ്പെടുത്താത്ത സ്വത്തുക്കളോ വരുമാനമോ ഉണ്ടെങ്കിൽ, നിലവിലുള്ള 'ഫോറിൻ അസറ്റ്സ് ഓഫ് സ്മോൾ ടാക്സ്പേയേഴ്സ് ഡിസ്ക്ലോഷർ സ്കീം' (FAST-DS 2026) ഉപയോഗപ്പെടുത്തി അത് നിയമവിധേയമാക്കാൻ എൻ.ആർ.ഐകൾ ശ്രദ്ധിക്കേണ്ടതാണ്.
ചുരുക്കത്തിൽ, നിയമവിധേയമായി വിദേശത്തേക്ക് പണമയക്കുന്ന സാധാരണ പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ചട്ടങ്ങൾ കൃത്യമായി പാലിക്കാത്ത ചാർട്ടേഡ് അക്കൗണ്ടന്റുമാരും ധനകാര്യ സ്ഥാപനങ്ങളും കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine