canva
Personal Finance

പെൻഷൻകാർക്ക് ആശ്വാസം: ഇനി വീട്ടിലിരുന്ന് ലൈഫ് സർട്ടിഫിക്കറ്റ് നൽകാം, സഹായവുമായി ഇ.പി.എഫ്.ഒ

സേവനത്തിനായി പെൻഷൻകാർ യാതൊരു തുകയും നൽകേണ്ടതില്ല, ഇതിന്റെ ചെലവ് ഇപിഎഫ്ഒ നേരിട്ടാണ് വഹിക്കുന്നത്

Dhanam News Desk

ബാങ്കുകളിലോ ഇപിഎഫ്ഒ (EPFO) ഓഫീസുകളിലോ നേരിട്ട് പോകാൻ സാധിക്കാത്തവരായ പ്രായമായ പെൻഷൻകാർക്കും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കുമായി ഇന്ത്യ പോസ്റ്റുമായി ചേർന്ന് ഇപിഎഫ്ഒ പുതിയ സേവനം ആരംഭിച്ചു. ഇതിലൂടെ പെൻഷൻകാർക്ക് തങ്ങളുടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) അഥവാ 'ജീവൻ പ്രമാൺ' വീട്ടിലിരുന്ന് തന്നെ സമർപ്പിക്കാൻ സാധിക്കും. ബയോമെട്രിക് പ്രാപ്തമാക്കിയ ആധാർ അധിഷ്ഠിത ഡിജിറ്റൽ സേവനമാണ് ജീവൻ പ്രമാൺ. പെൻഷൻ സ്വീകരിക്കുന്ന വ്യക്തി ജീവിച്ചിരുപ്പുണ്ട് എന്ന് തെളിയിക്കുന്ന രേഖയാണ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്.

സേവനം എങ്ങനെ പ്രയോജനപ്പെടുത്താം?

പെൻഷൻകാർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ 033-22029000 എന്ന കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് ഡോർസ്റ്റെപ്പ് സേവനത്തിനായി സ്ലോട്ട് ബുക്ക് ചെയ്യാവുന്നതാണ്. അപേക്ഷ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, പോസ്റ്റ്മാന്‍ പെൻഷൻകാരന്റെ വീട്ടിലെത്തി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നടപടികൾ പൂർത്തിയാക്കും. ഈ സേവനത്തിനായി പെൻഷൻകാർ യാതൊരു തുകയും നൽകേണ്ടതില്ല, ഇതിന്റെ ചെലവ് ഇപിഎഫ്ഒ നേരിട്ടാണ് വഹിക്കുന്നത്.

പ്രധാന പ്രത്യേകതകൾ

• ബയോമെട്രിക് വിവരങ്ങളും ആധാർ കാർഡും ഉപയോഗിച്ചാണ് ഈ പ്രക്രിയ പൂർത്തിയാക്കുന്നത്.

• ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കാലാവധിയായവർക്കോ അല്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ കാലാവധി തീരാനിരിക്കുന്നവർക്കോ മാത്രമേ ഈ സേവനം ലഭ്യമാകൂ.

• രണ്ട് വർഷത്തിലധികമായി സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ള കേസുകൾക്ക് മുൻഗണന നൽകി 2026 മാർച്ചോടെ എല്ലാ കുടിശികകളും തീർപ്പാക്കാനാണ് ഇപിഎഫ്ഒ ലക്ഷ്യമിടുന്നത്.

സ്മാർട്ട്‌ഫോണുകൾ ഉള്ളവർക്ക് ഫേസ് ഓതന്റിക്കേഷൻ സാങ്കേതികവിദ്യ വഴി ഉമംഗ് ആപ്പിലൂടെയോ ജീവൻ പ്രമാൺ പോർട്ടലിലൂടെയോ സ്വന്തമായും സർട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് തപാൽ വകുപ്പിന്റെ ഈ പുതിയ സേവനം വലിയൊരു കൈത്താങ്ങാണ്.

EPFO and India Post launch doorstep digital life certificate service for pensioners with mobility or tech access challenges.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT