Canva
Personal Finance

നികുതിയില്ല, രൂപയുടെ മൂല്യത്തകർച്ചയും പേടിക്കേണ്ട! പ്രവാസികൾക്ക് ബദൽ നിക്ഷേപ സാധ്യതകളുമായി ഗിഫ്റ്റ് സിറ്റി

ഇന്ത്യൻ നിയന്ത്രണ സംവിധാനങ്ങൾക്ക് വിധേയമായിക്കൊണ്ടുതന്നെ ആഗോള നിക്ഷേപ സാധ്യതകളും മികച്ച നികുതി ഇളവുകളും ഉറപ്പുനൽകുന്നു എന്നതാണ് ഗിഫ്റ്റ് സിറ്റിയുടെ പ്രത്യേകത

Pintu Prakash

യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞതോടെ പ്രവാസികളുടെ (NRIs) ആസ്തി മൂല്യത്തിലുണ്ടാകുന്ന നഷ്ടം ഒഴിവാക്കാൻ ഗുജറാത്തിലെ 'ഗിഫ്റ്റ് സിറ്റി'യിലെ അവസരം പ്രയോജനപ്പെടുത്താമെന്ന് സാമ്പത്തിക വിദ​ഗ്ധർ. കഴിഞ്ഞ ദിവസം (2026 മേയ് 20) യു.എസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 96.96 എന്ന റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 30 ശതമാനത്തോളവും കഴിഞ്ഞ ഒരു വർഷക്കാലയളവിൽ മാത്രം13 ശതമാനവും വീതമാണ് രൂപയുടെ മൂല്യത്തിൽ രേഖപ്പെടുത്തിയ ഇടിവ്. രൂപ അധിഷ്ഠിത നിക്ഷേപങ്ങളുടെ ഡോളർ മൂല്യം കുത്തനെ ഇടിയുന്ന സാഹചര്യത്തിലാണ് രാജ്യാന്തര ധനകാര്യ സേവന കേന്ദ്രമായ ഗിഫ്റ്റ് സിറ്റി, പ്രവാസികൾക്ക് അനുയോജ്യമായ ബദൽ നിക്ഷേപ മാർ​ഗമായി ഉയർന്നു വരുന്നത്.

എന്താണ് ഗിഫ്റ്റ് സിറ്റി?

ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്—സിറ്റി (GIFT City), ഇന്ത്യയിലെ ആദ്യത്തെ പ്രവർത്തനക്ഷമമായ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ (IFSC) ആണ്. സിംഗപ്പൂർ, ദുബായ് തുടങ്ങിയ ആഗോള ധനകാര്യ ഹബ്ബുകളുടെ മാതൃകയിൽ, 2015-ലാണ് അഹമ്മദാബാദിന് സമീപം ഇത് സ്ഥാപിക്കപ്പെട്ടത്. സ്വതന്ത്രമായി പരിവർത്തനക്ഷമതയുള്ള (Convertibility) വിദേശ കറൻസികളിൽ (യു.എസ് ഡോളർ, യു.എ.ഇ ദിർഹം, യൂറോ, ബ്രിട്ടീഷ് പൗണ്ട് എന്നിവ പോലെ) ഇന്ത്യൻ മണ്ണിൽ ഇരുന്ന് ആഗോള നിലവാരത്തിൽ നിക്ഷേപിക്കാൻ കഴിയുന്ന ബാങ്കുകൾ, ഇൻഷുറൻസ്, അസറ്റ് മാനേജ്മെന്റ് കമ്പനി, സ്റ്റോക്ക് എക്സ്ചേഞ്ച്, ഫിൻടെക് തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഒരു ലോകോത്തര ഫിനാൻഷ്യൽ ഇക്കോസിസ്റ്റം ആണ് ​ഗിഫ്റ്റ് സിറ്റിയിൽ ഒരുക്കിയിരിക്കുന്നത്.

നിലവിൽ എച്ച്.എസ്.ബി.സി, സിറ്റി ബാങ്ക് ഉൾപ്പെടെ 40-ഓളം ആഗോള ബാങ്കുകളും 1,030-ലധികം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റേർസ് അതോറിറ്റി (IFSCA) ആണ്, ​ഗിഫ്റ്റ് സിറ്റിയുടെ ഔദ്യോ​ഗിക നിയന്ത്രണ ഏജൻസി. 2025 സെപ്റ്റംബറിലെ കണക്കനുസരിച്ച് ​ഗിഫ്റ്റ് സിറ്റിയിലുള്ള ബാങ്കിംഗ് ആസ്തികളുടെ (Banking Asset) മൂല്യം 10,000 കോടി ഡോളർ (ഏകദേശം 9,65,000 കോടി രൂപ) മറികടന്നിട്ടുണ്ട്.

പ്രവാസി നിക്ഷേപകർക്കുള്ള നേട്ടങ്ങൾ

രൂപയുടെ മൂല്യവ്യതിയാനങ്ങളിൽ നിന്ന് പ്രവാസികളുടെ നിക്ഷേപത്തെ സംരക്ഷിക്കാൻ ഗിഫ്റ്റ് സിറ്റിക്ക് സാധിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ കണ്ണങ്കര വെൽത്ത്‍വൈസ് സ്ഥാപകനും സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറുമായ രതീഷ് കണ്ണങ്കര വിശദീകരിക്കുന്നു.

  • വിദേശ കറൻസിയിലുള്ള നിക്ഷേപങ്ങൾ: ഗിഫ്റ്റ് സിറ്റിയിലെ നിക്ഷേപങ്ങളും അതിന്മേലുള്ള ആദായവും വിദേശ കറൻസിയിൽ (ഡോളർ, ദിർഹം, യൂറോ തുടങ്ങിയവ) ആണ് സൂക്ഷിക്കുന്നത്. അതിനാൽ രൂപയുടെ മൂല്യത്തകർച്ച നിക്ഷേപത്തിന്റെ നാമമാത്ര മൂല്യത്തെ (nominal value) നേരിട്ട് ബാധിക്കില്ല — ഇത് ഡോളറിലോ വിദേശ കറൻസികളിലോ നിക്ഷേപം തിരികെ വേണമെന്ന് ആ​ഗ്രഹിക്കുന്ന പ്രവാസികൾക്ക് ഒരു സംരക്ഷണ കവചമാകുന്നു.

  • നികുതി ഇളവുകൾ: ക്യാപിറ്റൽ ഗെയിൻസ് ടാക്സ് (സി.ജി.ടി), സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്.ടി.ടി), ജി.എസ്.ടി, ടി.ഡി.എസ് എന്നിവയിൽ നിന്ന് ഏറെക്കുറെയോ അല്ലെങ്കിൽ ​ഗണ്യമായോ ഇളവ് (അസറ്റ് അനുസരിച്ച്) ലഭിക്കുന്നു.

  • പൂർണമായും തിരികെകൊണ്ടുപോകാം: വിദേശ വിനിമയ ചട്ടങ്ങളുടെ (FEMA) നിയന്ത്രണങ്ങളില്ലാതെ നിക്ഷേപിച്ച തുകയും ലാഭവും പൂർണമായി വിദേശത്തേക്ക് തിരികെ കൊണ്ടുപോകാം (Repatriability).

  • പാൻ/ഐ.ടി.ആർ ഇളവ്: ഐ.എഫ്.എസ്.സി ഫണ്ടുകളിൽ നിന്ന് മാത്രം വരുമാനമുള്ള പ്രവാസികൾക്ക് ഇന്ത്യയിൽ ആദായ നികുതി റിട്ടേൺ (ITR) സമർപ്പിക്കേണ്ടതില്ല. മ്യൂച്വൽ ഫണ്ട് പോലുള്ള ചില ഐ.എഫ്.എസ്.സി ഉത്പന്നങ്ങളിൽ നിക്ഷേപിക്കാൻ പാൻ (PAN) നിർബന്ധമില്ലെങ്കിലും, ഉൽപ്പന്നം അനുസരിച്ച് കെ.വൈ.സി രേഖ സംബന്ധിച്ച ആവശ്യകത വ്യത്യാസപ്പെടാം.

അതുപോലെ ചെറുകിട പ്രവാസി നിക്ഷേപകർക്ക് 500 ഡോളർ മുതൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം ആരംഭിക്കാം. ഉയർന്ന സാമ്പത്തിക ശേഷിയുള്ള എൻ.ആർ.ഐ നിക്ഷേപകർക്ക്, പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസസ് (PMS) 75,000—1,50,000 ഡോളർ മുതലും ആൾട്ടർനേറ്റീവ് ഇൻവെ​സ്റ്റ്മെന്റ് ഫണ്ടുകൾ (AIF) 75,000—1,50,000 ഡോളർ പരിധിയിൽ ആരംഭിക്കുന്ന പദ്ധതികളും ലഭ്യമാണ്, രതീഷ് കണ്ണങ്കര പറഞ്ഞു.

പ്രവാസികൾ സ്വീകരിക്കേണ്ട തന്ത്രങ്ങൾ

രൂപയുടെ മൂല്യശോഷണവും നികുതി ഭാരവും കുറയ്ക്കാൻ സഹായിക്കുന്ന ​ഒരു ശക്തമായ ഉപാധിയാണ് ഗിഫ്റ്റ് സിറ്റി. ഇതിനെ ഫലപ്രദമായി ഉപയോഗിക്കാൻ പ്രവാസികൾ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ഹാർനെസ് ഫിൻ വെൽത്തിലെ ചീഫ് സ്ട്രാറ്റജി​സ്റ്റും സർട്ടിഫൈ‍ഡ് ഫിനാൻഷ്യൽ പ്ലാനറുമായ അനീഷ് ചന്ദ്രൻ സി.വി. വിശദീകരിക്കുന്നു.

  • മ്യൂച്വൽ ഫണ്ടുകളിലൂടെയുള്ള തുടക്കം: പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനം മനസ്സിലാക്കുന്നതിനായി ഗിഫ്റ്റ് സിറ്റി മ്യൂച്വൽ ഫണ്ടുകളിൽ 500 മുതൽ 5,000 ഡോളർ വരെയുള്ള തുക നിക്ഷേപിച്ച് ആരംഭിക്കാവുന്നതാണ് (ടാറ്റ ഇന്ത്യ ഡൈനാമിക് ഇക്വിറ്റി ഫണ്ട്, സുന്ദരം ഇന്ത്യ മിഡ് ക്യാപ് ഫണ്ട് എന്നിവ പോലെയുള്ളവ).

  • കറൻസി റിസ്ക് കുറയ്ക്കൽ: ഭാവിയിൽ രൂപയുടെ മൂല്യത്തകർച്ചയിൽ നിന്നും നേരിടാവുന്ന ആസ്തി മൂല്യത്തിലെ ചോർച്ച തടയുന്നതിനായി പോർട്ട്‌ഫോളിയോയുടെ 10 മുതൽ 20 ശതമാനം വരെ ഗിഫ്റ്റ് സിറ്റിയിലെ ഡോളർ (വിദേശ കറൻസി) അധിഷ്ഠിത ആസ്തികളിലേക്ക് മാറ്റുക.

  • നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുക: വലിയ തുക നിക്ഷേപിക്കുന്നവർക്കും പതിവായി ട്രേഡ് ചെയ്യുന്നവർക്കും ക്യാപിറ്റൽ ഗെയിൻ ടാക്സ്, എസ്.ടി.ടി എന്നിവ ഒഴിവാക്കാൻ ഈ ഘടന സഹായകരമാണ്.

  • ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾ: വലിയ തോതിൽ നിക്ഷേപ ശേഷിയുള്ളവർക്ക് കാറ്റ​ഗറി-I/II എ.ഐ.എഫ്-കളിലൂടെ ഇന്ത്യയിലെ റിയൽ എ​സ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ മേഖലകളിലും, കാറ്റ​ഗറി-III എ.ഐ.എഫ്-കളിലൂടെ ഹെഡ്ജ് ഫണ്ട്/ ലോങ്-ഷോർട്ട് ഇക്വിറ്റി സ്ട്രാറ്റജികളിലും നിക്ഷേപിക്കാം.

ഇന്ത്യൻ നിയന്ത്രണ സംവിധാനങ്ങൾക്ക് വിധേയമായിക്കൊണ്ടുതന്നെ ആഗോള നിക്ഷേപ സാധ്യതകളും മികച്ച നികുതി ഇളവുകളും ഉറപ്പുനൽകുന്നു എന്നതാണ് ഗിഫ്റ്റ് സിറ്റിയുടെ പ്രത്യേകത. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് പ്രവാസി നിക്ഷേപങ്ങളുടെ യഥാർത്ഥ മൂല്യം കുറയ്ക്കുന്ന സാഹചര്യത്തിൽ, പോർട്ട്‌ഫോളിയോ സുരക്ഷിതമാക്കാൻ ഗിഫ്റ്റ് സിറ്റി ഫലപ്രദമായ ഒരു മാർഗ്ഗമാണെന്നും അനീഷ് ചന്ദ്രൻ കൂട്ടിച്ചേർത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT