2020 ല്‍ (കോവിഡ് കാലത്ത്) ലോകം കീഴ്‌മേല്‍ മറിഞ്ഞത് പോലെയായപ്പോള്‍ വിപണിയിലും അത് പ്രതിഫലിച്ചു. ഓഹരികള്‍ ഇടിയുകയും രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകള്‍ സ്തംഭിക്കുകയും അനിശ്ചിതത്വം സാധാരണമാകുകയും ചെയ്തു. എന്നാല്‍ അതിനിടയിലും സ്വര്‍ണം തിളക്കത്തോടെ തലയുയര്‍ത്തി തന്നെ നിന്നു.
ദുബായില്‍ ഐടി പ്രൊഫഷണലായ രമേശ് (പേര് സാങ്കല്‍പ്പികം) ഈ കഥയുടെ രണ്ട് വശങ്ങളും അനുഭവിച്ചറിഞ്ഞയാളാണ്. 2012ല്‍ സ്വര്‍ണം വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന വിശകലനങ്ങളില്‍ വിശ്വസിച്ച് അദ്ദേഹം ഏതാനും സ്വര്‍ണ നാണയങ്ങള്‍ വാങ്ങിവെച്ചു. എന്നാല്‍ പെട്ടെന്നു തന്നെ ആ വിശ്വാസത്തിന് മങ്ങലേറ്റു. അടുത്ത ആറ് വര്‍ഷത്തേക്ക് സ്വര്‍ണ വിലയില്‍ വലിയ മുന്നേറ്റം ഉണ്ടായില്ല. പത്ത് ഗ്രാമിന് 25,000-32,000 രൂപയെന്ന നിലവാരത്തില്‍ നേരിയ മാറ്റങ്ങള്‍ മാത്രമാണ് ഉണ്ടായത്. രമേശിന് സ്വര്‍ണത്തിലുള്ള വിശ്വാസം നഷ്ടമായ കാലമായിരുന്നു അത്. മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിച്ചാല്‍ മതിയായിരുന്നു എന്ന തോന്നല്‍ അദ്ദേഹം ഭാര്യയുമായി പങ്കുവെയ്ക്കുകയും ചെയ്തു. എന്നാല്‍ 2020ല്‍ കോവിഡ് പടര്‍ന്നുപിടിക്കുകയും ലോക്ക്ഡൗണിനെ തുടര്‍ന്ന് വിപണി തകരുകയും ചെയ്തു. പെട്ടെന്നാണ് വര്‍ഷങ്ങളോളം വലിയ മുന്നേറ്റമില്ലാതിരുന്ന സ്വര്‍ണം താരമായത്. മാസങ്ങള്‍ക്കകം സ്വര്‍ണ വില പത്ത് ഗ്രാമിന് 50,000 രൂപയ്ക്ക് അടുത്തെത്തി. ഇത്രയും കാലം ക്ഷമയോടെ കാത്തിരുന്നവര്‍ക്ക് അര്‍ഹിച്ച പ്രതിഫലമായിരുന്നു അത്. നേരത്തെ തന്നെ സ്വര്‍ണം വാങ്ങി കയ്യില്‍ വെച്ചിരുന്ന രമേശിന്, സ്വര്‍ണം അത്ര മോശം നിക്ഷേപമല്ല എന്ന് തോന്നിയ നിമിഷം.
2012 മുതല്‍ 2019 വരെ സ്വര്‍ണത്തിന് കാര്യമായ അനക്കമില്ലായിരുന്നു.ആഗോള സമ്പദ്വ്യവസ്ഥ സ്ഥിരത കൈവരിക്കുകയും ഓഹരി വിപണി കുതിച്ചുയരുകയും ചെയ്തിരുന്ന സമയം. നിക്ഷേപകരാകട്ടെ ഉയര്‍ന്ന നേട്ടം തേടി സ്വര്‍ണ ഇതര വഴികള്‍ തേടി. എന്നാല്‍ സ്വര്‍ണത്തിന്റെ ഈ 'മോശം പ്രകടനം' ഒരു പരാജയം എന്ന് പറയാനാവുമായിരുന്നില്ല. പതിവുപോലെ, അപകട സാധ്യതയുള്ള ആസ്തി വിഭാഗങ്ങള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.
സ്വര്‍ണത്തിന് തിളക്കം നഷ്ടപ്പെട്ടുവെന്ന് കരുതി പലരും സ്വര്‍ണ നിക്ഷേപത്തില്‍ നിന്ന് പിന്തിരിഞ്ഞു. എന്നാല്‍ പണപ്പെരുപ്പം, യുദ്ധം, വിപണി ചാഞ്ചാട്ടം തുടങ്ങിയ അനിശ്ചിതത്വങ്ങളുടെ സമയത്ത് സ്വര്‍ണം മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടെന്നതാണ് ചരിത്രം.
അതിന് ശേഷമാണ് വിപണി പെരുമാറ്റത്തെ പുനര്‍നിര്‍വചിച്ച 'ബ്ലാക്ക് സ്വാന്‍'സംഭവമെന്ന് വിശേഷിപ്പിക്കാവുന്ന കോവിഡ് 19ന്റെ വരവ്. അതില്‍ ഓഹരി വിപണികള്‍ തകര്‍ന്നു, എണ്ണ വില നെഗറ്റീവായി, നിക്ഷേപം സംബന്ധിച്ച ചര്‍ച്ചകളിലെല്ലാം ഭയം ആധിപത്യം പുലര്‍ത്തി. അവയ്ക്കിടയില്‍ സ്വര്‍ണം സുരക്ഷിതമായ തുരുത്തായി മാറി. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകള്‍ കോടിക്കണക്കിന് നോട്ടുകള്‍
അച്ചടിച്ചു. ഇത് പണപ്പെരുപ്പം വര്‍ധിപ്പിച്ചു. കറന്‍സികള്‍ ദുര്‍ബലമായപ്പോള്‍ സ്വര്‍ണത്തില്‍ അന്തര്‍ലീനമായ മൂല്യം വര്‍ധിച്ചു. 2024 ആയപ്പോഴേക്കും 2018ലെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് ഏകദേശം ഇരട്ടിയായി ഉയര്‍ന്നു. ഇത് മിക്ക ആസ്തി വിഭാഗങ്ങളെയും മറികടന്നുള്ള മികച്ച പ്രകടനമായിരുന്നു.
ഇപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കേണ്ടതുണ്ടോ എന്നതിന് നിര്‍ബന്ധമില്ല എന്നാണ് പറയാന്‍ കഴിയുക. നിക്ഷേപകരുടെ ഏറ്റവും വലിയ പ്രശ്‌നം
സമയമാണ്. എല്ലാവരും സ്വര്‍ണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് വാങ്ങുകയും ആരും ശ്രദ്ധിക്കാതെയാകുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്നു.
പിന്തുടരേണ്ട ഒന്നല്ല സ്വര്‍ണം. മറിച്ച് അതിനായും ഒരു വിഹിതം മാറ്റിവെയ്ക്കുക. സന്തുലിതമായ ഭക്ഷണത്തിന് എല്ലാ പോഷകങ്ങളും ആവശ്യമാണ് എന്നതുപോലെ സന്തുലിതമായ പോര്‍ട്ട്‌ഫോളിയോയ്ക്ക് എല്ലാ ആസ്തി വിഭാഗങ്ങളും ആവശ്യമാണ്.
വളര്‍ച്ചയ്ക്ക് ഓഹരികള്‍, സ്ഥിരതയ്ക്ക് കടപ്പത്രങ്ങള്‍, അനിശ്ചിത സമയങ്ങളില്‍ സംരക്ഷണത്തിന് സ്വര്‍ണം എന്നിങ്ങനെയായിരിക്കണം. ചരിത്രപരമായി ഓഹരി വിലകള്‍ കുത്തനെ ഇടിയുമ്പോഴെല്ലാം സ്വര്‍ണ വില ഉയരുകയോ സ്ഥിരത കൈവരിക്കുകയോ ചെയ്യുന്നു. അതുവഴി നിങ്ങളുടെ മൊത്തത്തിലുള്ള സമ്പത്തിന്മേലുള്ള ആഘാതം കുറയ്ക്കുന്നു.
നിങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ 10 ശതമാനം സ്വര്‍ണം ആയിരിക്കണമെന്നാണ് മിക്ക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. താഴെ പറയുന്ന മാര്‍ഗങ്ങളിലൂടെ നിക്ഷേപം നടത്താനാകും.
സോവറിന്‍ ഗോള്‍ഡ് ബോïുകള്‍: 2.5 ശതമാനം വാര്‍ഷിക പലിശയും മൂലധന വര്‍ധനവും നല്‍കുന്നു.
ഗോള്‍ഡ് ഇടിഎഫുകള്‍ അല്ലെങ്കില്‍ മ്യൂച്വല്‍ ഫïുകള്‍: എളുപ്പത്തില്‍ പണമാക്കി മാറ്റാനാവും. സുതാര്യമായ വിലനിര്‍ണയം.
ഡിജിറ്റല്‍ ഗോള്‍ഡ്: സൗകര്യപ്രദം. ചെറുകിട നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യം.
ഇത്തരത്തിലുള്ള സ്വര്‍ണ നിക്ഷേപംനിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയുടെ സ്ഥിരത കൂട്ടുന്നു. വിപണി വല്ലാതെ ചാഞ്ചാടുമ്പോള്‍ നിങ്ങള്‍ക്ക് നേട്ടം നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നു.
പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള ആസ്തിയല്ല സ്വര്‍ണം. അത് സമ്പത്തിന് സംരക്ഷണമൊരുക്കുന്നു. ഹ്രസ്വകാല ലാഭം കൊണ്ട് കണ്ണഞ്ചിപ്പിക്കുകയല്ല
അതിന്റെ ലക്ഷ്യം. മറിച്ച്, ദീര്‍ഘകാല സമൃദ്ധി ഉറപ്പാക്കലാണ്. സ്വര്‍ണത്തെ പിന്തുടരാതെ നിശബ്ദമായി കൈവശം വെച്ചതിലൂടെ രമേശ് അത് ശരിയായ
രീതിയില്‍ ഉള്‍ക്കൊണ്ടു. അദ്ദേഹം ഇപ്പോള്‍ വ്യവസ്ഥാപിതമായ രീതിയില്‍ നിക്ഷേപിക്കുന്നു. തന്റെ വൈവിധ്യപൂര്‍ണമായ പോര്‍ട്ട്‌ഫോളിയോയില്‍ 10 ശതമാനം സ്വര്‍ണം ആയിരിക്കുമെന്ന് ഉറപ്പിക്കുന്നു. ഇന്ന് ഏറ്റവും തിളക്കമുള്ളത് എന്താണോ അതിന്റെ പിന്നാലെ പോകുക എന്നതല്ല, ഏത് കൊടുങ്കാറ്റിലും പിടിച്ചുനില്‍ക്കുന്നവ കൈവശം വെയ്ക്കുക എന്നതാണ് യഥാര്‍ത്ഥ സമ്പത്ത്.
(മുന്‍ ബാങ്കറും വെല്‍ത്ത് മാട്രിക്‌സ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമാണ് ലേഖകന്‍. ഫോണ്‍: 9994460022. വെബ്സൈറ്റ്: www.wealthmtarix.in)
*ധനം മാഗസീന്‍ 2025 നവംബര്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
Gold’s resurgence highlights the importance of balanced investing with a 10% portfolio allocation, experts suggest.
Read DhanamOnline in English
Subscribe to Dhanam Magazine