Image courtesy: Canva
Personal Finance

കടം വാങ്ങി മുടിയരുത്, ചെലവിട്ട് വഷളാകരുത്, സാമ്പത്തിക വളര്‍ച്ച അപകടത്തിലാക്കുന്ന ശീലങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗങ്ങളുണ്ട്, അറിയാം

വരുമാനത്തിലും ചെലവുകളിലും അശ്രദ്ധ കാണിക്കുന്നത് സാമ്പത്തിക ഭാവി ദുഷ്‌കരമാക്കും

Dhanam News Desk

കടങ്ങള്‍ ഒഴിവാക്കാന്‍ മികച്ച സാമ്പത്തിക മാനേജ്‌മെന്റ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സാമ്പത്തിക സാക്ഷരതയില്ലാത്തതാണ് പലപ്പോഴും കടങ്ങള്‍ പെരുകുന്നതിനുളള കാരണമായി കണ്ടുവരുന്നത്. സ്ഥിരതയുള്ള ഒരു സാമ്പത്തിക ഭാവിക്കായി കടങ്ങള്‍ ഒഴിവാക്കേണ്ടത് പ്രധാനമാണ്. കടങ്ങള്‍ ഒഴിവാക്കുന്നതായി ദൈനംദിന ജിവതത്തില്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. കടക്കെണികള്‍ ഒഴിവാക്കുന്നതിനായി നിത്യ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

ക്രെഡിറ്റ് കാർഡുകളെ അമിതമായി ആശ്രയിക്കൽ

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ എളുപ്പമാണ്. എന്നാല്‍ അവയെ അമിതമായി ആശ്രയിക്കുന്നത് ഉപയോക്താവിനെ വലിയ കടക്കെണിയിലാക്കാന്‍ സാധ്യതയുണ്ട്. ശരിയായ തിരിച്ചടവ് പദ്ധതി ഇല്ലാതെ ദൈനംദിന ഇടപാടുകൾക്കായി ക്രെഡിറ്റ് കാര്‍ഡുകളെ കൂടുതല്‍ ആശ്രയിക്കുന്നത് ഉയർന്ന പലിശ നിരക്കുള്ള കടം കുമിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ക്രെഡിറ്റ് കാർഡില്‍ കടം പെരുകുന്നത് ഉപയോക്താവിന്റെ ക്രെഡിറ്റ് സ്കോറിനെയും മോശമായി ബാധിക്കുന്നു.

ബജറ്റിംഗിന്റെ അഭാവം

വരുമാനത്തിലും ചെലവുകളിലും അശ്രദ്ധ കാണിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ഭാവി ദുഷ്‌കരമാക്കും. വരുമാനവും ചെലവും തമ്മിലുളള അന്തരം പണത്തിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ബജറ്റിംഗോ ശരിയായ ആസൂത്രണമോ ഇല്ലാതെ പണം അമിതമായി ചെലവഴിക്കുന്നത് കടം വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് വികാരങ്ങൾക്കനുസരിച്ചല്ല നിങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി വേണം പ്രധാനമായും പണം ചെലവഴിക്കാന്‍.

ചെറിയ ചെലവുകൾ നിസ്സാരമായി കാണുക

ദിവസവും ചെലവിടുന്ന ചെറിയ തുകകള്‍ നിസാരമായി കാണരുത്. ഈ ചെറിയ ചെലവുകള്‍ വേഗത്തിൽ വർദ്ധിച്ച് നിങ്ങളുടെ സാമ്പത്തിക സ്ഥിതി അപകടത്തിലാക്കിയേക്കാം. ഇത്തരം ചെലവുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഡയറി സൂക്ഷിക്കുന്നത് നല്ലതാണ്. സ്ഥിരമായി ചെയ്യുന്ന ഇത്തരം കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്നത് നിങ്ങളുടെ വ്യക്തിഗത ധനകാര്യ മാനേജ്‌മെന്റിൽ ആവശ്യമായ അച്ചടക്കം കൊണ്ടുവരാന്‍ സഹായകരമാണ്.

സാമ്പത്തിക സാക്ഷരതയെ അവഗണിക്കല്‍

വ്യക്തിഗത ധനകാര്യത്തിന്റെ അടിസ്ഥാനകാര്യങ്ങൾ ശ്രദ്ധിക്കാന്‍‌ എപ്പോഴും ഉപയോക്താവ് ശ്രമിക്കണം. ബജറ്റിംഗ്, സമ്പാദ്യം, നിക്ഷേപം, കടം കൈകാര്യം ചെയ്യൽ എന്നിവ സംബന്ധിച്ച് ഉപയോക്താവ് വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ ദീർഘകാലാടിസ്ഥാനത്തിൽ മോശം സാമ്പത്തിക തീരുമാനങ്ങളിലേക്കും കടബാധ്യതയിലേക്കും നയിക്കാനിടയുണ്ട്.

അടിയന്തര ഫണ്ടിന്റെ അഭാവം

പെട്ടെന്നുള്ള ചെലവുകൾ എപ്പോൾ വേണമെങ്കിലും ഒരു വ്യക്തിക്ക് സംഭവിക്കാം. ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ പെട്ടെന്നുള്ള ചെലവുകൾ വരാനിടയുണ്ട്. അതിനാല്‍ അടിയന്തര ഫണ്ട് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ചെലവുകൾ നിറവേറ്റുന്നതിനായി ക്രെഡിറ്റ് കാർഡുകളോ വായ്പകളോ ഉപയോഗിക്കുന്നത് കടം വരുത്തിവെച്ചേക്കാം. ആറ് മാസത്തെ ചെലവുകൾ നിറവേറ്റുന്നതിനുളള ഒരു അടിയന്തര ഫണ്ട് കരുതിയിരിക്കുന്നത് നല്ലതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT