Image Courtesy: Canva 
Personal Finance

വരവില്‍ ഒതുങ്ങാതെ ചിലവ്; ക്രെഡിറ്റ് കാര്‍ഡില്‍ കുടുങ്ങി പ്രവാസികള്‍; ബജറ്റ് താളം തെറ്റുന്ന വഴികള്‍

ദീര്‍ഘകാല ഫിനാൻഷ്യൽ പ്ലാനിംഗ് ഇല്ലാതെ 41 ശതമാനം പേര്‍

Dhanam News Desk

''വരുമാനം ജീവിത ചിലവുകള്‍ക്ക് തികയുന്നില്ല. ക്രെഡിറ്റ് കാര്‍ഡിലെ കടങ്ങള്‍ നീണ്ടു പോകുന്നത് മിച്ചം. സേവിംഗ്‌സിനെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയുന്നില്ല.'' ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സ്ഥാപനമായ യാബി (yabi) ദുബൈ നഗരത്തില്‍ നടത്തിയ ഫിനാന്‍ഷ്യല്‍ ഹെല്‍ത്ത് സര്‍വെയില്‍ പങ്കെടുത്തവരുടെ പൊതു വികാരമാണിത്. സ്വദേശികളും പ്രവാസികളുമായ സ്വകാര്യ കമ്പനി ജീവനക്കാര്‍, സാധാരണ തൊഴിലാളികള്‍, ചെറുകിട ബിസിനസുകാര്‍ എന്നീ വിഭാഗങ്ങള്‍ക്കിടയിലാണ് സര്‍വെ നടന്നത്. കഴിഞ്ഞ വര്‍ഷം വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ചിലവിടേണ്ടി വന്നതായി സര്‍വെയില്‍ പങ്കെടുത്തവരില്‍ 51 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 33.5 ശതമാനം പേരാണ് വരുമാനത്തില്‍ നിന്ന് മിച്ചം വെക്കാന്‍ കഴിയുന്നതായി പ്രതികരിച്ചത്.

ക്രെഡിറ്റ് കാര്‍ഡുകള്‍ വില്ലനോ?

ചിലവുകള്‍ കൂടുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടത് ക്രെഡിറ്റ് കാര്‍ഡുകളാണെന്ന് സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. കയ്യില്‍ പണമില്ലെങ്കിലും എന്തും വാങ്ങാനുള്ള സൗകര്യം ക്രെഡിറ്റ് കാര്‍ഡുകളിലുണ്ട്. പിന്നീട് ഗഡുക്കളായി നല്‍കിയാല്‍ മതിയെന്നത് സാധാരണക്കാരായ പ്രവാസികളെ പോലും കൂടുതല്‍ പര്‍ച്ചേസുകള്‍ക്ക് പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് ഇഎംഐ ബാധ്യത ഏറ്റെടുക്കേണ്ടി വരുന്നത് അവരുടെ സാമ്പത്തിക ഭദ്രതക്ക് വെല്ലുവിളിയാകുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ദുബൈ നഗരത്തിലെ അധികചിലവുകള്‍ മറ്റൊരു കാരണമാണ്. ചിലവ് കൂടിയ റസ്‌റ്റോറന്റ് ഭക്ഷണം, ക്ലബ്ബുകള്‍, വിവിധ വിനോദങ്ങള്‍ എന്നിവയില്‍ പണം വലിയ തോതില്‍ ചിലവിടുന്നവരുടെ എണ്ണം കൂടുകയാണ്.

മൂന്നാമതായി, മറ്റുള്ളവര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള ആഗ്രഹമാണ്. വിലകൂടിയ കാറുകള്‍, ഡിസൈനര്‍ ബാഗുകള്‍ തുടങ്ങിയവക്കായി വരുമാനത്തിന് ആനുപാതികമല്ലാത്ത രീതിയില്‍ പണം ചിലവിടുന്നവര്‍ ഏറെയുണ്ടെന്നാണ് സര്‍വെയില്‍ കണ്ടെത്തിയത്.

ദീര്‍ഘകാല പ്ലാനിംഗ് ഇല്ലാതെ 41 ശതമാനം പേര്‍

ദീര്‍ഘകാലത്തേക്കുള്ള ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ഇല്ലാത്തവരാണ് സര്‍വെയില്‍ പങ്കെടുത്തവരില്‍ 41 ശതമാനം പേരും. വീട്ടുവാടക, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ ബില്ലുകള്‍ കൃത്യസമയങ്ങളില്‍ നല്‍കാന്‍ കഴിയാത്തവര്‍ 37 ശതമാനമുണ്ട്. പ്രവാസികളില്‍ അധികം പേരും സ്വന്തം ചിലവുകള്‍ക്ക് പുറമെ നാട്ടിലുള്ള കുടുംബാംഗങ്ങളുടെ അപ്രതീക്ഷിത ചിലവുകള്‍ക്കും പണം നല്‍കേണ്ടി വരുന്നവരാണ്. റിട്ടയര്‍മെന്റ് കാലത്തേക്കായി പണം മാറ്റിവെക്കാന്‍ കഴിയുന്നില്ലെന്ന് അഭിപ്രായപ്പെട്ടവരാണ് സര്‍വെയില്‍ പങ്കെടുത്തവരില്‍ പകുതിയില്‍ അധികം പേരും.

ഫിനാന്‍ഷ്യല്‍ പ്ലാനിംഗിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവരുടെ എണ്ണം കുറവാണെന്ന് സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. പണം മിച്ചം വെക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നവര്‍ കുറവാണ്. വരുമാനത്തെ വിവിധ തട്ടുകളിലാക്കി സേവിംഗ്‌സ് നടത്താനുള്ള ചില വഴികള്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

1.വരുമാനത്തിന്റെ 50 ശതമാനം വീട്ടുവാടക, ലോണ്‍ തിരിച്ചടവ് തുടങ്ങിയ സ്ഥിരം ചിലവുകള്‍ക്ക് മാറ്റിവെക്കണം.

2.30 ശതമാനം ഷോപ്പിംഗിനും റസ്‌റ്റോറന്റ് ഭക്ഷണത്തിനും വിനോദത്തിനും ചിലവിടണം.

3.20 ശതമാനം നിക്ഷേപമാക്കി മാറ്റാന്‍ കഴിയണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT