''പുതിയ ചെറുപ്പക്കാരുടെ ലോകം ഒന്നു വേറെ തന്നെ. അവര്‍ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കുന്നില്ല. ജീവിത ഭാരം അറിയുന്നില്ല. അടിച്ചുപൊളിച്ച് കഴിയുന്നു. ജോലിയില്‍ ആത്മാര്‍ഥതയില്ല. മെച്ചപ്പെട്ട വരുമാനം തേടിയുള്ള പോക്കാണ്. ഒന്നിലും ഉറച്ചു നില്‍ക്കുന്നില്ല. ഞങ്ങളൊക്കെ എത്ര കഷ്ടപ്പെട്ടാണ് ജീവിച്ചത്! കുടുംബത്തക്കുറിച്ചോ പെടാപ്പാടുകളെക്കുറിച്ചോ ഇവര്‍ക്ക് വല്ലതും അറിയണോ? ഇയര്‍ഫോണും വെച്ച് മൊബൈലിലേക്ക് തല കുമ്പിട്ടിരിക്കുന്ന കൂട്ടര്‍. ഇവരൊക്കെ നാളെ എങ്ങനെ ജീവിക്കുമോ എന്തോ!''
തലയില്‍ നര കയറിയവരുടെ പതിവു പരാതിയും ആശങ്കയുമാണിത്. ചെറുപ്പക്കാരൊന്നും 'പോരാ' എന്ന മട്ട്. അതെന്തായാലും, അവര്‍ക്കിടയില്‍ നല്ല ഒരു മാറ്റം കൂടുതല്‍ ദൃശ്യമായി വരുന്നുണ്ട്. ജോലി കിട്ടിയാല്‍ ആദ്യ ശമ്പളം കൊണ്ട് നല്ലൊരു ഫോണും, നല്ലെരു വിരുന്നുമൊക്കെ പതിവായ രീതി. അതിനിടയിലും, തുടക്കത്തിലേ സമ്പാദിച്ചു തുടങ്ങുന്ന പ്രവണത വര്‍ധിച്ചു വരുന്നുണ്ട്. മ്യൂച്വല്‍ ഫണ്ടും എസ്.ഐ.പിയും ഇ.ടി.എഫുമൊക്കെ അവര്‍ തെരഞ്ഞെടുക്കുന്നു. 500 എങ്കില്‍ അത് എന്ന മട്ടില്‍ നിക്ഷേപിക്കുന്നു. കൊച്ചിയിലെയും ഡല്‍ഹിയിലെയും മുംബൈയിലെയുമൊക്കെ ചെറുതും വലുതുമായ ഓഫീസുകളില്‍, ചെറുതും വലുതുമായ ജോലി ചെയ്യുന്നവര്‍ ഇത്തരത്തില്‍ ചെറിയൊരു തുകയെങ്കിലും മാസഗഡുക്കളായി നിക്ഷേപിക്കുന്നുണ്ട്.
ഓഹരി വിപണിക്ക് ഈ വര്‍ഷം അത്ര നല്ലതൊന്നുമായിരുന്നില്ല. ട്രംപ് മുതല്‍ യുദ്ധം വരെ പലവിധ പ്രശ്‌നങ്ങള്‍ക്കിടയില്‍ കയറ്റിറക്കങ്ങള്‍. ഐ.പി.ഒകള്‍ പലതു വന്നെങ്കിലും ഇഷ്യൂ പ്രൈസിനേക്കാള്‍ ഓഹരി വിലകള്‍ മിക്കതും താഴെപ്പോയി. അമിതാവേശം കാട്ടിയ പലര്‍ക്കും കൈപൊള്ളി. എന്നാല്‍ അതൊന്നും വലിയ കാര്യമാക്കാതെ, ആത്മവിശ്വാസത്തോടെ പ്രതിമാസ ഗഡുക്കള്‍ അടക്കാന്‍ ഐ.ടി പ്രഫഷണലുകള്‍ മുതല്‍ ഗിഗ് വര്‍ക്കര്‍മാര്‍ വരെ താല്‍പര്യം കാണിക്കുന്നു എന്നതാണ് സമ്പാദ്യരംഗത്തെ വലിയ മാറ്റം. എഫ്.ഡി പോലുള്ള പരമ്പരാഗത നിക്ഷേപമോ, ഭൗതിക രൂപത്തിലുള്ള സ്വര്‍ണമോ അല്ല അവരെ ആകര്‍ഷിക്കുന്നതെന്നും കാണാം.
''എളുപ്പത്തില്‍ പണം സമ്പാദിക്കാമെന്ന തെറ്റിദ്ധാരണയൊന്നും ഉണ്ടായിരുന്നില്ല'' -കൊച്ചിക്കാരനായ 22 വയസ്സുള്ള എഞ്ചിനീയറിംഗ് ബിരുദധാരി പറയുകയായിരുന്നു. വിപണിയിലെ ഇടിവുകള്‍ ഭയപ്പെടുത്തുകയല്ല, ജാഗ്രതയുള്ളവരാക്കി മാറ്റുകയാണ് ചെയ്തതെന്ന് ആ യുവാവ് കൂട്ടിച്ചേക്കുന്നു. മുന്‍തലമുറയെ പെട്ടെന്നുള്ള നേട്ടങ്ങളാണ് ആകര്‍ഷിച്ചത്. എന്നാല്‍ ആദ്യമായി നിക്ഷേപിക്കുന്ന പലരും SIP-കളെ അവസരത്തേക്കാള്‍ അച്ചടക്കമായി കണ്ടു. ആശയം ലളിതമായിരുന്നു: നേരത്തെ ആരംഭിക്കുക, സ്ഥിരത പുലര്‍ത്തുക.
സാമ്പത്തിക സംഭാഷണങ്ങള്‍ ഡൈനിംഗ് ടേബിളുകളില്‍ നിന്ന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും ഓഫീസ് ഉച്ചഭക്ഷണ ഇടവേളകളിലേക്കും മാറി. മ്യൂച്വല്‍ ഫണ്ട് വിഭാഗങ്ങള്‍, ചെലവ് അനുപാതങ്ങള്‍, അടിയന്തര ഫണ്ടുകള്‍ എന്നിവയെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പരസ്പരം ചര്‍ച്ച ചെയ്തു. നിരവധി തൊഴിലുടമകള്‍ ഓണ്‍ബോര്‍ഡിംഗ് സെഷനുകളിലൂടെയും നിക്ഷേപ പ്ലാറ്റ്ഫോമുകളുമായുള്ള സഖ്യങ്ങളിലൂടെയും യുവ ജീവനക്കാരെ സാമ്പത്തിക അവബോധത്തിലേക്ക് നയിച്ചു. ജോലിയിലെ അസ്ഥിരതകളൊന്നും വിഷയമാകാതെ അവര്‍ നിക്ഷേപിക്കുന്നു. ഉയര്‍ന്ന റിസ്‌ക് ഓപ്ഷനുകളേക്കാള്‍ ഇന്‍ഡെക്‌സ് ഫണ്ടുകളോ ലാര്‍ജ് ക്യാപ് എക്‌സ്‌പോഷറോ തെരഞ്ഞെടുക്കുന്നു. നിക്ഷേപത്തിനൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സിനും പ്രാധാന്യം നല്‍കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്.
അപകടകരമായ ഇന്‍ട്രാ ഡേ ട്രേഡിംഗിന്റെ കമ്പത്തില്‍ നിന്ന് ദീര്‍ഘകാല ലക്ഷ്യങ്ങളിലേക്കുള്ള പണം മുടക്കലിലാണ് ഇന്ന് കൂടുതല്‍ ചെറുപ്പക്കാരുടെയും ശ്രദ്ധ. പരമാവധി വരുമാനം നേടാനുള്ള പാഴ്ശ്രമങ്ങളേക്കാള്‍ സ്ഥിരമായ നിക്ഷേപത്തിന്റെ ശീലം വളര്‍ത്തിയെടുക്കുകയാണ് അവര്‍. ''ഇട്ട പൈസയുടെ പുരോഗതി ഞാന്‍ ദിവസേന ട്രാക്ക് ചെയ്യുന്നില്ല'' -തിരുവനന്തപുരത്തു ജോലി ചെയ്യുന്ന 24കാരനായ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് പറയുന്നു. ''പണം ബാക്ക്ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്തുകൊള്ളും.''
ഉപയോഗിക്കാന്‍ എളുപ്പമുള്ള നിക്ഷേപ ആപ്പുകള്‍ ഈ ശീലത്തില്‍ വലിയ പങ്ക് വഹിക്കുന്നു. പേപ്പര്‍ലെസ് ഓണ്‍ബോര്‍ഡിംഗും കുറഞ്ഞ മിനിമം നിക്ഷേപങ്ങളും ഉള്ളതിനാല്‍, നിക്ഷേപ രീതികളിലേക്ക് കടന്നു വരാനുള്ള മാനസിക തടസങ്ങള്‍ കുറഞ്ഞു. ഓണ്‍ലൈന്‍ ഡലിവറി ആപ് പോലെ ഡിജിറ്റല്‍ പേയ്മെന്റുകളും ആയാസ രഹിതം. ഒരു SIP ആരംഭിക്കുന്നതിനോ, സബ്‌സ്‌ക്രിപ്ഷന്‍ ക്രമീകരിക്കുന്നതിനോ പ്രയാസമില്ല. ഏജന്റുമാരെ മാത്രം ആശ്രയിക്കുന്ന രീതി മാറി. യുവ നിക്ഷേപകര്‍ ഹ്രസ്വ വീഡിയോകള്‍, ബ്ലോഗുകള്‍, വെബിനാറുകള്‍ എന്നിവയിലൂടെ സ്വയം വിദ്യാഭ്യാസം നേടുന്നു. അത് ആത്മവിശ്വാസം കൂട്ടുന്നു. സമ്പാദ്യം നിര്‍മിച്ചെടുക്കുന്നത് ക്രമേണയാണ്, പൊടുന്നനെയല്ല എന്ന് തിരിച്ചറിയുന്നു.
2025 അവസാനിക്കുമ്പോള്‍, ആദ്യ SIP-കള്‍ സമ്പാദ്യത്തിന്റെ കണക്കുകളില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ടാകില്ല. പക്ഷേ ചെറുപ്പക്കാരുടെ സ്വഭാവത്തില്‍ വരുത്തിയ മാറ്റം ശ്രദ്ധേയമാണ്. അനിശ്ചിതത്വത്തിന്റെ തൊഴില്‍ മേഖലകളില്‍ ചാഞ്ചാടുന്ന യുവതലമുറക്ക് ഏറ്റവും വിലപ്പെട്ട ആസ്തിയും അതായിരിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine