കൊവിഡ് 19 ലോകക്രമത്തെയാകെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു. സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതിലൂടെ ലക്ഷക്കണക്കിനാളുകള്‍ക്ക് ജോലി നഷ്ടപ്പെടുകയോ ശമ്പളം വെട്ടിക്കുറക്കപ്പെടുകയോ ചെയ്യാം. അതിനെ അതിജീവിച്ച് മുന്നോട്ട് പോകണമെങ്കില്‍ ഇപ്പോഴേ പരിശ്രമിക്കണം. വരുമാനത്തെയും ചെലവുകളെയും കുറിച്ച് പഠിച്ച് ഭാവിയിലേക്കായി പണം കരുതി വെക്കാനുള്ള പദ്ധതികള്‍ തയാറാക്കണം. നന്മയുള്ള ഭാവിക്കായി ഇന്ന് ത്യാഗം സഹിച്ചേ മതിയാകൂ. ഭാവി സുരക്ഷിതമാക്കാന്‍ ഇന്നു തന്നെ ചെയ്തു തുടങ്ങേണ്ട കുറച്ച് കാര്യങ്ങളിതാ...
നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി എന്തെന്ന് കണക്കാക്കുക. നിങ്ങളുടെ വരുമാനം, ചെലവ്, ആസ്തി, ബാധ്യത, ഇന്‍ഷുറന്‍സ് കവര്‍ അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തുക. ഇനി, നല്ല നില, സാധാരണ നില, ഏറ്റവും മോശം നില എന്നിങ്ങനെ മൂന്നു അവസ്ഥകള്‍ മുന്നില്‍ കാണുക. മോശം സമയം എന്നാല്‍, ജോലി നഷ്ടപ്പെടുക അല്ലെങ്കില്‍ 20-30 ശതമാനത്തോളം ശമ്പളം കുറയുക തുടങ്ങിയ കാര്യങ്ങളാവാം. സാധാരണ നിലയെന്നാല്‍ നിലവിലുള്ള അവസ്ഥയില്‍ വലിയ മാറ്റമില്ലാതെ തുടരുക എന്നര്‍ത്ഥം. ലോക്ക് ഡൗണ്‍ സമയത്തും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകുകയും വരുമാനത്തില്‍ കുറവ് വരാതിരിക്കുകയും ചെയ്യുന്നതിനെയാണ് മികച്ച സമയം എന്നു അര്‍ത്ഥമാക്കുന്നത്. ഇതിലെ ഓരോ സമയത്തെയും കാഷ് ഫ്‌ളോ എത്രയെന്ന് കണക്കാക്കുകയും അതനുസരിച്ച് എത്ര മാസം പിടിച്ചു നില്‍ക്കാനാവുകയും ചെയ്യുമെന്ന് കണക്കു കൂട്ടണം. അടുത്ത മാസങ്ങളില്‍ വരുമാനത്തിന് സാധ്യതയില്ലെങ്കില്‍ അതിനനുസരിച്ച് ഇപ്പോഴേ പ്ലാന്‍ ചെയ്തു തുടങ്ങണം. സ്ഥിതി മോശമായി വരികയാണെങ്കില്‍ ആസ്തികള്‍ ഉപയോഗിച്ച് പണം കണ്ടെത്തണം. നേരത്തേ പ്ലാന്‍ ചെയ്തില്ലെങ്കില്‍ കിട്ടിയ വിലയ്ക്ക് ആസ്തി വിറ്റഴിക്കേണ്ട സ്ഥിതി വരാം.
നമ്മള്‍ ഏത് നിലയിലേക്കാണ് പോകുന്നത് എന്നത് പ്രശ്‌നമല്ല, ചെലവ് വെട്ടിക്കുറയ്‌ക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ചില ചെലവുകള്‍ ഇപ്പോള്‍ തനിയെ ഇല്ലാതായിട്ടുണ്ട്. സിനിമ കാണുക, പുറത്തു നിന്ന് ഭക്ഷണം കഴിക്കുക, മാളുകളില്‍ നിന്നുള്ള ഷോപ്പിംഗ് പോലെയുള്ളവ. എന്നാല്‍ ഓണ്‍ലൈനായി നടത്താവുന്ന ചെലവുകളില്‍ മുമ്പത്തേക്കാള്‍ വര്‍ധന വരാനുള്ള സാധ്യതയുമുണ്ട്. പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഇത്തരത്തില്‍ ചെലവുകള്‍ കൂട്ടുന്നത് വളരെ ശ്രദ്ധിച്ചു വേണം. ചെലവുകള്‍ രണ്ടു തരത്തിലുണ്ട്. സ്ഥിരതയുള്ളതും സ്ഥിരതയില്ലാത്തതും. സ്ഥിരതയില്ലാത്ത (Variable) ചെലവില്‍ അത്യാവശ്യമായതും അത്യാവശ്യമല്ലാത്തതുമായ ചെലവുകളുമുണ്ട്. ഗ്രോസറി, വൈദ്യുതി ബില്‍, മൊബീല്‍ ബില്‍ എന്നിവയൊക്കെ അത്യാവശ്യ ചെലവിനത്തില്‍ പെടുന്നു. അതേസമയം വിനോദത്തിനുള്ള ചെലവുകള്‍ തുടങ്ങിയവയൊക്കെ എളുപ്പത്തില്‍ മാറ്റി വെക്കാനാകും.
എത്രമാത്രം പണം നിങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്ന തരത്തില്‍ കൈവശമുണ്ട് എന്ന് കണക്കാക്കുക. ലോക്ക് ഡൗണ്‍ പോലുള്ള അനിശ്ചിതത്വത്തിന്റെ കാലത്ത് പണത്തിന്റെ ലിക്വിഡിറ്റിയാണ് ഏറ്റവും പ്രധാനമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തില്‍ ആറു മാസത്തേക്ക് കഴിയാനുള്ള തുകയെങ്കിലും ഉണ്ടായിരിക്കുകയും വേണം. എന്നാല്‍ ജോലി നഷ്ടം പോലുള്ള കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തേക്ക് വരെ വേണ്ടി വരാം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലൂടെ ലാഭിക്കുന്ന യാത്ര ചെലവ് ഇതിലേക്ക് വകയിരുത്താം. അതൊരു ചെറിയ തുക മാത്രമായിരിക്കാം. എന്നാല്‍ അടിയന്തിര ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ചെറിയ തുടക്കമായി അത് മാറ്റാം. അടിയന്തിരാവശ്യത്തിനായി പ്രത്യേകിച്ച് ഫണ്ട് ഇല്ലെങ്കില്‍ ഇനി നിങ്ങള്‍ക്ക് ലഭിക്കാവുന്ന പണത്തില്‍ നിശ്ചിത ശതമാനം അതിനായി മാറ്റി വെക്കേണ്ടതുണ്ട്. ആറുമാസമോ ഒരു വര്‍ഷമോ ജോലിയില്ലാതായാലും ജീവിക്കാനുള്ള വക ഇത്തരത്തില്‍ സ്വരൂപിച്ച് വെച്ചേ തീരൂ.
റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരം ബാങ്കുകള്‍ വായ്പകള്‍ക്ക് മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് താങ്ങാനാകുമെങ്കില്‍ മൊറട്ടോറിയം വേണ്ടെന്നു വെക്കുന്നതാണ് നല്ലത്. എന്നാല്‍ പണത്തിന് വളരെയധികം ദൗര്‍ലഭ്യം നേരിടുന്നുണ്ടെങ്കില്‍ പ്രയോജനപ്പെടുത്തുകയുമാകാം. മൊറട്ടോറിയം വേണ്ടെന്നു വെച്ച് വായ്പ തിരിച്ചടവ് മുടക്കാതെയിരുന്നാല്‍ അതിലൂടെ ഒരു തുക ലാഭിക്കാനാകും.
അതോടൊപ്പം പലിശ ഭാരം കുറയ്ക്കാനുള്ള അവസരങ്ങള്‍ വിനിയോഗിക്കുകയും വേണം. നിലവിലുള്ള വ്യക്തിഗത വായ്പയില്‍ നിരക്ക് ഇപ്പോള്‍ കുറയാനുള്ള സാധ്യതയുണ്ട്. അത്തരത്തിലുള്ള ഓഫറുകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്താനാകണം.
നിങ്ങളുടെ ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ടെങ്കില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന തുകയില്‍ കുറവു വരാം. പക്ഷേ നിക്ഷേപം പൂര്‍ണമായും നിര്‍ത്തിവെക്കരുത്. അത്യാവശ്യകാര്യങ്ങള്‍ക്കായി എമര്‍ജന്‍സി ഫണ്ട് കരുതിയിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും.
അടുത്ത മൂന്നു മുതല്‍ ആറു മാസം കൊണ്ട് ലോക്ക് ഡൗണ്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാനാണ് സാധ്യത. നിലവില്‍ ആളുകളുടെ ചെലവ് 30 മുതല്‍ 40 ശതമാനം വരെ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ശമ്പളത്തില്‍ 10-15 ശതമാനം കുറവേ വരാനിടയുള്ളൂ. അതുകൊണ്ടു തന്നെ സമീപകാലത്തു തന്നെ സേവിംഗ്‌സില്‍ വലിയ വര്‍ധന വരാനുള്ള സാധ്യത വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ അവസരം മുതലാക്കി ഓഹരികള്‍ക്ക് പകരം റിസ്‌ക് കുറഞ്ഞ മറ്റു നിക്ഷേപ മാര്‍ഗങ്ങള്‍ സ്വീകരിക്കാനാകും.
നിങ്ങള്‍ക്കും കുടുംബത്തിനുമായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തു വെക്കുക. നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഓരോ പൈസയും നിക്ഷേപിക്കുക. പുതിയ ചെലവുകള്‍ കണ്ടെത്തുന്നതിനു പകരം സമ്പാദ്യം വര്‍ധിപ്പിച്ചാല്‍ പ്രയാസമുള്ള കാലത്തെയും അതിജീവിക്കാനാകും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine