ഇപ്പോള്‍ നിക്ഷേപിച്ചാല്‍ വരുമാനത്തില്‍ ഒന്നര ലക്ഷം രൂപ ആദായനികുതിയില്‍ നിന്ന് രക്ഷിക്കാം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 2024-25 വര്‍ഷത്തെ ആദായ നികുതി കണക്കുകള്‍ സമര്‍പ്പിക്കുന്ന നേരത്ത് പരമാവധി നികുതി ഒഴിവാക്കി എടുക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് 80-സി പ്രകാരമുള്ള ഇളവുകള്‍ എന്തൊക്കെയാണെന്ന് അറിയണം. അതിനൊത്ത് മാര്‍ച്ച് 31നു മുമ്പ് നിക്ഷേപം നടത്തുകയും വേണം. അത് ആദായ നികുതി ലാഭിക്കാന്‍ മാത്രമല്ല. നിക്ഷേപം വലിയൊരു സാമ്പത്തിക അച്ചടക്കമാണ്. ദീര്‍ഘകാല നിക്ഷേപം ഭാവി ഭദ്രതക്കു കൂടി വേണ്ടിയാണ്.
പഴയ നികുതി സമ്പ്രദായത്തിനു കീഴില്‍, ആദായ നികുതി നിയമത്തിലെ 80-സി പ്രകാരമുള്ള ഇളവിന് അര്‍ഹമായ നിക്ഷേപങ്ങളില്‍ പ്രോവിഡന്റ് ഫണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, നികുതിയിളവുള്ള സ്ഥിര നിക്ഷേപം, ഭവന വായ്പയില്‍ പലിശ നീക്കിയുള്ള മുതലിന്റെ തിരിച്ചടവ് സംഖ്യ, ഇക്വിറ്റി ബന്ധിത സേവിംഗ്‌സ് പദ്ധതി അഥവാ ഇ.എല്‍.എസ്.എസ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഈ വിഭാഗത്തില്‍ എല്ലാം കൂടി ആകെ ഒന്നര ലക്ഷം രൂപക്കാണ് ആദായ നികുതി ഇളവിന് അര്‍ഹത.
പെന്‍ഷന്‍ ഫണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ വരുമാനത്തിനും പി.പി.എഫില്‍ നിന്നുള്ള വായ്പ തിരിച്ചടവിനും നികുതിയിളവുണ്ട്.
പെന്‍ഷന്‍ പ്ലാന്‍: മൂന്നു വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്കുള്ള, കേന്ദ്രസര്‍ക്കാര്‍ അംഗീകൃത പെന്‍ഷന്‍ പ്ലാനിലെ നിക്ഷേപം
ഇക്വിറ്റി ബന്ധിത സേവിംഗ്‌സ് സ്‌കീം: ഇ.എല്‍.എസ്.എസ് പദ്ധതി പ്രകാരമുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ആദായ നികുതി ഇളവിന് അര്‍ഹമാണ്. അതേസമയം, നിക്ഷേപം പിന്‍വലിക്കാന്‍ കഴിയാത്ത വിധം മൂന്നു വര്‍ഷ ലോക്ക്-ഇന്‍ പീരിയഡ് ഇവയ്ക്ക് ഉണ്ട്.
നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്: എന്‍.എസ്.സിയിലെ ഏതു നിക്ഷേപവും 80-സി പ്രകാരം ഇളവിന് അര്‍ഹതയുള്ളതാണ്.
അഞ്ചു വര്‍ഷ എഫ്.ഡി: അഞ്ചു വര്‍ഷ കാലാവധിയുള്ള ബാങ്ക്, പോസ്‌റ്റോഫീസ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 80-സി പ്രകാരം നികുതിയിളവുണ്ട്.
സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം, സുകന്യ സമൃദ്ധി യോജന എന്നിവയില്‍ നടത്തിയ നിക്ഷേപവും 80-സി പ്രകാരം ഇളവിന് അര്‍ഹതയുള്ളവ തന്നെ.
ഇന്‍ഷുറന്‍സ് പ്രീമിയം: സ്വന്തം പേരിലോ ഭാര്യ, മക്കള്‍, ഹിന്ദു അവിഭക്ത കുടുംബാംഗം എന്നിവരുടെ പേരിലോ ഉള്ള ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം തുകക്ക് ആദായ നികുതി ഇളവിന് അര്‍ഹതയുണ്ട്.
അപ്പോള്‍ മറ്റൊരു ചോദ്യമുണ്ട്. യുലിപ് അഥവാ, യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്രീമിയം 80-സിയുടെ പരിധിയില്‍ വരുമോ? യു-ലിപ് പ്രീമിയം ഇളവിന് അര്‍ഹതയുള്ളതു തന്നെ. രണ്ടര ലക്ഷം രൂപയില്‍ താഴെയാണ് വാര്‍ഷിക പ്രീമിയമെങ്കില്‍, ഒന്നര ലക്ഷം വരെയുള്ള വരുമാനം നികുതിയിളവിന് വിധേയം.
ജീവന്‍ ധാര, ജീവന്‍ അക്ഷയ് പോലെയുള്ള എല്‍.ഐ.സിയുടെ വാര്‍ഷിക പ്ലാനുകളിലേക്കുള്ള വിഹിതവും നികുതിയിളവിന് അര്‍ഹമാണ്.
കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്: ഇന്ത്യയിലെ ഏതു വിദ്യാഭ്യാസ സ്ഥാപനത്തിലും കുട്ടികളുടെ പഠനത്തിന് നല്‍കുന്ന ട്യൂഷന്‍ ഫീസ് ആദായ നികുതി ഇളവിന് അര്‍ഹതയുള്ള ചെലവാണ്.
ഭവന വായ്പയുടെ മൂലധന തിരിച്ചടവിനു പുറമെ, പുതുതായി വാങ്ങിയ വീടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ചാര്‍ജ് എന്നിവയിലും നികുതിയിളവ് തേടാം.
Read DhanamOnline in English
Subscribe to Dhanam Magazine