ഭവന വായ്പയോ മറ്റ് വസ്തു ഈട് വായ്പകളോ (Loans Against Property) പൂർണമായി തിരിച്ചടച്ചു കഴിഞ്ഞാൽ, വായ്പാ ദാതാക്കളായ ബാങ്കുകളും എൻ.ബി.എഫ്.സികളും (NBFCs) അസൽ പ്രോപ്പർട്ടി രേഖകൾ തിരികെ നൽകുകയും രജിസ്ട്രിയിലെ ബാധ്യതകൾ (Charges) ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. 2023 ഡിസംബർ 1 മുതൽ നിലവിൽ വന്ന ചട്ടങ്ങൾ പ്രകാരം, വായ്പാ തുക പൂർണമായി അടച്ചുതീർത്താൽ 30 ദിവസത്തിനകം ക്ലോസിംഗ് നടപടികൾ പൂർത്തിയാക്കി ആധാരം തിരികെ നൽകാൻ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്.
വായ്പ പൂർണമായി തിരിച്ചടച്ച് 30 ദിവസത്തിന് ശേഷവും ബാങ്കിന്റെ വീഴ്ച കാരണം അസൽ രേഖകൾ തിരികെ നൽകാനോ രജിസ്ട്രേഷൻ ബാധ്യത മാറ്റാനോ വൈകുകയാണെങ്കിൽ, ഓരോ ദിവസത്തെയും കാലതാമസത്തിന് പ്രതിദിനം 5,000 രൂപ നിരക്കിൽ ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം. കൂടാതെ കാലതാമസത്തിനുള്ള കാരണം ബാങ്ക് ഉപഭോക്താവിനെ വ്യക്തമായി അറിയിക്കുകയും വേണം.
രേഖകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ: ബാങ്കിന്റെ പക്കലിരിക്കെ അസൽ രേഖകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, അതിന്റെ ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ സർട്ടിഫൈഡ് പകർപ്പുകൾ എടുത്തുനൽകാൻ ബാങ്ക് ഉപഭോക്താവിനെ സഹായിക്കുകയും അതിന്റെ മുഴുവൻ ചെലവുകൾ വഹിക്കുകയും വേണം. ഇത്തരം സാഹചര്യങ്ങളിൽ നടപടികൾ പൂർത്തിയാക്കാൻ ബാങ്കിന് അധികമായി 30 ദിവസം കൂടി (ആകെ 60 ദിവസം) സമയം അനുവദിക്കും; അതിനുശേഷവും വൈകിയാൽ പ്രതിദിന നഷ്ടപരിഹാരം കണക്കാക്കി നൽകേണ്ടിവരും.
30 ദിവസത്തിനുള്ളിൽ രേഖകൾ ലഭിച്ചില്ലെങ്കിൽ ഉപഭോക്താക്കൾക്ക് ബാങ്കിന് രേഖാമൂലം പരാതി നൽകുകയും വായ്പ ക്ലോസ് ചെയ്തതിന്റെ സ്ഥിരീകരണം ആവശ്യപ്പെടുകയും ചെയ്യാം. അതിൽ നടപടിയുണ്ടായില്ലെങ്കിൽ ബാങ്കിന്റെ ഗ്രീവൻസ് റെഡ്രസൽ മെക്കാനിസത്തെ സമീപിക്കാനും, തുടർന്നും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ആർ.ബി.ഐ ഒംബുഡ്‌സ്മാന് (RBI Ombudsman) പരാതി നൽകാനും സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine