പെൻഷൻ തുക തടസമില്ലാതെ ലഭിക്കുന്നതിനായി വാർഷിക ജീവൻ പ്രമാൺ പത്ര (Digital Life Certificate - DLC) സമർപ്പിക്കാൻ ഇനി പെൻഷൻകാർ ബാങ്ക് ശാഖകളിലേക്ക് നേരിട്ട് പോകേണ്ടതില്ല. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ (IPPB) സഹകരണത്തോടെ തപാൽ ജീവനക്കാർ വീട്ടിലെത്തി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്ന സംവിധാനം എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) സജ്ജമാക്കി.
വരുന്ന നവംബർ 30-നകം പെൻഷൻകാർ വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. മുതിർന്ന പൗരന്മാർക്കും ആരോഗ്യപ്രശ്നങ്ങളാൽ പുറത്തിറങ്ങാൻ സാധിക്കാത്തവർക്കും ആശ്വാസമേകുന്നതാണ് ഈ സേവനം.
തപാൽ വകുപ്പിന്റെ വിപുലമായ ശൃംഖലയും നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിന്റെ (NIC) സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
തപാൽ ജീവനക്കാരന്റെ സേവനം വീട്ടിൽ ലഭ്യമാക്കാൻ 033-22029000 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പോസ്റ്റ്മാൻ അല്ലെങ്കിൽ ഗ്രാമീൺ ഡാക് സേവക് വീട്ടിലെത്തി ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച് ലൈഫ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി സമർപ്പിക്കും. സേവനത്തിനായി 70 രൂപ (ജി.എസ്.ടി ഉൾപ്പെടെ) നിരക്ക് ഈടാക്കും. പ്രത്യേകം ഡോർസ്റ്റെപ് ചാർജുകൾ നൽകേണ്ടതില്ല.
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ അക്കൗണ്ടുള്ളവർക്കും ഇല്ലാത്തവർക്കും ഈ സേവനം ഒരുപോലെ ലഭ്യമാണ്.
സർട്ടിഫിക്കറ്റ് വിജയകരമായി ജനറേറ്റ് ചെയ്തു കഴിഞ്ഞാൽ എന്റആർസി (NIC) നേരിട്ട് പെൻഷൻകാരന് 'പ്രമാൺ ഐഡി' (Pramaan ID) എസ്.എം.എസ് വഴി അയച്ചുനൽകും.
പ്രമാൺ ഐഡി ലഭിച്ച ശേഷം പെൻഷൻകാർക്ക് jeevanpramaan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്ത് സമർപ്പിച്ചു എന്നതുകൊണ്ടു മാത്രം പെൻഷൻ വിതരണ ഏജൻസി അത് അംഗീകരിച്ചു എന്ന് ഉറപ്പാക്കാനാകില്ല. അതിനാൽ സമർപ്പണത്തിന് ശേഷം ജീവൻ പ്രമാൺ പോർട്ടലിൽ കയറി സർട്ടിഫിക്കറ്റിന്റെ സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്.
ഏതെങ്കിലും കാരണവശാൽ സർട്ടിഫിക്കറ്റ് നിരസിക്കപ്പെടുകയോ സ്റ്റാറ്റസിൽ വ്യക്തതയില്ലാതിരിക്കുകയോ ചെയ്താൽ ബന്ധപ്പെട്ട ബാങ്കുമായോ പെൻഷൻ വിതരണ ഏജൻസിയുമായോ ഉടൻ ബന്ധപ്പെടണം.
ലക്ഷക്കണക്കിന് വയോജനങ്ങളായ ഇ.പി.എസ് പെൻഷൻകാർക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ വീട്ടുപടിക്കൽ സേവനം. മലയോര മേഖലകളിലും ഗ്രാമീണ പ്രദേശങ്ങളിലുമുള്ള മുതിർന്ന പൗരന്മാർക്ക് ബാങ്കുകളിലെ നീണ്ട ക്യൂ ഒഴിവാക്കി ലളിതമായി ലൈഫ് സർട്ടിഫിക്കറ്റ് നൽകാൻ ഇതുവഴി സാധിക്കും.
EPFO partners with India Post Payments Bank to offer doorstep Digital Life Certificate (Jeevan Pramaan Patra) services for pensioners ahead of the November 30 deadline.
Read DhanamOnline in English
Subscribe to Dhanam Magazine