Canva
Personal Finance

വരുമാനം രണ്ടാകാം, ബഹുമാനം രണ്ടു തരത്തിലാകരുത്; പണത്തിന്റെ പേരില്‍ വഴക്കടിക്കുന്ന ദമ്പതികള്‍ ഇതൊന്നു വായിച്ചോളൂ...

ആശയ വിനിമയം, വിട്ടുവീഴ്ച, കൂട്ടായ്മ -അതാണ് ദാമ്പത്യത്തിനൊപ്പം ഫിനാന്‍സ് മാനേജ്‌മെന്റിന്റെയും വിജയത്തില്‍ പ്രധാനം

Dhanam News Desk

കുടുംബ കലഹത്തില്‍ പ്രധാന ഇനമാണ് പണം. പക്ഷേ, ശ്രദ്ധിച്ചിട്ടുണ്ടോ? യഥാര്‍ഥത്തില്‍ പണമല്ല വിഷയം. പണത്തെക്കുറിച്ചുള്ള ഭയം, പണത്തിന്റെ നിയന്ത്രണം, സുരക്ഷിതത്വം, പറയുന്നതൊന്നും ജീവിതപങ്കാളി കേള്‍ക്കുന്നില്ലെന്ന വികാരം... ഇതൊക്കെയല്ലേ കലഹത്തിന്റെ കാരണങ്ങള്‍? ഏതായാലും ശ്രദ്ധിച്ചാല്‍ ബന്ധങ്ങളില്‍ ദീര്‍ഘകാല ദോഷഫലങ്ങള്‍ ഒഴിവാക്കാം.

രണ്ട് പേരുടെ ജീവിതം ഒന്നാകുമ്പോള്‍ അവരുടെ സാമ്പത്തിക ശീലങ്ങളും ആശങ്കകളും സ്വപ്നങ്ങളും കൂടിച്ചേരുന്നു. അപ്പോഴാണ് ചെറിയ ചിലവുകള്‍ പോലും വലിയ തര്‍ക്കങ്ങളായി മാറുന്നത്. തുറന്ന സംഭാഷണങ്ങളും വ്യക്തമായ ധാരണകളും ഉണ്ടെങ്കില്‍ പണം ബന്ധത്തെ തകര്‍ക്കുന്ന ഒന്നല്ല, മറിച്ച് ശക്തിപ്പെടുത്തുന്ന ഒന്നായി മാറും. ഒരു ചെലവ് ഒരാള്‍ക്ക് അനാവശ്യമായി തോന്നുമ്പോള്‍ മറ്റൊരാള്‍ക്ക് അത് സന്തോഷമോ സ്വാതന്ത്ര്യമോ ആയിരിക്കും. ഈ വ്യത്യാസങ്ങള്‍ മനസ്സിലാക്കാതെയാണ് പല വഴക്കുകളും തുടങ്ങുന്നത്.

ദമ്പതികള്‍ എങ്ങനെ പണം കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ പൊതുവായ ഒരു രീതി ഇല്ല. ഓരോരുത്തരുടെയും ബാല്യകാല അനുഭവങ്ങളും മുന്‍പത്തെ സാമ്പത്തിക സമ്മര്‍ദ്ദങ്ങളും ഇന്നത്തെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടാകാം. അതുകൊണ്ട് ജോയന്റ് അക്കൗണ്ട്, വ്യത്യസ്ത അക്കൗണ്ടുകള്‍, അതല്ലെങ്കില്‍ ചെലവുകള്‍ക്ക് ജോയന്റ്, വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വ്യത്യസ്ത അക്കൗണ്ട് എന്ന രീതി -ഇതൊക്കെയാകാം. ഏത് രീതിയാണെങ്കിലും പ്രശ്‌നമില്ല. പക്ഷേ രഹസ്യം അപകടകരമാണ്. ചിലവുകളും ബാധ്യതകളും മറച്ചുവയ്ക്കുമ്പോഴാണ് സംശയവും അകലവും കൂടുന്നത്.

ഉത്തരവാദിത്തങ്ങള്‍ വ്യക്തമായിരിക്കണം

ബില്ലുകള്‍ ആരാണ് അടയ്ക്കുന്നത്? സമ്പാദ്യം ആരുടെ ചുമതല, ഇന്‍ഷുറന്‍സ് ആരു നോക്കും? ഇതൊന്നും ചര്‍ച്ച ചെയ്യാതെ പോയാല്‍ പിന്നീട് 'നീ ഒന്നും നോക്കുന്നില്ല' എന്ന കുറ്റപ്പെടുത്തലായി മാറും. ഉത്തരവാദിത്തങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ വഴക്കുകള്‍ ഒഴിവാക്കാം. എന്നാല്‍ ഓരോ ചെറിയ ചെലവിനും ചോദിക്കുന്നതും അനുവാദം വാങ്ങുന്നതുമായ രീതിയൊക്കെ ബന്ധത്തെ ശ്വാസംമുട്ടിക്കും. അതിന് പകരം ചില പരിധികള്‍ തീരുമാനിക്കുക. ചെറിയ ചിലവുകള്‍ക്ക് വിശദീകരണം വേണോ? അതേസമയം, വലിയ ചിലവുകള്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്യേണ്ടതല്ലേ? മാസഗഡു, വരിസംഖ്യ പോലുള്ള കാര്യങ്ങളില്‍ വ്യക്തമായ രീതി ആവശ്യമല്ലേ? തീരുമാനിക്കുക. അത് സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഒരേപോലെ നിലനിര്‍ത്തും.

കുറ്റപ്പെടുത്തല്‍ വേണ്ട, ലക്ഷ്യം വേണം

കുറ്റപ്പെടുത്തല്‍ ഒഴിവാക്കി ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുക. 'നീ എപ്പോഴും...' എന്ന് തുടങ്ങുന്ന സംഭാഷണം വഴക്കിലാണ് അവസാനിക്കുക. പക്ഷേ 'നമുക്ക് ഒരുമിച്ച് എന്താണ് ലക്ഷ്യം?' എന്നായാല്‍ ചര്‍ച്ചയുടെ സ്വരം മാറും. വീട് വാങ്ങല്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കല്‍ ജീവിതം - ഇത്തരം ലക്ഷ്യങ്ങള്‍ പണത്തെ ഒരു പൊതു ദൗത്യമായി മാറ്റും, പോരടിക്കാനുള്ള ഉപാധിയാവില്ല.

വരുമാനം വ്യത്യസ്തമായാലും ബഹുമാനം തുല്യമായിരിക്കണം

ഒരാള്‍ കൂടുതല്‍ സമ്പാദിക്കുമ്പോള്‍ അധിക നിയന്ത്രണം ഉണ്ടാകരുത്. ബന്ധത്തിലെ സംഭാവന പണം മാത്രമല്ല. ഒന്നിച്ചു ചെലവിടുന്ന സമയം, പരിചരണം, മാനസിക പിന്തുണ എന്നിവയെല്ലാം അത്ര തന്നെ വിലപ്പെട്ടതാണ്. സാമ്പത്തിക തീരുമാനങ്ങള്‍ ഒരുമിച്ചെടുക്കേണ്ടവയാണ്, ശമ്പളത്തിന്റെ വലുപ്പം നോക്കിയല്ല.

ആവശ്യമെങ്കില്‍ സഹായം തേടുക

ചിലപ്പോള്‍ പ്രശ്‌നം അക്കൗണ്ടിലല്ല, മനസ്സിലാണ്. പഴയ അനുഭവങ്ങളോ ഭയങ്ങളോ സംഭാഷണം തടസ്സപ്പെടുത്തുന്നുണ്ടെങ്കില്‍ ഒരു ഫിനാന്‍ഷ്യല്‍ പ്ലാനറുടെയോ കൗണ്‍സിലറുടെയോ സഹായം തേടുന്നത് തെറ്റല്ല. അത് ബന്ധത്തോടുള്ള നിങ്ങളുടെ ഗൗരവത്തിന്റെ അടയാളമാണ്. പണം മറച്ചുവച്ചാലും, ചര്‍ച്ച ഒഴിവാക്കിയാലും, അത് ബന്ധത്തില്‍ പിളര്‍പ്പുണ്ടാക്കും. തുറന്ന മനസ്സോടെ സംസാരിച്ചാല്‍ അത് ഒരുമിച്ചുള്ള ഭാവിയിലേക്ക് നയിക്കുന്ന ശക്തമായ ഉപകരണമായിത്തീരും. ആശയ വിനിമയം, വിട്ടുവീഴ്ച, കൂട്ടായ്മ -അതാണ് ദാമ്പത്യത്തിനൊപ്പം ഫിനാന്‍സ് മാനേജ്‌മെന്റിന്റെയും വിജയത്തില്‍ പ്രധാനം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT