assets canva
Personal Finance

നിങ്ങള്‍ അന്നു വാങ്ങിയ വീടിന് ഇന്ന് എത്ര വിലയുണ്ട്? സ്വത്തിന്റെ മൂല്യം ഇടിയുന്നത് കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിക്കും പോലെ, സര്‍ക്കാര്‍ ഇഷ്ടം പോലെ കറന്‍സി അച്ചടിക്കുന്നതിന്റെ ഗുരുതരമായ മറുപുറം

സര്‍ക്കാരുകള്‍ യഥേഷ്ടം കറന്‍സി പുറത്തിറക്കുന്നത് പണപ്പെരുപ്പത്തിനും സ്വത്തുക്കളുടെ മൂല്യശേഷണത്തിനും കാരണമാകുന്നു; നിക്ഷേപകര്‍ സമയത്തെ കുറിച്ചും ബോധവാന്‍മാരാകണം

Dhanam News Desk

ഒരു കോടി രൂപക്ക് വാങ്ങിയ നിങ്ങളുടെ ഫ്‌ളാറ്റിന് ഇപ്പോള്‍ പ്രത്യക്ഷത്തില്‍ അതിനേക്കാള്‍ വില കണ്ടേക്കാം. എന്നാല്‍ അദൃശ്യമായ ചില സാമ്പത്തിക ഘടകങ്ങള്‍ അതിന്റെ മൂല്യം വര്‍ഷം തോറും കുറച്ചു കൊണ്ടിരിക്കുകയാണെന്ന് നിങ്ങള്‍ അറിയുന്നില്ല. ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് മാത്രമല്ല, സ്വന്തമായുള്ള കെട്ടിടങ്ങള്‍, സ്വര്‍ണം, ക്രിപ്‌റ്റോ, ഓഹരി തുടങ്ങി എല്ലാ മേഖലകളിലും പണത്തിന്റെ മൂല്യശോഷണം സ്വത്തിന്റെ മൂല്യം ഗണ്യമായി ഇടിക്കുന്നുണ്ടെന്ന് പ്രമുഖ ഫിന്‍ഫ്‌ളുവെന്‍സറായ അക്ഷത് ശ്രീവാസ്തവ പറയുന്നു. ഒരു പക്ഷെ, ഏറെ പേര്‍ ചിന്തിക്കാത്ത ഒരു മേഖലയിലേക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടുന്നത്.

അദൃശ്യനായ വില്ലന്‍

ആഗോള തലത്തില്‍ കറന്‍സികളുടെ മൂല്യശോഷണം വ്യക്തികളുടെ സ്വത്തിന്റെ മൂല്യം അതിവേഗം കുറച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരുകള്‍ക്ക് ഇഷ്ടം പോലെ കറന്‍സികള്‍ പ്രിന്റ് ചെയ്യാമെന്നതിനാല്‍ സമ്പദ്ഘടന പണപ്പെരുപ്പത്തെ നേരിടുകയാണ്. കോവിഡിന് ശേഷം യു.എസ് ഫെഡറല്‍ റിസര്‍വ് വലിയ തോതിലാണ് കറന്‍സി പ്രിന്റിംഗ് വര്‍ധിപ്പിച്ചത്. രാജ്യത്തെ മൊത്തം കറന്‍സി മൂല്യത്തിന്റെ 25 ശതമാനത്തിന് തുല്യമായ പുതിയ കറന്‍സികളാണ് എല്ലാ വര്‍ഷവും പുറത്തിറക്കുന്നത്.. ഇതിന്റെ അപകടം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ്. രാജ്യത്തെ നിലവിലുള്ള കറന്‍സികളുടെ 10 ശതമാനം പുറത്തിറക്കുകയാണെങ്കില്‍, നിങ്ങളുടെ നികുതി കഴിച്ചുള്ള നിക്ഷേപത്തിന്റെ നിരക്ക് ആറ് ശതമാനമായി മാറും. എല്ലാ വര്‍ഷവും നാല് ശതമാനം മൂല്യശോഷണം നിങ്ങളുടെ ആസ്തിക്ക് സംഭവിക്കും. ഇതിന്റെ സാമ്പത്തിക വശം ഏറെ പേര്‍ക്കും അറിയാത്തതിനാല്‍ ആരും പ്രതികരിക്കാറില്ല. ശ്രീവാസ്തവ പറയുന്നു.

എങ്ങനെ മറികടക്കാം

മൂല്യശോഷണ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രദ്ധയോടെയുള്ള നിക്ഷേപങ്ങളാണ് ആവശ്യമെന്ന് അക്ഷത് ശ്രീവാസ്തവ പറയുന്നു. പണപ്പെരുപ്പത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ള മേഖലകളില്‍ നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണം. ഓഹരികള്‍, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, ബിറ്റ്‌കോയിന്‍ എന്നിവയിലെല്ലാം അവസരങ്ങള്‍ ഉണ്ടെങ്കിലും നിക്ഷേപിക്കുന്ന സമയം അതിപ്രധാനമാണ്. ഒരു കമ്പനിയുടെ ഓഹരി ഏറ്റവും ഉയര്‍ന്ന വിലയില്‍ വാങ്ങിയാല്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷവും ലാഭത്തില്‍ എത്തണമെന്നില്ല.

ഏത് തരം നിക്ഷേപം എപ്പോള്‍ നടത്തണമെന്നതിനെ കുറിച്ച് നിക്ഷേപകര്‍ ആഴത്തില്‍ പഠിച്ചിരിക്കേണ്ടതുണ്ട്. നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്ന മേഖല, സമയം, മൂല്യം കണക്കാക്കല്‍, വാങ്ങലിന്റെ തോത്, ലാഭമെടുക്കല്‍ സമയം എന്നിവയെ കുറിച്ചെല്ലാം നിക്ഷേപകര്‍ക്ക് വ്യക്തമായ ധാരണയുണ്ടാകണമെന്നും അദ്ദേഹം പറയുന്നു. പണപ്പെരുപ്പത്തിന്റെ വെല്ലുവിളികളെ മുന്നില്‍ കാണാതെയുള്ള നിക്ഷേപങ്ങള്‍ സുരക്ഷിതമായിരിക്കില്ലെന്നും അക്ഷത് ചൂണ്ടിക്കാട്ടുന്നു. .

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT