Personal Finance

സ്വര്‍ണ വായ്പയേക്കാള്‍ ഫലപ്രദം ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റ്, ഇതാ വിശദാംശങ്ങള്‍

സ്വര്‍ണത്തിന്റെ ഈടിന്മേല്‍ ലഭിക്കുന്ന വായ്പ ചെറുതുകകളായി പിന്‍വലിക്കാം, ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രം പലിശ

Rakhi Parvathy

പണത്തിന് പെട്ടെന്നൊരു ആവശ്യം വരുമ്പോള്‍ അധികം തലവേദനകളില്ലാതെ ലഭിക്കുന്ന സ്വര്‍ണപ്പണയ വായ്പ പലര്‍ക്കും ഒരു അനുഗ്രഹമാണ്. സ്വര്‍ണത്തിന്റെ ഈടിന്മേലുള്ള വായ്പയായതിനാല്‍ വ്യക്തിഗത വായ്പകളെക്കാള്‍ പലിശ നിരക്കും കുറവാണ് സ്വര്‍ണ വായ്പകള്‍ക്ക്. എന്നാല്‍ സ്വര്‍ണപ്പണയ വായ്പകളെക്കാള്‍ സൗകര്യപ്രദമായ മറ്റൊരു സ്‌കീമാണ് ഗോള്‍ഡ് ലോണ്‍ ഓവര്‍ ഡ്രാഫ്റ്റ് അഥവാ ഗോള്‍ ഒ.ഡികള്‍. പ്രമുഖ ബാങ്കുകളെല്ലാം തന്നെ ഈ സൗകര്യം നല്‍കുന്നുണ്ട്. പ്രമുഖ എന്‍.ബി.എഫ്.സികളിലും ഗോള്‍ഡ് ഒ.ഡി ലഭ്യമാണ്.

ഗോള്‍ഡ് ഒ.ഡികളുടെ പ്രത്യേകതകള്‍ പരിശോധിക്കാം.

ലിക്വിഡിറ്റി ഉറപ്പ്

പണത്തിന് എപ്പോള്‍ ആവശ്യം വന്നാലും ഉപയോഗിക്കാന്‍ ഒരു ഫണ്ടായി ഈ സൗകര്യത്തെ കാണാവുന്നതാണ്. ഈടായി സ്വര്‍ണം നല്‍കിയാല്‍ ഈസിയായി ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് പോലെ വായ്പ നല്‍കുന്ന ബാങ്കോ പണമിടപാട് സ്ഥാപനങ്ങളോ ക്രെഡിറ്റ് പരിധി നിശ്ചയിക്കും. ഈ ലിമിറ്റഡ് തുക വരെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. ഇത് ഏത് തരത്തിലും മുന്‍കൂറായി തീരുമാനിക്കാം. എ.ടി.എം കാര്‍ഡ്, മൊബൈല്‍ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ് സൗകര്യം എന്നിവ ലഭിക്കുന്ന പ്രത്യേക ഓവര്‍ ഡ്രാഫ്റ്റ് ലോണ്‍ അക്കൗണ്ടുകള്‍ തുറക്കാനാകും.

റിസര്‍വ് ബാങ്കിന് കീഴിലുള്ള സ്വര്‍ണ വായ്പാ നിബന്ധനകളിലാണ് ഇവ പ്രവര്‍ത്തിക്കുന്നതെങ്കിലും ഓരോ ബാങ്കിനും വ്യത്യസ്ത ഓവര്‍ ഡ്രാഫ്റ്റ് രീതികള്‍ ഉണ്ടായിരിക്കും. ചിലര്‍ നിലവിലുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് ഇത് പ്രവര്‍ത്തിപ്പിക്കും. മറ്റ് ചില ബാങ്കുകള്‍ ഇതിന് പ്രത്യേകം അക്കൗണ്ട് ഓപ്പണ്‍ ചെയ്യിക്കും, അതിന് പ്രത്യേക ഡെബിറ്റ് കാര്‍ഡ് സൗകര്യവും നല്‍കും.

ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രം പലിശ 

എന്തിനാണ് പണം ഉപയോഗിച്ചതെന്ന് ഉപഭോക്താക്കള്‍ തെളിവ് നല്‍കേണ്ടതില്ല. മാത്രമല്ല, ഉപയോഗിക്കുന്ന പണത്തിന് മാത്രം പലിശ നല്‍കിയാല്‍ മതി എന്ന സൗകര്യം ലഭിക്കുന്നു. ഉദാഹരണത്തിന് 10,00,000 രൂപ സ്വര്‍ണ വായ്പ ഒ.ഡി ഉള്ള വ്യക്തി 10,000 രൂപ മാത്രമേ ഉപയോഗിച്ചിട്ടുള്ളു എങ്കില്‍ അതിന് മാത്രം പലിശ നല്‍കിയാല്‍ മതി.

പല ബാങ്കുകളിലും സ്വര്‍ണപ്പണയ വായ്പകളെക്കാള്‍ ഗോൾഡ് ഒ.ഡിക്ക് പലിശ നിരക്ക് കുറവാണ്.

വായ്പാ കാലാവധിയില്‍ എപ്പോള്‍ വേണമെങ്കിലും സ്വര്‍ണാഭരണങ്ങള്‍ അതേ തൂക്കത്തിലെ മറ്റ് സ്വര്‍ണാഭരണങ്ങളുമായി മാറ്റി വയ്ക്കാം, ഇത് സ്വര്‍ണപ്പണയ വായ്പയില്‍ അനുവദനീയമല്ല.

സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഓവര്‍ ഡ്രാഫ്റ്റ് തുക കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT