bonds 
Personal Finance

ഓഹരിയും സ്വര്‍ണവും ചാഞ്ചാടുമ്പോള്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ സമ്മാനിക്കുമോ, ഇരട്ട നേട്ടം?

ആഗോള സംഘര്‍ഷം നിമിത്തം വിപണി ചാഞ്ചാടുകയാണ്. നിക്ഷേപത്തിന് ഉറപ്പും, ഒപ്പം വരുമാനവും തേടുന്നവര്‍ക്ക് ആകര്‍ഷകമാവുകയാണ് ദീര്‍ഘകാല സര്‍ക്കാര്‍ ബോണ്ടുകള്‍.

Dhanam News Desk

പശ്ചിമേഷ്യയില്‍ യു.എസും ഇറാനുമായി നടന്ന യുദ്ധത്തിന്റെ പ്രത്യാഘാതം ആഗോള വിപണികളിലാകെയുണ്ട്. ഇന്ത്യയുടെ പ്രധാന ഓഹരി വിപണി സൂചികയായ നിഫ്റ്റി 10 ശതമാനത്തിലേറെ താഴ്ന്നു. ആഗോള രാഷ്ട്രീയ സംഘര്‍ഷം മുറുകിയപ്പോള്‍ താരതമ്യേന സുരക്ഷിത നിക്ഷേപമായി കരുതിപ്പോന്ന സ്വര്‍ണമാകട്ടെ, ഫെബ്രുവരിക്ക് ശേഷം 8 ശതമാനം നഷ്ടം കുറിച്ചു. ഒരേസമയം ഓഹരിയും സ്വര്‍ണത്തിലും ചാഞ്ചാട്ടം തലപൊക്കുമ്പോള്‍, സ്ഥിരതയും ആദായവും തേടുന്ന നിക്ഷേപകര്‍ക്ക് ദീര്‍ഘകാല ഗവണ്‍മെന്റ് ബോണ്ടുകള്‍ (സര്‍ക്കാര്‍ കടപ്പത്രങ്ങള്‍) ആകര്‍ഷകമായി മാറുകയാണ്.

എന്തുകൊണ്ട് ദീര്‍ഘകാല ബോണ്ടുകള്‍?

കേന്ദ്ര സര്‍ക്കാറിന്റെ 10 വര്‍ഷ കാലാവധി ബോണ്ടുകള്‍ 7.0% - 7.2% നിരക്കില്‍, താരതമ്യേന മികച്ച ആദായമാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക്, ഗവണ്‍മെന്റ് ബോണ്ടുകളുടെ ഈ ഉയര്‍ന്ന ആദായ നിരക്ക് (യീല്‍ഡ്) ആകര്‍ഷകമായ അവസരമാണ്. സുരക്ഷിതത്വത്തോടൊപ്പം സ്ഥിരമായ നേട്ടവും ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് ഈ 'എന്‍ട്രി പോയിന്റ്' പ്രയോജനപ്പെടുത്താം എന്നാണ് അനലിസ്റ്റുകള്‍ സൂചിപ്പിച്ചത്.

ബോണ്ട് വിപണിയില്‍ ആദായ നിരക്കും ബോണ്ടിന്റെ വിലയും വിപരീതദിശയിലാണ് നീങ്ങാറുള്ളത്. ബോണ്ടിന് ഉയര്‍ന്ന ആദായ നിരക്ക് ഉണ്ടെന്ന് പറയുമ്പോള്‍ ബോണ്ടിന്റെ വില താഴ്ന്ന നിലവാരത്തിലായിരിക്കും രേഖപ്പെടുത്തുക. ഇപ്പോഴത്തെ ക്രൂഡ് ഓയില്‍ വിലക്കയറ്റം കാരണമുള്ള പണപ്പെരുപ്പ ഭീഷണിക്ക് ശമനമുണ്ടാകുന്നതോടെ, റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചേക്കാം.

ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ ബോണ്ട് വിലകള്‍ ഉയരുന്നതിലൂടെ നിക്ഷേപകര്‍ക്ക് ഇരട്ട നേട്ടം കിട്ടാം. സ്ഥിരം പലിശ വരുമാനത്തിന് പുറമെ മൂലധന നേട്ടവും (Capital Gains) സ്വന്തമാക്കാം. അതുകൊണ്ട് ഇടക്കാലത്തേക്കോ ദീര്‍ഘമായ കാലയളവിലേക്കോ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ദീര്‍ഘകാല സര്‍ക്കാര്‍ ബോണ്ടുകള്‍ കൂടുതല്‍ ആകര്‍ഷകമെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT