സ്വര്‍ണത്തിന് വില കയറിക്കയറി പവന് ലക്ഷത്തിനും മേലെ. വീട്ടിലിരിക്കുന്ന സ്വര്‍ണത്തില്‍ ആദായ നികുതി വകുപ്പുകാര്‍ക്ക് കൈവെക്കാന്‍ അധികാരമുണ്ടോ? പലരും ആശങ്കപ്പെടുന്ന ഈ വിഷയത്തില്‍ നിയമം പറയുന്നത് എന്താണ്?
സ്വര്‍ണം വാങ്ങിയ ഇന്‍വോയ്‌സ് കൈയിലില്ല. ഇത്രയും സ്വര്‍ണം എവിടെനിന്നു വന്നു എന്നതിന് രേഖാമൂലം തെളിവൊന്നുമില്ല. അങ്ങനെയായാലും നിശ്ചിത പരിധിക്കുള്ളില്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം പിടിച്ചെടുക്കാന്‍ അധികൃതര്‍ക്ക് അധികാരമില്ല.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) വ്യവസ്ഥ പ്രകാരം,
വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം
അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം
പുരുഷ കുടുംബാംഗത്തിന് 100 ഗ്രാം
എന്നിങ്ങനെ സ്വര്‍ണം കൈവശം വെക്കാം.
പക്ഷേ, ആഭരണമായിരിക്കണം. സ്വര്‍ണ്ണ നാണയങ്ങള്‍, ബാറുകള്‍, മറ്റ് തരത്തിലുള്ള സ്വര്‍ണ്ണം എന്നിവ തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിടിച്ചെടുക്കാന്‍ ആദായ നികുതി അധികൃതര്‍ക്ക് അധികാരമുണ്ട്.
വിവാഹം, സമ്മാനം തുടങ്ങി ഇന്ത്യയിലെ പരമ്പരാഗത സാമൂഹിക രീതികള്‍ അംഗീകരിച്ചാണ് ഇത്രയും സ്വര്‍ണം ഓരോരുത്തര്‍ക്കും കൈവശം വെക്കാമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ഒരാള്‍ക്ക് എത്ര സ്വര്‍ണ്ണം സൂക്ഷിക്കാം? നിങ്ങള്‍ക്ക് ആകെ എത്ര സ്വര്‍ണ്ണാഭരണങ്ങള്‍ കൈവശം വയ്ക്കാം എന്നതിന് നിയമപരമായ പരിധിയില്ല. പക്ഷേ, ഉറവിടം വിശദീകരിക്കാനും തെളിയിക്കാനും സാധിക്കണം.
ചുരുക്കത്തില്‍
നികുതി ഉദ്യോഗസ്ഥര്‍ നിങ്ങളുടെ വീട്ടില്‍ പരിശോധന നടത്തുകയും അനുവദനീയമായ തൂക്കത്തിനുള്ളിലുള്ള ആഭരണങ്ങള്‍ കണ്ടെത്തുകയും ചെയ്താല്‍, ബില്ലില്ലെങ്കില്‍ പോലും അവര്‍ അത് പിടിച്ചെടുക്കരുത്.
നിങ്ങളുടെ കൈവശം അതില്‍ കൂടുതലോ, അല്ലെങ്കില്‍ ആഭരണങ്ങള്‍ ഒഴികെയുള്ള രൂപങ്ങളിലോ സ്വര്‍ണം ഉണ്ടെങ്കില്‍, എങ്ങനെ ലഭിച്ചുവെന്ന് വിശദീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് അത് പിടിച്ചെടുക്കാം.
നിങ്ങള്‍ക്ക് ശരിയായ രേഖകള്‍ (രസീതുകള്‍, സമ്മാന രേഖകള്‍, അനന്തരാവകാശ തെളിവുകള്‍) ഉണ്ടെങ്കില്‍, വലിയ തുകയുടെ സ്വര്‍ണവും നിങ്ങള്‍ക്ക് സൂക്ഷിക്കാം, പിടിച്ചെടുക്കാനാവില്ല.
അവസാനം ഒരു കാര്യം കൂടി: ആദായ നികുതി ഉദ്യോഗസ്ഥരോട് വിശദീകരിക്കാന്‍ അവസരമുണ്ട്. മോഷ്ടാക്കള്‍ പക്ഷേ, വിശദീകരണം കേള്‍ക്കാന്‍ നില്‍ക്കില്ല!
Read DhanamOnline in English
Subscribe to Dhanam Magazine