Image Courtesy: Canva, epfindia.gov.in 
Personal Finance

പ്രവാസിക്ക് ഇപിഎഫ് നിക്ഷേപം എങ്ങനെ പിന്‍വലിക്കാം? നികുതി കൊടുക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍

ഇന്ത്യ വിടുമ്പോള്‍ EPF ബാലന്‍സ് പിന്‍വലിക്കുന്നത് പലര്‍ക്കും ഉചിതമായ തീരുമാനമായി മാറുന്നു

Dhanam News Desk

ഇന്ത്യയില്‍ സംഘടിത മേഖലാ ജീവനക്കാര്‍ക്കുള്ള നിര്‍ബന്ധിത സമ്പാദ്യ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF). ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം ഓരോ മാസവും ഇപിഎഫിലേക്ക് ഈടാക്കും. തൊഴിലുടമയും അതേ തുക സംഭാവന നല്‍കുന്നു. ഈ തുകക്ക് 8.25 ശതമാനം വരെ വാര്‍ഷിക പലിശ ലഭിക്കുന്നു. ഇന്ത്യയില്‍ ജോലി തുടരുന്ന ജീവനക്കാര്‍ക്ക് ഈ പലിശക്ക് നികുതി കൊടുക്കേണ്ട. എന്നാല്‍ ഒരാള്‍ വിദേശത്തേക്ക് കുടിയേറി പ്രവാസി (NRI) ആകുമ്പോള്‍ ഈ സാഹചര്യം മാറുന്നു.

എന്‍ആര്‍ഐ ആകുമ്പോള്‍ എന്താണ് മാറുന്നത്?

വിദേശത്തേക്ക് പോയ ഒരാള്‍ EPF-ലേക്ക് പുതിയ സംഭാവന നല്‍കുന്ന ജീവനക്കാരനല്ല. എങ്കിലും EPF അക്കൗണ്ടിലെ ബാലന്‍സിന് 58 വയസ്സ് വരെ പലിശ ലഭിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഈ പലിശക്ക് പ്രവാസി നികുതി കൊടുക്കണം. ഈ പലിശ താമസിക്കുന്ന രാജ്യത്തും നികുതിക്ക് വിധേയമായേക്കാം. അങ്ങനെ ഇരട്ട നികുതി ബാധ്യത ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ഇന്ത്യ വിടുമ്പോള്‍ EPF ബാലന്‍സ് പിന്‍വലിക്കുന്നത് പലര്‍ക്കും ഉചിതമായ തീരുമാനമായി മാറുന്നു.

പ്രവാസിക്കായുള്ള EPF പിന്‍വലിക്കല്‍ നിയമങ്ങള്‍

ജോലി ഉപേക്ഷിച്ച് ഒരു മാസം കഴിഞ്ഞാല്‍, തൊഴിലില്ലായ്മ (unemployment) എന്ന കാരണത്തില്‍ EPF ബാലന്‍സിന്റെ 75 ശതമാനം വരെ പിന്‍വലിക്കാം. രണ്ട് മാസം പൂര്‍ത്തിയായാല്‍ 100 ശതമാനം തുക പിന്‍വലിക്കാനുള്ള അര്‍ഹത ലഭിക്കും. ഒരു മാസം പോലും പൂര്‍ത്തിയാകുന്നതിന് മുന്‍പ് പിന്‍വലിക്കണമെങ്കില്‍, 'വിദേശത്തേക്ക് സ്ഥിരമായി കുടിയേറുന്നു' (settlement abroad) എന്ന കാരണമാണ് നല്‍കേണ്ടത്. എന്നാല്‍ ഈ മാര്‍ഗം, തൊഴിലില്ലായ്മയെ അടിസ്ഥാനമാക്കിയുള്ള പിന്‍വലിക്കലിനെക്കാള്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ ഉള്ളതാണ്.

പിന്‍വലിക്കല്‍ അപേക്ഷ്‌ക്കൊപ്പം പാസ്പോര്‍ട്ട്, വിസ, NRO അല്ലെങ്കില്‍ NRE ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കേണ്ടിവരും. EPFOയുടെ കണക്കില്‍ വിദേശത്ത് ജോലി ചെയ്യുന്നത് 'ജോലി' ആയി പരിഗണിക്കപ്പെടില്ല. അതുകൊണ്ട് തൊഴിലില്ലായ്മ കാരണമാക്കി അപേക്ഷിക്കുന്നതാണ് സാധാരണയായി എളുപ്പം.

നിലവിലെ നിയമങ്ങളും നിര്‍ദ്ദേശിക്കപ്പെട്ട മാറ്റങ്ങളും

ഇപ്പോഴുള്ള നിയമപ്രകാരം:

  • ഒരു മാസം കഴിഞ്ഞാല്‍ 75 ശതമാനം

  • രണ്ട് മാസം കഴിഞ്ഞാല്‍ 100 ശതമാനം

ഇനിയും പ്രാബല്യത്തില്‍ വരാത്ത പുതിയ നിയമങ്ങളില്‍:

  • ഒരു മാസം കഴിഞ്ഞാല്‍ 75 ശതമാനം

  • ശേഷിക്കുന്ന 25 ശതമാനം 12 മാസം ലോക്ക് ചെയ്ത നിലയില്‍ തുടരും

നികുതി കാര്യങ്ങള്‍

തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തിലധികം സേവനം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ EPF പിന്‍വലിക്കല്‍ സാധാരണയായി നികുതി വിമുക്തമാണ്. അഞ്ച് വര്‍ഷത്തില്‍ താഴെയാണെങ്കില്‍ ടിഡിഎസ് (TDS) ഈടാക്കാം. പ്രവാസിക്ക്, എന്‍ആര്‍ഐയായ ശേഷം EPF അക്കൗണ്ടില്‍ ലഭിക്കുന്ന പുതിയ പലിശ നികുതി വിധേയമായതിനാല്‍, ദീര്‍ഘകാലം പണം അവിടെ വെക്കുന്നത് പലപ്പോഴും ഗുണകരമല്ല.

വിദേശത്ത് നിന്ന് EPF പിന്‍വലിക്കാനാകുമോ?

UAN പോര്‍ട്ടല്‍ അല്ലെങ്കില്‍ UMANG ആപ്പ് വഴി ഓണ്‍ലൈനായി EPF പിന്‍വലിക്കല്‍ അപേക്ഷിക്കാം. എന്നാല്‍ ആധാറുമായി ബന്ധിപ്പിച്ച ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ ഇല്ലെങ്കില്‍ ഇത് പ്രായോഗികമായി ബുദ്ധിമുട്ടാകാം. ഒന്നിലധികം EPF അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍, ആദ്യം അവയെല്ലാം അവസാനത്തെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് ശേഷം പിന്‍വലിക്കലിന് അപേക്ഷിക്കുന്നതാണ് നല്ലത്. ഇന്ത്യയില്‍ 10 വര്‍ഷത്തിലധികം സേവനം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍, EPS (പെന്‍ഷന്‍) ഭാഗം പിന്‍വലിക്കാന്‍ കഴിയില്ലെന്നും ശ്രദ്ധിക്കണം.

സ്വയം ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നുന്ന പക്ഷം, വിദഗ്ധരുടെ സഹായം തേടുന്നത് ഉചിതം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT