മോശമല്ലാത്ത വരുമാനം ലഭിക്കുന്നവര്‍ പോലും പണം മിച്ചം വെക്കാന്‍ പാടുപെടുന്നതായാണ് അനുഭവം. കടം വീട്ടല്‍, നിത്യചെലവുകള്‍ എന്നിവക്ക് ശേഷം അവസാനം കാലിയായ പോക്കറ്റാണ് സ്വന്തമായി ഉണ്ടാകാറുള്ളത്. എന്താണ് ഇതിന് കാരണം? സാമ്പത്തിക ബാധ്യതകള്‍ കൂടുന്നതു കൊണ്ടാണോ? ചെലവുകള്‍ വര്‍ധിക്കുന്നതു കൊണ്ടോ? അതോ, ബജറ്റിംഗ് പാളുന്നതു കൊണ്ടോ? റിവേഴ്‌സ് ബജറ്റിംഗിന് ഇവിടെയാണ് പ്രസക്തി. കുറഞ്ഞ വരുമാനക്കാര്‍ക്കും നിശ്ചിത തുക സമ്പാദ്യമാക്കാന്‍ കഴിയുന്ന വേറിട്ട വഴിയാണിത്.
മാസ ശമ്പളമോ മറ്റ് സ്ഥിര വരുമാനമോ കയ്യിലെത്തുമ്പോള്‍ ആദ്യം വായ്പാ തിരിച്ചടവുകള്‍ നടത്തുന്നവരാണ് അധികവും. അത് കൃത്യമായ തീയ്യതികളില്‍ നിര്‍ബന്ധമായും അടച്ചു തീര്‍ക്കേണ്ടതാണ്. വാടക, മറ്റു ബില്ലുകള്‍ എന്നിവക്കാണ് അടുത്ത പരിഗണന, ഇതെല്ലാം കഴിച്ച് ബാക്കിയുള്ള പണമാണ് സമ്പാദ്യത്തിനും ജീവിത ചെലവുകള്‍ക്കും ബാക്കിയുണ്ടാവുക. ചെലവുകള്‍ക്കിടയില്‍ മറന്നു പോകുന്നതാണ് സമ്പാദ്യം.
റിവേഴ്‌സ് ബജറ്റിംഗില്‍ പേര് പോലെ തന്നെ ബജറ്റ് പിരമിഡിനെ തലകീഴായാണ് വെക്കുന്നത്. ആദ്യം സമ്പാദ്യം. വായ്പകള്‍, മറ്റു ബില്ലുകള്‍ എന്നിവ കണക്കാക്കിയ ശേഷം ബാക്കിയുള്ള തുകയില്‍ നിന്ന് ഒരു നിശ്ചിത തുക. അത് എത്ര ചെറിയതാണെങ്കിലും സമ്പാദ്യമായി ആദ്യം തന്നെ മാറ്റി വെക്കുക. ഇതോടെ സമ്പാദ്യം ഉറപ്പാക്കാനാകും.
വരുമാനത്തെയും ചെലവുകളെയും കൃത്യമായി കണക്കാക്കാനും സ്ഥിരത നിലനിര്‍ത്താനും കഴിയുന്നവര്‍ക്ക് റിവേഴ്‌സ് ബജറ്റിംഗ് ഏറെ ഗുണകരമാണെന്ന് ഫിനാന്‍ഷ്യല്‍ സ്ട്രാറ്റജിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. സമ്പാദ്യം ഉറപ്പാക്കുന്നു എന്നതാണ് പ്രധാന ഗുണം. മറ്റൊന്ന്, ചെലവുകള്‍ പരിമിതപ്പെടുത്താന്‍ ഇത് സഹായിക്കും. ബാക്കിയുള്ള പണം കൊണ്ട് മാത്രം ചെലവുകള്‍ നിര്‍വ്വഹിക്കുന്ന സാമ്പത്തിക അച്ചടക്കത്തിലേക്ക് ഇത് വ്യക്തികളെ മാറ്റും. അപ്രതീക്ഷിത ചെലവുകള്‍ വന്നാല്‍ സമ്പാദ്യത്തിന്റെ പിന്തുണയുണ്ടെന്ന ആത്മവിശ്വാസം വളരാനും ഇത് സഹായിക്കും.
ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കാണ് ഇത് ഏറ്റവും അനുയോജ്യം. സമ്പാദ്യത്തിന്റെ കാര്യത്തില്‍ അച്ചടക്കമുള്ളവര്‍ക്കും ഇത് പ്രയോജനം ചെയ്യും.
കാലക്രമേണ നല്ലൊരു സമ്പാദ്യമായി ഇത് മാറും. നിങ്ങളുടെ വരുമാനത്തില്‍ ജീവിക്കാന്‍ ഇത് പ്രേരണ നല്‍കും. വിരമിക്കല്‍ പ്രായമെത്തുമ്പോള്‍ നല്ലൊരു തുക സമ്പാദ്യമായി മാറ്റാനും ഈ തന്ത്രത്തിലൂടെ കഴിയും.
കടുത്ത സാമ്പത്തിക പ്രതിസന്ധികളുള്ളവര്‍ക്ക് ഈ തന്ത്രം പ്രയോജനകരമല്ല. ഒഴിവാക്കാനാകാത്ത ചെലവുകള്‍ ഉള്ള കുറഞ്ഞ വരുമാനക്കാര്‍ക്ക് ഇത് പ്രയാസങ്ങള്‍ സൃഷ്ടിക്കും. സമ്പാദ്യ തുക വര്‍ധിച്ചാല്‍ ചെലവുകള്‍ക്ക് പണം കണ്ടെത്താനാകില്ല.
ക്രമരഹിതമായ വരുമാനമുള്ളവര്‍ക്കും ഇത് അനുയോജ്യമല്ല. ഫ്രീലാന്‍സര്‍മാര്‍, കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് നിശ്ചിത സമ്പാദ്യം കണക്കാക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. അതേസമയം, വരുമാനത്തെ അടിസ്ഥാനമാക്കി സംഖ്യയില്‍ ക്രമീകരണങ്ങള്‍ വരുത്താം. ചെലവുകള്‍ നിയന്ത്രിക്കുന്ന ശീലമില്ലാത്തവര്‍ക്കും റിവേഴ്‌സ് ബജറ്റിംഗ് തന്ത്രം മുന്നോട്ടു കൊണ്ടുപോകാന്‍ പ്രയാസമാകും.
Read DhanamOnline in English
Subscribe to Dhanam Magazine