Canva
Personal Finance

സമയം: സമ്പത്തിന്റെ മിത്രം, കടത്തിന്റെ ശത്രു

കാലം സമ്പത്തിനെയും കടത്തെയും വളരെ വ്യത്യസ്തമായ രീതിയിലാണ് സ്വാധീനിക്കുന്നത്.

Balachandran Viswaram (Balachandran RV)

'കാലങ്ങള്‍ കൊണ്ട് കടം പെരുകി. അയാള്‍ കഷ്ടത്തിലായി.' ഇങ്ങനെ ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ? ശരിക്കും കാലക്രമേണ കടമാണോ അതോ സമ്പത്താണോ പെരുകുന്നത്? കാലം, അഥവ സമയം എങ്ങനെയാണ് സമ്പത്ത് സൃഷ്ടിക്കുന്നതിലും കടം പെരുകുന്നതിലും സ്വാധീനിക്കുന്നതെന്ന് നോക്കാം. അതിന് മുമ്പ് ചില അടിസ്ഥാനപരമായ നിര്‍വചനങ്ങളിലൂടെ നമുക്കൊന്ന് പോകാം.

$ നിക്ഷേപിക്കല്‍: കാലങ്ങള്‍ കൊണ്ട് ആസ്തി കെട്ടിപ്പടുക്കാന്‍ നിങ്ങളുടെ വരുമാനത്തിന്റെ നിശ്ചിത ഭാഗം സവിശേഷമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഇടുന്നതിനെയാണ് ഇന്‍വെസ്റ്റിങ് അഥവ നിക്ഷേപിക്കല്‍ എന്ന് പറയുന്നത്.

$ കടം: അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ ബാങ്കുകളില്‍ നിന്നോ, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ, വ്യക്തികളില്‍ നിന്നോ പണം വാങ്ങുന്നതിനെയാണ് കടമെടുപ്പ് എന്ന് പറയുന്നത്. നിശ്ചിത കാലാവധിക്കുള്ളില്‍ ഈ പണം പലിശ സഹിതം തിരിച്ചുനല്‍കണം.

$ ചെലവ്: നിങ്ങള്‍ക്ക് ആഗ്രഹമുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ വരുന്ന വിലയാണിത്. നിങ്ങള്‍ക്കൊരു യാത്ര പോകണം, നല്ലൊരു റെസ്റ്റൊറന്റില്‍ കയറി ഭക്ഷണം കഴിക്കണം. അതിനൊക്കെ നമ്മള്‍ നല്‍കുന്ന പണമാണ് ചെലവിനത്തില്‍ വരുന്നത്.

$ വരുമാനം: നിങ്ങള്‍ നല്‍കുന്ന സേവനത്തിന് പകരമായി ലഭിക്കുന്ന പ്രതിഫലമാണ് വരുമാനം. നിങ്ങള്‍ക്കൊരു ജോലിയുണ്ടെങ്കില്‍ അതിന് കിട്ടുന്ന വേതനം നിങ്ങള്‍ ജോലിക്കായി ചെലവിടുന്ന സമയം, നിങ്ങളുടെ അധ്വാനം, അതിനുപയോഗിക്കുന്ന ബുദ്ധി എന്നിവക്കെല്ലാമുള്ളതാണ്. നിക്ഷേപ ആസ്തികളില്‍ നിന്നും വരുമാനം ലഭിക്കാവുന്നതാണ്.

$ ആസ്തി: നിങ്ങള്‍ക്കായി വരുമാനം സൃഷ്ടിക്കുന്നവയെയാണ് ആസ്തികള്‍ എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന് ജോലി; അത് നിങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ വരുമാനമുണ്ടാക്കുന്നു. സ്ഥിര നിക്ഷേപം പോലുള്ളവയാണെങ്കില്‍ പരോക്ഷമായി വരുമാനമുണ്ടാക്കുന്നതാണ്.

സമ്പത്തില്‍ നിന്ന് സമ്പത്ത്

ആസ്തി ഉണ്ടാക്കാന്‍ ശ്രമിച്ചുനോക്കിയിട്ടുണ്ടോ? അത് നിരന്തരം മുന്നോട്ട് തന്നെ ഓടുന്ന വണ്ടിയാണ്. നിക്ഷേപം നടത്തി, പണമുണ്ടാക്കിയാല്‍ ആ പണത്തില്‍ നിന്നും വീണ്ടും പണമുണ്ടാക്കാം. അതില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കാം. ആ വരുമാനം വീണ്ടും നിക്ഷേപിക്കാം. വരുമാനം കൂടുതല്‍ വരുമ്പോള്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ അതില്‍ നിന്ന് പണം വരും. വരുമാനം വീണ്ടും കൂടും.

കടവും ഏതാണ്ട് ഇതുപോലെയാണ്. റൊക്കം പണം കയ്യിലില്ലാതെ ഒരു സാധനം വാങ്ങാന്‍ പോകുമ്പോള്‍ നാം കടമെടുക്കും. അതായത് അമിതമായ ചെലവുകള്‍ കടബാധ്യതകളിലേക്ക് നയിക്കും. കടം വന്നാലോ വീണ്ടും ചെലവ് ഉയരും. അത് നിങ്ങളെ കടക്കെണിയിലേക്ക് തള്ളിയിടും.

ഈ രണ്ട് സൈക്കിളുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏക ഘടകം വരുമാനമാണ്. നമുക്ക് കിട്ടുന്ന വരുമാനം ആസ്തി സൃഷ്ടിക്കുന്നതിനാണോ കടം തീര്‍ക്കാനായിട്ടാണോ വിനിയോഗിക്കേണ്ടതെന്നത് നമ്മുടെ ഒരു തിരഞ്ഞുടപ്പാണ്.

കടത്തിന്റെ കണക്കും സമ്പത്തിന്റെ കണക്കും നമുക്കൊന്ന് നോക്കാം.

നിങ്ങള്‍ക്ക് 1,50,000 രുപ മാസ വരുമാനം ഉണ്ടെന്നിരിക്കട്ടെ. അതില്‍ നിന്ന് 30,000 രൂപ എല്ലാ മാസവും 12 ശതമാനം (പ്രതീക്ഷിക്കുന്ന നിരക്ക്) പ്രതിവര്‍ഷ നേട്ടമുള്ള മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 20 വര്‍ഷം കഴിയുമ്പോള്‍ മൂന്ന് കോടി രൂപ നിങ്ങള്‍ക്ക് സമ്പാദ്യമുണ്ടാകും.

ഇനി ഈ 30,000 രൂപ 20 വര്‍ഷം പ്രതിമാസം വായ്പ തിരിച്ചടവാണ് നടത്തുന്നതെന്നിരിക്കട്ടെ. വായ്പയുടെ പലിശ നിരക്ക് ഏഴ് ശതമാനമാണെന്ന്

പരിഗണിച്ചാല്‍ ഈ കാലയളവ് കൊണ്ടുള്ള തിരിച്ചടവ് കണക്കാക്കി നിങ്ങള്‍ക്കുള്ള വായ്പ പരിധി ഏതാണ്ട് 38.7 ലക്ഷം മാത്രമാവും. അതായത് 30,000 രൂപ നിങ്ങള്‍ നിക്ഷേപമാര്‍ഗത്തിലേക്കാണ് തിരിച്ചുവിടുന്നതെങ്കില്‍ മൂന്ന് കോടി സമ്പാദ്യമുണ്ടാക്കി നിങ്ങള്‍ കോടീ

ശ്വരനാകും. അതേ തുക അതേ കാലയളവില്‍ തിരിച്ചടവിനായി മാറ്റിവെക്കാനാണ് തീരുമാനമെങ്കില്‍ വെറും 38.7 ലക്ഷത്തിന്റെ സാമ്പത്തിക ആവശ്യമേ നടത്താനാവൂ. കടഭാരത്തിലുമാകും.

അസറ്റ് സൈക്കിള്‍, ഡെറ്റ് സൈക്കിളുമായി താരതമ്യം ചെയ്യുമ്പോള്‍ 7.75 മടങ്ങ് അധികരിച്ച പ്രകടനമാണ് നടത്തുന്നത്. ഒരേ കാലം, ഒരേ പണം. പക്ഷേ സമയം സമ്പത്ത് വളര്‍ത്താന്‍ മിത്രമാകുമ്പോള്‍ കടത്തിന്റെ കാര്യത്തില്‍ ശത്രുവാകുന്നു. ഇതില്‍ ഏതാണ് വേണ്ടത്? അത് തീരുമാനിക്കേണ്ടത് നിങ്ങളാണ്. പ്രതിമാസം 30,000 രൂപയുടെ കടമോ അതോ നിക്ഷേപമോ?

(ധനം മാഗസിൻ ഏപ്രിൽ 15 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT