മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ പല നിക്ഷേപകരും റിട്ടേൺ, റേറ്റിംഗ്, മാനേജർ പ്രശസ്തി എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്. എന്നാൽ വ്യക്തിയുടെ നിലവിലെ സാമ്പത്തിക സ്ഥിതി, ആസ്തി, ലിക്വിഡിറ്റി ആവശ്യങ്ങൾ, പ്രായവും ലക്ഷ്യങ്ങളും അനുസരിച്ച് ഗ്രോത്ത്, സ്ഥിരത, ഡൈവേഴ്‌സിഫിക്കേഷൻ എന്നീ മൂന്നു വിഭാഗങ്ങളിലായി പോർട്ട്‌ഫോളിയോ ക്രമീകരിക്കുമ്പോഴാണ് ദീർഘകാല സമ്പത്ത് സൃഷ്ടി ഉറപ്പാകുന്നത്.
മ്യൂച്വൽ ഫണ്ട് നിക്ഷേപകർ വരുത്തുന്ന ഏറ്റവും വലിയ വീഴ്ച, തുടക്കത്തിൽ തന്നെ തെറ്റായ ഘടകങ്ങൾക്ക് മുൻഗണന നൽകുന്നതാണ്. മുൻകാലങ്ങളിലെ മികച്ച ആദായം (Returns), ഉയർന്ന റേറ്റിംഗുകൾ, ഫണ്ട് മാനേജർമാരുടെ പ്രശസ്തി എന്നിവ മാത്രം വിലയിരുത്തി നിക്ഷേപത്തിലേക്ക് തിരിയുന്നതാണ് പൊതുവെ കണ്ടുവരുന്ന രീതി.
എന്നാൽ, കേവലമൊരു ലാഭസാധ്യതയ്ക്കപ്പുറം, ഓരോ നിക്ഷേപവും നിക്ഷേപിക്കുന്ന വ്യക്തിയുടെ ദീർഘകാല സാമ്പത്തിക പദ്ധതികളിൽ എന്തുമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് തിരിച്ചറിയുകയാണ് യഥാർത്ഥത്തിൽ ആദ്യം ചെയ്യേണ്ടത്.
ഫണ്ട് വിവരങ്ങൾ വിശകലനം ചെയ്യുന്നതിന് മുൻപ് നിക്ഷേപകന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തേണ്ടതുണ്ട്.
ആസ്തികളുടെ വിതരണം: നിലവിൽ എത്രത്തോളം തുക ഓഹരികളിലും (Equities) ഡെറ്റ് ഫണ്ടുകളിലും (Debt Funds) സ്വർണത്തിലും നിക്ഷേപിച്ചിട്ടുണ്ട്?
ലിക്വിഡിറ്റി ആവശ്യങ്ങൾ: വരും വർഷങ്ങളിൽ പെട്ടെന്ന് പണമായി പിൻവലിക്കേണ്ട ആവശ്യങ്ങളുണ്ടോ?
വ്യക്തിഗത ആവശ്യങ്ങളിലെ വൈവിധ്യം: 40 വയസ്സുള്ള ഒരു സംരംഭകന്റെ സാമ്പത്തിക ലക്ഷ്യങ്ങളും നിക്ഷേപ ശേഷിയുമല്ല 65 വയസ്സുള്ള ഒരു പെൻഷൻകാരന് ഉണ്ടാകുക. ഇരുവർക്കും പൂർണമായും വ്യത്യസ്തമായ സാമ്പത്തിക ആസൂത്രണമാണ് അനിവാര്യം.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിക്ഷേപ പോർട്ട്‌ഫോളിയോയെ ഗ്രോത്ത് (വളർച്ച), സ്റ്റെബിലിറ്റി (സ്ഥിരത), ഡൈവേഴ്‌സിഫിക്കേഷൻ (വൈവിധ്യവൽക്കരണം) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിക്കാം. ഓഹരികൾ വളർച്ച സാധ്യത നൽകുമ്പോൾ, ഡെറ്റ് ഫണ്ടുകൾ സ്ഥിരതയും സ്വർണം വിപണിയിലെ തിരിച്ചടികളിൽ നിന്ന് പ്രതിരോധവും തീർക്കുന്നു.
ഏറ്റവും ഉയർന്ന ആദായം (Returns) നൽകുന്നതല്ല മികച്ച നിക്ഷേപം; മറിച്ച്, നിക്ഷേപകന്റെ ലക്ഷ്യങ്ങൾക്കൊപ്പം സഞ്ചരിക്കുകയും വിപണിയിലെ റിസ്ക് കൃത്യമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നവയാണ് യഥാർത്ഥ വിജയം സമ്മാനിക്കുന്നത്.
അഞ്ച് വർഷത്തിനിടെ ഒരേപോലെ 15 ശതമാനം ആദായം നൽകിയ രണ്ട് മ്യൂച്വൽ ഫണ്ടുകൾ ഉദാഹരണമായി എടുക്കാം. ഇതിൽ ആദ്യത്തെ ഫണ്ട് വെറും 25 ഓഹരികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വലിയ വിപണി ഇടിവുകൾക്ക് (Drawdown) സാക്ഷ്യം വഹിച്ചിട്ടുണ്ടാകാം. എന്നാൽ, രണ്ടാമത്തെ ഫണ്ട് 70-ലധികം കമ്പനികളിൽ നിക്ഷേപം വ്യാപിപ്പിച്ച് (Diversification) വിപണിയിലെ തകർച്ചകളെ സമർത്ഥമായി പ്രതിരോധിച്ച് സുസ്ഥിര വളർച്ച കൈവരിച്ചതാകാം. വിപണി ചാഞ്ചാട്ടങ്ങളിൽ പരിഭ്രാന്തരാകാതെ ദീർഘകാല നിക്ഷേപം തുടരാൻ രണ്ടാമത്തെ ശൈലിയാണ് കൂടുതൽ സുരക്ഷിതം.
ഒരു ഫണ്ട് മാനേജരുടെ താത്കാലികമായ വ്യക്തിഗത മികവിനേക്കാൾ ദീർഘകാലം പിടിച്ചുനിൽക്കാൻ ശേഷിയുള്ള കൃത്യമായ നിക്ഷേപ രീതികൾക്കാണ് (Repeatable Process) വിപണിയിൽ എപ്പോഴും മുൻഗണന നൽകേണ്ടത്.
ഫണ്ട് മാനേജരുടെ നിക്ഷേപ കാഴ്ചപ്പാടും ശൈലിയും സുതാര്യമാണോ?
വിപണിയിലെ താത്കാലിക ട്രെൻഡുകൾക്ക് പിന്നാലെ പായുന്ന ശൈലി മാറ്റം (Style Drift) ഈ ഫണ്ടിലുണ്ടോ?
വിപണിയിലെ കനത്ത തകർച്ചകളിൽ ഈ ഫണ്ട് എത്രമാത്രം കരുത്തുകാട്ടുന്നു?
കടലാസിൽ മികച്ച റിട്ടേൺ കാണിക്കുന്ന പല ഫണ്ടുകളും വിപണി ഇടിയുമ്പോൾ വലിയ തകർച്ച നേരിടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പല നിക്ഷേപകരും നഷ്ടം സഹിച്ചുകൊണ്ട് ഫണ്ടുകളിൽ നിന്ന് പിന്മാറുന്നത് പതിവാണ്.
ഒരു ഫണ്ടിനെ മാത്രം മുൻനിർത്തി നിക്ഷേപ തന്ത്രങ്ങൾ രൂപീകരിക്കരുത്. ഒരേ വിഭാഗത്തിൽപ്പെട്ട (ഉദാഹരണത്തിന് ലാർജ് ക്യാപ്) മൂന്ന് ഫണ്ടുകൾ കൈവശം വെച്ചതുകൊണ്ട് പോർട്ട്‌ഫോളിയോയിൽ യാതൊരുവിധ വൈവിധ്യവൽക്കരണവും ലഭിക്കില്ല. അനാവശ്യമായി ഫണ്ടുകളുടെ എണ്ണം കൂട്ടി പോർട്ട്‌ഫോളിയോ സങ്കീർണമാക്കുന്നതിനേക്കാൾ നല്ലത്, കൃത്യമായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് മികച്ച ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ്.
ഓരോ നിക്ഷേപത്തിന് മുൻപും അതിൽ നിന്ന് എപ്പോൾ പിന്മാറണം (Exit Criteria) എന്നതിൽ വ്യക്തതയുണ്ടായിരിക്കണം. ഫണ്ടിന്റെ അടിസ്ഥാന സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ, തുടർച്ചയായ മോശം പ്രകടനം, അല്ലെങ്കിൽ നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ ഇതിനായി കണക്കാക്കാം.
ചുരുക്കത്തിൽ ഏറ്റവും ഉയർന്ന ആദായം നൽകുന്ന ഫണ്ടുകൾ കണ്ടെത്തുകയല്ല വെൽത്ത് മാനേജ്‌മെന്റിന്റെ വിജയം; മറിച്ച്, ഓരോ നിക്ഷേപകന്റെയും ലക്ഷ്യങ്ങൾക്കും സാഹചര്യങ്ങൾക്കും തികച്ചും അനുയോജ്യമായ ഫണ്ട് കൃത്യമായ അനുപാതത്തിൽ തിരഞ്ഞെടുത്ത് നൽകുക എന്നതാണ്.
(Disclaimer: ഈ വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്; ഇതൊരു നിക്ഷേപ ഉപദേശമോ ഏതെങ്കിലും ഓഹരി/മ്യൂച്വൽ ഫണ്ട് വാങ്ങാനോ വിൽക്കാനോ ഉള്ള ശിപാർശയോ അല്ല.)
Read DhanamOnline in English
Subscribe to Dhanam Magazine