Personal Finance

'ഒരു ശതമാനം' ക്ലബ്ബിലേക്ക് നിങ്ങള്‍ക്കും സ്വാഗതം! ഉയര്‍ന്ന നേട്ടങ്ങളുണ്ടാക്കുന്നവരുടെ സംഘത്തിലേക്ക് എങ്ങനെ കടന്നുവരാം?

ഉന്നതവിജയം നേടിയവരെ കുറിച്ചുള്ള സാധാരണയായ തെറ്റിദ്ധാരണ അവര്‍ സമൂഹത്തിന് എതിരാണ് എന്നതാണ്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം?

Gilson Manuel

സംരംഭകരെന്ന നിലയില്‍ അതാത് മേഖലകളിലെ എല്ലാ പരിപാടികളിലും പങ്കെടുത്ത് നെറ്റ് വര്‍ക്ക് ശക്തമാക്കണമെന്നും ബന്ധങ്ങള്‍ കെട്ടിപ്പടുക്കണമെന്നും പറയാറുണ്ട്. എന്നാല്‍ തിരക്കുകള്‍ മൂലം അത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാനായില്ലെങ്കിലോ? ആളുകള്‍ നിറഞ്ഞ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്ന് നേടാനാവാത്തതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിലോ? സമ്പന്നരുടെ വിജയത്തിന് പിന്നിലെ അനാകര്‍ഷക സത്യമെന്തെന്ന് നമുക്ക് നോക്കാം; ആ പാത തിരഞ്ഞെടുക്കുന്നതിലെ മേന്മ എന്താണെന്നും മനസിലാക്കാം.

'ഒരു ശതമാനം ക്ലബ്ബ്' എന്നത് ഒഴിവാക്കലിന്റേതല്ല, മുന്‍ഗണനയെ സംബന്ധിച്ചതാണ്

ഉന്നതവിജയം നേടിയവരെ കുറിച്ചുള്ള സാധാരണയായ തെറ്റിദ്ധാരണ അവര്‍ സമൂഹത്തിന് എതിരാണ് എന്നതാണ്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? സെലക്ടീവായി സമൂഹവുമായി ഇടപെടുന്നവരാണ് അവര്‍. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന, സാമൂഹ്യ മാധ്യമങ്ങളില്‍ ചെലവിടുന്ന,അത്ര പ്രധാനമല്ലാത്ത ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന ഓരോ മിനുട്ടും ക്രിയാത്മകമല്ലെന്ന് പറയേണ്ടി വരും. വിജയം എന്നത് എല്ലാം ചെയ്യുന്നതല്ല, പ്രധാനപ്പെട്ടത് ചെയ്യുന്നതാണ്.

ത്യാഗം വിജയത്തിനുള്ള വില

ടെസ്ലയെ രക്ഷിക്കാന്‍ ഇലോണ്‍ മസ്‌ക് തന്റെ ഫാക്ടറിയിലെ തറയില്‍ വരെ ഉറങ്ങിയിട്ടുണ്ട്. സ്പാന്‍ക്‌സിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി സാറ ബ്ലേക്ക്‌ലി ഫാക്‌സ് മെഷീനുകള്‍ വിറ്റു നടന്നിട്ടുണ്ട്. പെട്ടെന്നുള്ള സന്തോഷത്തിന് പകരം കുറച്ച് വൈകി ലഭിക്കുന്ന സംതൃപ്തിയെയാണ് അവര്‍ തിരഞ്ഞെടുത്തത്. മറ്റുള്ളവര്‍ വെള്ളിയാഴ്ച രാത്രിയിലെ പരിപാടികള്‍ പിന്തുടരുമ്പോള്‍ ഒരു ശതമാനം പേര്‍ നാഴികക്കല്ലുകള്‍ തേടുന്നു. ത്യാഗം ഒരാളെ വ്യത്യസ്തനാക്കുന്നു.സ്വയം ചോദിക്കുക: നാളെകളെ സ്വന്തമാക്കാന്‍ ഇന്ന് എന്താണ് നിങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറാവുക?

സോഷ്യലൈസിംഗ് വിജയത്തിന് തുല്യമല്ല

വ്യക്തമായി പറയാം. ഒറ്റപ്പെട്ട് ഒരു ബിസിനസ് കെട്ടിപ്പടുക്കുന്നു എന്നത് ഒരു മിഥ്യയാണ്. ബന്ധങ്ങള്‍ പ്രധാനമാണ്. എന്നാല്‍ സോഷ്യലൈസിംഗും ഒരു ലക്ഷ്യത്തിനു വേണ്ടിയുള്ള സോഷ്യലൈസിംഗും തമ്മില്‍ വ്യത്യാസമുണ്ട്. ആ ഒരു ശതമാനം പേര്‍ ആളുകളെ ഒഴിവാക്കുന്നില്ല. ശ്രദ്ധ വ്യതിചലിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്യുക. ഒരു മെന്റര്‍ക്കൊപ്പം 30 മിനുട്ട് നേരം കാപ്പി കുടിക്കാനായി ചെലവിടുന്നത് വലിയ ഫലം ചെയ്യും. എന്നാല്‍ മൂന്ന് മണിക്കൂര്‍ കോക്ക്‌ട്ടെയ്‌ലിനായി ചെലവിട്ടാലോ? അപൂര്‍വമായി മാത്രം ഫലമുണ്ടായേക്കാം. ഏറ്റവും പരിമിതമായ വിഭവമാണ് സമയം. അത് ഏറ്റവും ഫലം നല്‍കുന്നതിനായി വിനിയോഗിക്കുക.

ആഗ്രഹമെന്നത് ഒറ്റപ്പെട്ട ഭാഷയാണ് - ഒരു ഘട്ടം വരെ

നിങ്ങള്‍ക്ക് ജന്മദിനങ്ങള്‍ ആഘോഷിക്കാന്‍ പറ്റിയെന്ന് വരില്ല. അവധിക്കാലം ഒഴിവാക്കേണ്ടി വരും. നിങ്ങള്‍ അവയോടൊക്കെ 'നോ' പറയും. എന്നാല്‍ രഹസ്യമിതാണ്- ഈ ഒരു ശതമാനം ക്ലബ്ബില്‍ മുഴുവന്‍ നിങ്ങളുടെ ഭാഷ സംസാരിക്കുന്നവരാണ്. ഗോസിപ്പിന് അപ്പുറം വളര്‍ച്ചയെ വിലമതിക്കുന്നവര്‍ക്കൊപ്പം ചേരുക. അപ്പോള്‍ പെട്ടെന്ന് ഏകാന്തത മാറി ഫോക്കസ് വരുന്നത് കാണാം. നിങ്ങള്‍ അക്കൂട്ടര്‍ക്കൊപ്പം നടത്തുന്നത് പാര്‍ട്ടിയോ ആഘോഷമോ അല്ല, കെട്ടിപ്പടുക്കലാണ്.

ഒരു ശതമാനം എന്ന മനോഭാവം: നേട്ടമാണ് പ്രതിഫലം

ശരാശരിക്കാരനായ ഒരു വ്യക്തിക്ക് നേട്ടം എന്നത് ഒരു നാഴികക്കല്ലാണ്. എന്നാല്‍ ഒരു ശതമാനം പേരെ സംബന്ധിച്ച് ജീവിതശൈലിയും. ഒരു ഡീല്‍ ഉറപ്പിക്കുന്നതിന്റെ ആവേശം, ഒരു ഉല്‍പ്പന്നം പുറത്തിറക്കുന്നതിന്റെ തിരക്ക്, നിങ്ങളുടെ ആശങ്കകള്‍ മറികടന്ന് നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിലെ അഭിമാനം തുടങ്ങിയവയൊക്കെയാകും നിങ്ങളുടെ 'സാമൂഹിക ജീവിതം'. നിങ്ങള്‍ സാധാരണ ലോകത്തേക്ക് വീണ്ടും കാലെടുത്തു വെയ്ക്കുന്നത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടാനല്ല, മറിച്ച് അത് ആഘോഷിക്കാനാണ്.

അവസാനമായി- വാതില്‍ തുറന്നിട്ടിരിക്കുകയാണ്. പക്ഷേ നിങ്ങള്‍ അതിലൂടെ കടക്കാന്‍ തയാറാണോ? ഭാഗ്യവാന്മാര്‍ക്ക് വേണ്ടി റിസര്‍വ് ചെയ്തിരിക്കുന്ന ഒന്നല്ല ഒരു ശതമാനം ക്ലബ്ബ്. തങ്ങളുടെ ലക്ഷ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് തീരുമാനിച്ചിരിക്കുന്നവരാണ് ഇതിന് രൂപം നല്‍കിയിരിക്കുന്നത്. വ്യക്തതയിലേക്കുള്ള ഒരു ആഹ്വാനമാണിത്. താല്‍ക്കാലിക സുഖസൗകര്യങ്ങള്‍ക്കപ്പുറം സ്ഥായിയായ സ്വാധീനം ഉണ്ടാക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഈ ക്ലബ്ബിലേക്ക് സ്വാഗതം.

ധനം മാഗസിന്‍ ജൂണ്‍ 30 എഡിഷനില്‍ പ്രസിദ്ധീകരിച്ചത്‌

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT