Image courtesy: Canva
Personal Finance

ഓൺലൈൻ നിക്ഷേപ തട്ടിപ്പ് പെരുകുന്നു; പണം നഷ്ടമാകാതെ നോക്കാം; ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഓൺലൈൻ നിക്ഷേപ തട്ടിപ്പുകാർ കൂടുതൽ സ്മാർട്ടായ നീക്കങ്ങളാണ് നടത്തുന്നതെങ്കിലും ചില ലളിതമായ പരിശോധനകൾ വഴി വ്യാജന്മാരെ തിരിച്ചറിയാനും പണം നഷ്ടമാകാതെ സൂക്ഷിക്കാനും കഴിയും. എങ്ങനെയന്ന് വിശദമായി അറിയാം.

Dhanam News Desk

ദീർഘകാലയളവിൽ പണപ്പെരുപ്പം ഏൽപ്പിക്കാവുന്ന ആഘാതവും അതിൽ നിന്നും രക്ഷനേടാനായി നിക്ഷേപത്തിന്റെ ആവശ്യകതയും ഇന്ന് തിരിച്ചറിയുന്നവർ ഏറെയാണ്. എന്നിരുന്നാലും മികച്ച നിക്ഷേപ അവസരങ്ങൾ കണ്ടെത്താനും അതിൽ ക്ഷമാപൂർവം കാത്തിരിക്കാനും കഴിയുന്നവർ വിരളമാണ്. ഈയൊരു സാധ്യതയാണ് നിക്ഷേപ തട്ടിപ്പുകാർ മുതലെടുക്കാൻ നോക്കുന്നത്.

അതുകൊണ്ട് കുറഞ്ഞ റിസ്ക്കും കൂടുതൽ ലാഭവും വാ​ഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ കാണുമ്പോൾ ആവേശത്തേക്കാളും സംശയമാണ് തോന്നേണ്ടത്. പ്രശസ്തരുടെ ഡീപ്പ്ഫേക്ക് വീഡിയോകളിലൂടെ ആകൃഷ്ടരായും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ ഇൻവെ​സ്റ്റ്മെന്റ് ആപ്ലിക്കേഷനുകൾ മുഖേന ഓൺലൈൻ നിക്ഷേപ തട്ടിപ്പിന് ഇരയാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. എന്നാൽ ചില ലളിതമായ പരിശോധനകൾ നടത്തിയാൽ വലിയ നഷ്ടം ഒഴിവാക്കാൻ കഴിയുമെന്നതാണ് വസ്തുത. അത്തരത്തിൽ ശ്രദ്ധിക്കേണ്ട നാല് വഴികൾ നോക്കാം.

1. അമ്പരപ്പിക്കുന്ന ആദായം:

യാതൊരുവി​ധ റിസ്ക് സാധ്യതകളുമില്ലാതെ അതിശകരമായ തോതിലുള്ള വമ്പൻ ആദായം തിരികെ നൽകാമെന്നുള്ള വാ​ഗ്ദാനങ്ങളെ സംശയദൃഷ്ടിയോടെ നോക്കണം. നിയമപരമായ വ്യവസ്ഥകൾ പാലിച്ചുകൊണ്ടുള്ള നിക്ഷേപങ്ങളിലും റിസ്ക് ഉണ്ടെന്നതാണ് വസ്തുത. കൂടാതെ സുനിശ്ചിതമായും ഉയർന്ന ലാഭം കിട്ടാനുള്ള സാധ്യത തീർത്തും വിരളമാണെന്നും ഓർക്കുക.

2. വിശദാംശം തിരക്കുക:

പണം കൈമാറുന്നതിന് മുമ്പ് നിക്ഷേപ പദ്ധതിയുടെ കൂടുതൽ വിശദാംശം ചോദിക്കുക. എന്തുകൊണ്ടാണ് സാധാരണ​ഗതിയിൽ കണ്ടില്ലാത്ത അത്രയും വലിയ ആദായം ഈ നിക്ഷേപത്തിൽ നിന്നും ലഭിക്കുന്നത്? എങ്ങനെയാണ് അത് സാധ്യമാകുന്നത്? ഇത്തരം അടിസ്ഥാന ചോദ്യങ്ങൾക്ക് അവ്യക്തവും സംശയകരവുമായ വിശദീകരണമാണ് ലഭിക്കുന്നതെങ്കിൽ പിന്മാറാൻ അമാന്തിക്കരുത്.

3. താരതമ്യം ചെയ്തുനോക്കുക:

മുന്നോട്ടുവെച്ച ആദായം സംബന്ധിച്ച വാ​ഗ്ദാനം വിപണിയുടെ ലാഭനഷ്ട സാധ്യകളുമായി തട്ടിച്ചുനോക്കുക. വിപണിയിൽ സമാന പദ്ധതികളുണ്ടോ എന്ന് അന്വേഷിക്കുക. നിയമപരമായി പ്രവർത്തിക്കുന്ന സമാന പദ്ധതികൾക്ക് ലഭിക്കുന്ന ആദായം എത്രയെന്ന് പരിശോധിക്കുക. എന്നിങ്ങനെയുള്ള അടിസ്ഥാന സാമ്പത്തിക കണക്കുകൾ നോക്കിയാൽ തന്നെ പതിര് തെളിഞ്ഞുവരും.

4. വേ​ഗത്തിൽ തീരുമാനം എടുക്കരുത്:

തട്ടിപ്പുകാർ ധൃതി കൂട്ടുന്നത് സാധാരണമാണ്. ഇത് ലിമിറ്റഡ് ഓഫറാണ്, ഇന്നും കൂടിയേ വിലക്കുറവുള്ളൂ, പിന്നെ ഈ അവസരം കിട്ടില്ല എന്നൊക്കെ മട്ടിൽ പറഞ്ഞുകൊണ്ട് സമ്മർദത്തിലാക്കാൻ ശ്രമിക്കും. എന്നാൽ സ്വതന്ത്രമായി ചിന്തിച്ചും സമാധാനത്തിൽ ആലോചിച്ചും മാത്രം തീരുമാനമെടുക്കുക. അതുപോലെ സാമ്പത്തിക വിഷയത്തിൽ അവ​ഗാഹമുള്ള വിശ്വസ്തരായ സുഹൃത്തുക്കളോടെ സാമ്പത്തിക വിദ​ഗ്ധരോടോ അഭിപ്രായം ആരായുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT