canva
Personal Finance

ബില്‍ഡിംഗ് സ്വന്തമല്ലെങ്കിലും വാടക വാങ്ങാം, എന്താണ് റീറ്റ്‌സ്? നിക്ഷേപം എങ്ങനെ? ഒരുലക്ഷം കോടി കടന്ന് വിപണി മൂല്യം

കുറഞ്ഞ നിക്ഷേപം നടത്തി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നും മികച്ച വരുമാനം നേടാന്‍ കഴിയുന്ന നിക്ഷേപ മാര്‍ഗമാണ് റീറ്റ്‌സെന്ന് വിദഗ്ധര്‍

Dhanam News Desk

രാജ്യത്തെ പ്രധാനപ്പെട്ട നാല് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ് ട്രസ്റ്റുകളുടെ (REITs) വിപണി മൂല്യം ഒരുലക്ഷം കോടി രൂപ കടന്നെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതോടെ വീണ്ടും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങളും ചര്‍ച്ചയായി. വിലയില്‍ ഉണ്ടാകുന്ന മാറ്റവും നികുതി വര്‍ധനയുമൊക്കെ വരുമാനത്തെ ബാധിക്കുമെന്ന് കരുതിയാണ് പലരും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപങ്ങള്‍ക്ക് മുതിരാത്തത്. വലിയ നിക്ഷേപങ്ങള്‍ നടത്തേണ്ടി വരുമെന്നതും മറ്റൊരു തടസമാണ്. എന്നാല്‍ കുറഞ്ഞ നിക്ഷേപം നടത്തി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നും മികച്ച വരുമാനം നേടാന്‍ കഴിയുന്ന നിക്ഷേപ മാര്‍ഗമാണ് റീറ്റ്‌സെന്ന് വിദഗ്ധര്‍ പറയുന്നു.

എന്താണ് റീറ്റ്‌സ്

വരുമാന സാധ്യതയുള്ള ഷോപ്പിംഗ് മാളുകള്‍ പോലുള്ള റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ സ്വന്തമായുള്ളതോ ഓപ്പറേറ്റ് ചെയ്യുന്നതോ അല്ലെങ്കില്‍ അവക്ക് സാമ്പത്തിക സഹായം നല്‍കുന്നതോ ആയ കമ്പനികളാണ് റീറ്റ്‌സ്. സ്ഥിരമായ വാടക വരുമാനം ലഭിക്കുന്ന ഓഫീസ് കെട്ടിടങ്ങള്‍ പോലുള്ളവയിലാണ് ഇന്ത്യയിലെ റീറ്റ്‌സുകള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. റീറ്റ്‌സില്‍ നിക്ഷേപിക്കുന്നതിലൂടെ വലിയൊരു കെട്ടിടം വന്‍തുക നല്‍കി സ്വന്തമാക്കാതെ അതില്‍ നിന്നുള്ള വാടക വരുമാനം നേടാന്‍ കഴിയും.

എത്ര രൂപ മുതല്‍ നിക്ഷേപിക്കണം

10,000-15,000 രൂപ വരെയുള്ള ചെറു നിക്ഷേപങ്ങള്‍ വരെ ഈ മേഖലയില്‍ സാധ്യമാണ്. എന്‍.എസ്.ഇ, ബി.എസ്.ഇ പോലുള്ള ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തവയാണ് റീറ്റ്‌സുകള്‍. അതുകൊണ്ട് ഡീമാറ്റ് അക്കൗണ്ട് സ്വന്തമായുള്ള ആര്‍ക്കും ഇതില്‍ നിക്ഷേപിക്കാം. കുറച്ചുകൂടി സിംപിളായി പറഞ്ഞാല്‍ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതുപോലെ റീറ്റ്‌സിലും ഇടപാടുകള്‍ സാധ്യമാണ്.

റീറ്റ്‌സില്‍ വരുമാനം എങ്ങനെ

ഓഫീസ് സ്‌പേസുകള്‍ വാടകക്ക് നല്‍കുന്നതിലൂടെ ലഭിക്കുന്ന വരുമാനം നിക്ഷേപകര്‍ക്കായി വീതിച്ചു നല്‍കുന്നതാണ് റീറ്റ്‌സിന്റെ രീതി. ലാഭത്തിന്റെ 90 ശതമാനവും നിക്ഷേപകര്‍ക്ക് വിതരണം ചെയ്യണമെന്നതാണ് ചട്ടം. വാങ്ങുന്ന യൂണിറ്റുകളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ലാഭവിഹിതം കൂടാതെ യൂണിറ്റുകള്‍ വാങ്ങി വില്‍ക്കുമ്പോള്‍ ലഭിക്കാന്‍ സാധ്യതയുള്ള മൂലധന നേട്ടവും നിക്ഷേപകര്‍ക്ക് ലഭിക്കും.

ഏതൊക്കെ തരം

പ്രധാനമായും നാല് റീറ്റ്‌സുകളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ബ്രൂക്ക്ഫീല്‍ഡ് ഇന്ത്യ റിയല്‍ എസ്റ്റേറ്റ് ട്രസ്റ്റ്, എംബസി ഓഫീസ് പാര്‍ക്ക്‌സ് റീറ്റ്, മൈന്‍സ്‌പേസ് ബിസിനസ് പാര്‍ക്ക്‌സ് റീറ്റ്, നെക്‌സസ് സെലക്ട് ട്രസ്റ്റ്. ഇന്ത്യന്‍ റീറ്റ്‌സ് അസോസിയേഷന്റെ ജൂലൈ 30 വരെയുള്ള കണക്ക് പ്രകാരം ഒരുലക്ഷം കോടി രൂപയിലധികമാണ് ഈ നാല് റീറ്റ്‌സുകളിലുമായി നിക്ഷേപിച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ വാണിജ്യ കെട്ടിടങ്ങളിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇക്കാര്യങ്ങള്‍ മറക്കരുത്...

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഡിമാന്‍ഡ്, വാടക വരുമാനം, ഒക്കുപ്പന്‍സി നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് റീറ്റ്‌സില്‍ വരുമാനം തീരുമാനിക്കുന്നത്. വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഈ മേഖലയെയും ബാധിക്കും. റീറ്റ്‌സിന്റെ വിലയിലും ഇത് പ്രതിഫലിക്കും. റീറ്റ്‌സില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് ഒരു വിദഗ്ധന്റെ സേവനം തേടുന്നതോ സ്വന്തമായി കാര്യങ്ങള്‍ മനസിലാക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT