ഒരു അസറ്റ് മാനേജ്മെന്റ് കമ്പനി (എഎംസി) പുതിയതായി വിപണിയിലേക്ക് അവതരിപ്പിക്കുന്ന മൂച്വൽ ഫണ്ട് സ്കീമിനെയാണ് ന്യൂ ഫണ്ട് ഓഫർ (എൻഎഫ്ഒ) എന്ന് വിശേഷിപ്പിക്കുന്നത്. തുടക്കമായതിനാൽ 10 രൂപ പോലെ നാമമാത്രമായ എൻഎവിയിൽ (NAV) ആയിരിക്കും മ്യൂച്വൽ ഫണ്ട് ഹൗസുകൾ നിക്ഷേപകരിൽ നിന്നും മൂലധനം സമാഹരിക്കുക. ഈ ചെറിയ എൻഎവിയാണ് ഒരുവിഭാഗം നിക്ഷേപകരെ ആകർഷിക്കുന്നത്.
എന്നാൽ വിപണിയിലേക്ക് പുതിയതായി കടന്നുവരുന്നതിനാൽ തന്നെ ഫണ്ടിന്റെ മുൻകാല പ്രകടനം (ട്രാക്ക് റെക്കോഡ്) ലഭ്യമല്ല. അതിനാൽ ഫണ്ട് ഹൗസിന്റെ വിശ്വസ്തത, നിക്ഷേപതന്ത്രം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ പരിശോധിച്ചതിനു ശേഷമാകണം എൻഎഫ്ഒയിൽ അപേക്ഷിക്കേണ്ടത്. കാരണം ദീർഘമായ കാലയളവിലേക്കുള്ള നിക്ഷേപമായതിനാൽ തുടക്കത്തിലുള്ള ചെറിയൊരു നോട്ടപ്പിശകുപോലും വൻ നഷ്ടം സമ്മാനിക്കാം. ഈയൊരു സാഹചര്യത്തിൽ എൻഎഫ്ഒ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 10 പ്രധാന ഘടകങ്ങൾ ചുവടെ ചേർക്കുന്നു.
1. വിപണിയിലെ സാഹചര്യം വിലയിരുത്തണം: എൻഎഫ്ഒ വാങ്ങുന്നതിന് മുൻപ് വിപണിയിലെ പൊതുവായ സാഹചര്യം വിലയിരുത്തുന്നത് ഗുണകരമാകും. വിപണിയിൽ അനിശ്ചിതത്വം നിഴലിക്കുന്നുണ്ടോ അതോ വ്യക്തമായ ട്രെൻഡ് പ്രകടമാണോ എന്ന് പരിശോധിക്കുക. അതുപോലെ പുതിയതായി അവതരിപ്പിക്കപ്പെടുന്ന എൻഎഫ്ഒ, വിപണിയിൽ ട്രെൻഡിങ്ങായി നിൽക്കുന്ന എന്തെങ്കിലും വിഷയവുമായി (Theme) ബന്ധപ്പെട്ടുള്ളതാണോ എന്നും നോക്കുക.
ട്രെൻഡിങ്ങായ തീമിൽ നിന്നുള്ളതാണെങ്കിൽ ആ വിഭാഗത്തിലെ ഓഹരികൾ വളരെയധികം മുന്നേറിക്കഴിഞ്ഞതാണോ അതോ ട്രെൻഡിങ്ങായി വരുന്നതേയുള്ളോ എന്ന് വിലയിരുത്തുക. വളരെയധികം മുന്നേറിയ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന എൻഎഫ്ഒ ആണെങ്കിൽ അതിൽ തിരിച്ചടിക്കുള്ള സാധ്യതയുണ്ട്.
2. എൻഎഫ്ഒയുടെ നിക്ഷേപ ലക്ഷ്യം: വിപണിയിലേക്ക് പുതിയതായി കടന്നുവരുന്നു എന്നതിനേക്കാൾ ആ ഫണ്ടിന്റെ നിക്ഷേപലക്ഷ്യം പരിശോധിക്കുന്നതാണ് മുഖ്യം. പുതിയതാണ് എന്നതുകൊണ്ട് നിലവിലുള്ളതിനേക്കാൾ മെച്ചമാണ് എന്ന് തെറ്റിദ്ധരിക്കരുത്. കൃത്യമായ നിക്ഷേപലക്ഷ്യം വിവരിക്കുകയും നിങ്ങളുടെ പോർട്ട്ഫോളിയോയിൽ നേരിടുന്ന വിടവ് നികത്താൻ അത് പര്യാപ്തമാണോ എന്നും നോക്കുക.
ഒരേ വിഭാഗത്തിൽ നിലവിലുള്ള ഫണ്ടുകളുടെ ഏകദേശം ഒരുപോലെ തന്നെയുള്ള ഉദ്ദേശ്യലക്ഷ്യമാണ് പുതിയ ഫണ്ടും വിവരിക്കുന്നത് എന്നുണ്ടെങ്കിൽ പിന്നെയതിൽ അർത്ഥവത്തായ വ്യത്യാസമൊന്നുമില്ല. എങ്കിൽ പുതിയൊരു ഫണ്ടിനേക്കാളും വിപണിയിൽ മികച്ച ട്രാക്ക് റെക്കോഡ് കാണിക്കുന്ന ഫണ്ടിനെ തെരഞ്ഞെടുക്കുന്നതാകും ഉചിതം.
3. ഫണ്ട് ഹൗസിന്റെ മുൻകാല പ്രകടനം: വിപണിയിൽ എൻഎഫ്ഒ അവതരിപ്പിക്കുന്ന മ്യൂച്വൽ ഫണ്ട് ഹൗസിന്റെ (എഎംസി) ട്രാക്ക് റെക്കോഡ് അഥവാ മുൻകാല പ്രകടനം പരിശോധിക്കുന്നത് ഉചിതമാണ്. നിക്ഷേപ തന്ത്രങ്ങൾ എത്രത്തോളം ഫലപ്രദമായാണ് മുൻകാലങ്ങളിൽ പ്രയോഗിച്ചിട്ടുള്ളതെന്ന് വിലയിരുത്തുക.
അതുപോലെ കയറ്റിറക്കങ്ങൾ ഉൾക്കൊള്ളുന്ന വിപണിയുടെ വിവിധ കാലഘട്ടങ്ങളിൽ ഫണ്ടിന്റെ പ്രകടനം എങ്ങനെയായിരുന്നു എന്നും പരിശോധിക്കുക. വിപണിയിൽ ചാഞ്ചാട്ടം തലപൊക്കുന്ന വേളയിൽ സ്വീകരിക്കുന്ന തെറ്റായ തീരുമാനം ഫണ്ടിന്റെ വളർച്ചയെ തന്നെ മുരടിപ്പിക്കാവുന്നതാണെന്നും ഓർക്കുക.
4. ഫണ്ട് മാനേജരുടെ അറിവും മുൻപരിചയവും നിക്ഷേപ ശൈലിയും പരിശോധിക്കുക. വളരെ ചടുലമായി സെക്ടർ റൊട്ടേഷനും ചുരുങ്ങിയ വിഭാഗങ്ങളിലേക്ക് മാത്രമായി നിക്ഷേപം ചുരുക്കിയിട്ടുമുള്ള ഫണ്ട് മാനേജറാണെങ്കിൽ എൻഎവിയിൽ വലിയ ചാഞ്ചാട്ടം പ്രകടമാകാം. മറിച്ച് അച്ചടക്കത്തോടെയുള്ള നിക്ഷേപവും ഓഹരികളെ തെരഞ്ഞെടുക്കലും മികച്ച റിസ്ക് നിയന്ത്രണവും ഉള്ള ഫണ്ട് മാനേജർ ആണെങ്കിൽ ദീർഘകാല നിക്ഷേപകർക്ക് അനുയോജ്യമാണ്.
5. സ്കീമിന്റെ പോർട്ട്ഫോളിയോ ഗുണനിലവാരം: പുതിയതായി അവതരിപ്പിക്കുന്ന ഫണ്ടിനായി പരുവപ്പെടുത്തുന്ന പോർട്ട്ഫോളിയോയുടെ ഗുണനിലവാരം പരിശോധിക്കേണ്ടതുണ്ട്. ഓഹരികളെ തെരഞ്ഞെടുക്കുന്ന രീതി, സെക്ടറിന് അനുവദിക്കുന്ന നിക്ഷേപ വിന്യാസം, എക്സ്പോഷർ പരിധി എന്നിവയൊക്കെ വിലയിരുത്തണം.
6. എൻഎഫ്ഒയെ നിലവിൽ വിപണിയിലുള്ള ബദൽ മാതൃകകളുമായി താരതമ്യം ചെയ്യുക.
7. എക്സ്പെൻസ് റേഷ്യോ, ഫണ്ട് വിറ്റുമാറുന്നതിനുള്ള (Exit) വ്യവസ്ഥകളും പരിശോധിക്കുക. എൻഎഫഒയുടെ ആദ്യ കാലഘട്ടത്തിൽ ആസ്തി കുറവായതുകൊണ്ട് എക്സ്പെൻസ് റേഷ്യോ താരതമ്യേന ഉയർന്നു നിൽക്കാൻ സാധ്യതയുണ്ടെങ്കിലും സമാന വിഭാഗത്തിലെ ഫണ്ടുകളുമായി ഒത്തുനോക്കുന്നത് ഗുണകരമാകും.
8. പുതിയ ഫണ്ടിൽ നിന്നുള്ള ആദായം മാത്രം ലക്ഷ്യമിടുന്നതിനേക്കാൾ, നിലവിലെ പോർട്ട്ഫോളിയോയ്ക്ക് ഗുണകരമാണോ എന്നതിന് മുൻതൂക്കം നൽകുക. പുതിയ ഫണ്ടിൽ ലഭിക്കാൻ സാധ്യതയുള്ള ആദായത്തെ കുറിച്ച് ആഴത്തിൽ പഠിക്കുക.
9. തിടുക്കം വേണ്ട, ക്ഷമ പാലിക്കുക: എൻഎഫ്ഒ കാലയളവിൽ വലിയ തോതിലുള്ള മാർക്കറ്റിങ്ങും പരസ്യവുമൊക്കെ കാരണം ആദ്യം നിക്ഷേപിച്ചില്ലെങ്കിൽ അവസരം നഷ്ടപ്പെടുമോ എന്ന ആധി (Fear of Missing Out) രൂപപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ മ്യൂച്വൽ ഫണ്ടുകൾ ഒരു ദീർഘകാല നിക്ഷേപമാണെന്ന് മനസ്സിലാക്കുക. അതിനാൽ തുടക്കത്തിൽ കാത്തിരുന്നുവെന്ന് കരുതി കാര്യമായ നഷ്ടം സംഭവിക്കാനില്ല. ഏതാനും പാദങ്ങൾ പിന്നിടുമ്പോഴായിരിക്കും ഫണ്ടിന്റെ ക്വാളിറ്റിയും പ്രകടമായി തുടങ്ങുന്നത്.
10. നിയമപരമായ നിബന്ധനകളെല്ലാം മ്യൂച്വൽ ഫണ്ട് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. സുതാര്യതയുടെ ലക്ഷണമാണിത്. ഇവിടെ നിക്ഷേപകർക്ക് സുരക്ഷിതത്വവും പ്രതീക്ഷിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine