Personal Finance

ചെറിയ തുക മിച്ചം പിടിക്കാനേ കഴിയുന്നുള്ളു എങ്കില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാം എസ്ഐപികളില്‍

കൃത്യമായ തുകകളിലൂടെ മികച്ച സമ്പാദ്യം എന്ന ലക്ഷ്യമാണ് എസ്‌ഐപികളിലൂടെ സാധ്യമാകുക

Dhanam News Desk

ചെറു തുകകളായി നിക്ഷേപിച്ച് മികച്ച സമ്പാദ്യം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമ്പാദ്യ പദ്ധതിയാണ് എസ് ഐ പി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (SystematicInvestmentPlan). എന്നാല്‍ എങ്ങനെയാണ് ഇതിലൂടെ നിക്ഷേപം നടത്തേണ്ടതെന്നും എപ്പോള്‍ അവസാനിപ്പിക്കേണ്ടതെന്നുമൊക്കെ അറിയണം. ഇതാ എസ്‌ഐപി നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

1. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് സമയക്രമം നിശ്ചയിക്കുക. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള ആസൂത്രണത്തില്‍ വ്യവസ്ഥിതമായ സമീപനം സ്വീകരിക്കുക.

2. എസ്‌ഐപിയിലൂടെ എത്ര പണമാണ് നിക്ഷേപിക്കാനാഗ്രഹിക്കുന്നതെന്നു തീരുമാനിക്കുക. മിക്കവാറും മ്യൂച്വല്‍ ഫണ്ടുകള്‍ കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കാന്‍ അനുവദിക്കും. എന്നാല്‍ ലക്ഷ്യംനേടാന്‍ അടയ്‌ക്കേണ്ട എസ്‌ഐപി തുക അറിയണമെങ്കില്‍ ഭാവിയില്‍ ലക്ഷ്യത്തിനാവശ്യമായ പണം ആദ്യം കണക്കാക്കണം.

3. പോര്‍ട്ട്‌ഫോളിയോയില്‍ വൈവിധ്യവത്കരണം വേണം. റിസ്‌കെടുക്കാനുള്ള നിങ്ങളുടെ കഴിവ് അഥവാ സഹിഷ്ണുതയാണ് ഒരുപ്രത്യേക അസറ്റ് ക്ലാസില്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ഓരോ നിക്ഷേപകന്റേയും റിസ്‌കെടുക്കാനുള്ള ക്ഷമത പരസ്പരം വ്യത്യസ്തമായിരിക്കും. മ്യൂച്വല്‍ ഫണ്ടുകള്‍ വ്യത്യസ്ത റിസ്‌ക് വിഭാഗങ്ങള്‍ക്കായി അനവധി പദ്ധതികള്‍ മുന്നോട്ടു വെയ്ക്കുന്നതിനാല്‍ ഒന്നിലധികം പദ്ധതികളില്‍ നിക്ഷേപിക്കുന്നത് റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ വിദഗ്ധ ഉപദേശം നേടണം.

4. എസ്‌ഐപി (SIP) അടവുകള്‍ സമയാസമയങ്ങളില്‍ ടോപ്പ് അപ് ചെയ്യുക. വരുമാനം വളരുന്നതിനനുസരിച്ച് അതിലെ ഉയര്‍ന്ന ഒരുവിഹിതം എസ്‌ഐപി ടോപ് അപ്പിനായി മാറ്റി വെക്കുക. നിങ്ങളുടെ വിഹിതം പണപ്പരുപ്പത്തിന്റെ വര്‍ധനയുമായി ഒത്തു പോകുന്നുവെന്ന് ഉറപ്പുവരുത്തുക. പുതിയ എസ്‌ഐപി തുടങ്ങുന്നതിനുപകരം നിലവിലുള്ളതില്‍ തന്നെ ടോപ്പപ് സാധ്യമാണോ എന്നുപരിശോധിക്കുക.

5. ഓരോ ലക്ഷ്യത്തിനുമായി ഓരോഎസ്‌ഐപി തുടങ്ങുക. അവധിക്കാല യാത്രാ ചിലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം, റിട്ടയര്‍മെന്റു കാലത്തെ ചിലവുകള്‍ എന്നിങ്ങനെ പല ലക്ഷ്യങ്ങള്‍ ആകാം പലര്‍ക്കുമുണ്ടാകുക. ഓരോ ലക്ഷ്യവും മുന്‍നിര്‍ത്തി ഓരോ എസ്‌ഐപികള്‍ തുടങ്ങുന്നത് നിക്ഷേപം കൃത്യമായി കണക്കാക്കാന്‍ സഹായകമാണ്. ഒരുപ്രത്യേക ലക്ഷ്യത്തിന് ഉപകാരപ്പെടുന്ന ഉചിതമായ അസറ്റ് ക്ലാസ് കണ്ടെത്തി സമയക്രമമനുസരിച്ച് ശരിയായ ഇനത്തില്‍ പെട്ട മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനാണ് ശ്രമിക്കേണ്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT