Personal Finance

ഒന്നിലധികം വായ്പകളുണ്ടോ, തിരിച്ചടയ്ക്കാന്‍ ഈ വഴികള്‍ സഹായിക്കും

ഹോം ലോണ്‍, കാര്‍ ലോണ്‍, ഗോള്‍ഡ് ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ തുടങ്ങി വിവിധ വായ്പകള്‍ ഉള്ളവര്‍ തിരിച്ചടവിനായി പണം കണ്ടെത്തുമ്പോള്‍ ഏത് വായ്പകള്‍ക്ക് പ്രാധാന്യം നല്‍കണം?

Dhanam News Desk

സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍ വായ്പയെടുക്കാത്തവര്‍ വിരളമാണ്. സ്വര്‍ണപ്പണയ വായ്പകള്‍,ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, കാര്‍ ലോണ്‍, വീടിന്റെ ലോണ്‍ എന്നിങ്ങനെ വിവിധ തരം വായ്പകളുണ്ട് പലര്‍ക്കും. ഇങ്ങനെ പല വായ്പകളുമായി ജീവിക്കുമ്പോള്‍ പലപ്പോഴും തിരിച്ചടവ് വിചാരിച്ചത് പോലെ നടക്കണമെന്നില്ല. കൈയില്‍ പണം വരുന്നതനുസരിച്ച് വായ്പ അടയ്ക്കും എന്നതാണ് പൊതുവെയുള്ള രീതി. എന്നാല്‍ ഇത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നിങ്ങളെ നയിക്കും. ക്രെഡിറ്റ് സ്‌കോറിനെയും ഇത് ബാധിച്ചേക്കും. പലിശ നിരക്കായിരിക്കണം വായ്പ തിരിച്ചടവിന്റെ പരിഗണന മാനദണ്ഡം.അതിനാല്‍ ഏതൊക്കെ വായ്പ മുന്‍ഗണനാക്രമത്തില്‍ അടച്ച് തീര്‍ക്കണം എന്നു നോക്കാം.

ക്രെഡിറ്റ് കാര്‍ഡ് വായ്പ

ഈ വായ്പ ഏറ്റവും ഹോട്ട് ലിസ്റ്റിലായിരിക്കണം. സാധാരണ നിലയില്‍ 40 മുതല്‍ 55 ദിവസം വരെ പലിശിയില്ലാതെ ലഭിക്കുന്ന വായ്പ എന്ന നിലയില്‍ അത്യാവശ്യം കാര്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ നല്ലതാണ്. എന്നാല്‍ ഇതൊരു ഇരട്ടവായ്ത്തലയുള്ള വാളാണ്. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ആപത്താണ്. കഴിയുന്നതും ഡ്യൂ ഡേറ്റിന് മുമ്പ് തന്നെ പണമടയ്ക്കുന്നതാണ് നല്ലത്. ഇതിലെ പലിശ നിരക്ക് 36 ശതമാനത്തിന് മുകളിലായതിനാല്‍ പ്രഥമ പരിഗണന നല്‍കേണ്ടതും ഈ വായ്പയ്ക്കായിരിക്കണം.

സ്വര്‍ണ പണയ വായ്പ

പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ 7-8 ശതമാനം നിരക്കിലാണ് സ്വര്‍ണപ്പണയ വായ്പകള്‍ നല്‍കുന്നത്. അതേസമയം പല സ്വകാര്യ സ്വര്‍ണപണയ സ്ഥാപനങ്ങളുടെ പലിശ നിരക്ക് 12 ശതമാനത്തോളമാണ്. ഗ്രാമിന് ആവശ്യപ്പെട്ട തുകയനുസരിച്ച് ഇത് 20 ശതമാനം വരെ ആകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലിശ നിരക്കനുസരിച്ച് വ്യക്തിഗത വായ്പയും സ്വര്‍ണ വായ്പയും തമ്മില്‍ താരതമ്യം ചെയ്ത് വേണം ബാധ്യത തീര്‍ക്കാന്‍.

വാഹന വായ്പ

വാഹനവായ്പ പലിശ നിരക്ക് 8-8.5 ശതമാനത്തില്‍ ഒതുങ്ങുന്നതിനാല്‍ അടുത്ത പരിഗണന ഇതിന് നല്‍കാം. വാഹന വായ്പകള്‍ സാധാരണ നിലയില്‍ 5-7 വര്‍ഷം കാലാവധിയുള്ളതാണ്. ഒരിക്കല്‍ അടവ് തീര്‍ന്നു കഴിഞ്ഞാല്‍ പേഴ്‌സണല്‍, ക്രെഡിറ്റ് കാര്‍ഡ്, പണയ വായ്പകള്‍ തുടരുന്നുണ്ടെങ്കില്‍ ഇത് അടച്ച് തീര്‍ന്നിട്ടേ വാഹനം അപ്‌ഗ്രേഡ് ചെയ്യുന്ന കാര്യം കണക്കിലെടുക്കാവൂ.

ഭവന വായ്പ

പലിശ നിരക്ക് താരതമ്യേന കുറവുള്ളതും ആദായ നികുതി ഒഴിവ് ലഭിക്കുന്നതിനാലും അവസാനം മാത്രം തിരിച്ചടവിന് പരിഗണിക്കേണ്ടതാണ് ഭവന വായ്പ. എന്നാല്‍ തവണ വായ്പകള്‍ മുടക്കരുത്. വരുമാനം നേരിയ തോതിലെങ്കിലും കൂടുന്ന പക്ഷം ഇതിന്റെ മുതലിലേക്ക് കൂട്ടി അടച്ചുകൊണ്ടിരുന്നാല്‍ പലിശ ഇനത്തില്‍ ലക്ഷങ്ങള്‍ ലാഭിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT