ഒരു സംരംഭകനെ സംബന്ധിച്ച് ബിസിനസ് നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ പലതരം റിസ്‌കുകള്‍ എടുക്കേണ്ടതായി വരും. ഇതുമൂലം സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാകാം. പല റിസ്‌കുകളും പൂര്‍ണമായും ഒഴിവാക്കുക എന്നത് അസാധ്യമാണ്. എന്നാല്‍ ചിലതൊക്കെ നമുക്ക് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാനും കഴിയും.
സ്ഥാപനത്തില്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള റിസ്‌കുകള്‍ ഓരോ വ്യവസായിയും എടുക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ രീതിയിലുള്ള വിശകലനത്തിലൂടെയും ആസൂത്രണത്തിലൂടെയും ഇത്തരം റിസ്‌കുകള്‍ ഒഴിവാക്കാനും കഴിയും. ഇന്‍ഷുര്‍ ചെയ്ത് സംരക്ഷിക്കാവുന്ന എല്ലാ റിസ്‌കുകളും യഥാവിധി സംരക്ഷിച്ചാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ഒരു പരിധിവരെ കഴിയും.
ഒരു സ്ഥാപനത്തിന് വന്നേക്കാവുന്ന പ്രധാനപ്പെട്ട റിസ്‌കുകള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം. വസ്തുവകകളാണ് ഇതില്‍ ഒന്നാമത്. ബില്‍ഡിംഗ്, പ്ലാന്റ് & മെഷിനറി, അസംസ്‌കൃത വസ്തുക്കള്‍, സംസ്‌കരിച്ചെടുത്ത സാധനങ്ങള്‍ (ഫിനിഷ്ഡ് ഗുഡ്‌സ്) എന്നിവ ഇതില്‍പ്പെടുന്നു. ഭൂരിഭാഗം വ്യവസായികളും ധനകാര്യ സ്ഥാപനങ്ങള്‍ വഴി വായ്പ എടുത്തവരായിരിക്കും. എന്നാല്‍ യഥാര്‍ത്ഥ തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്യാതെ ഭാഗികമായി ഇന്‍ഷുര്‍ ചെയ്താല്‍ ഒരു കാരണവശാലും ക്ലെയിം ഉണ്ടായാല്‍ മുഴുവന്‍ തുകയും ലഭിക്കുകയില്ല. അതിനാല്‍ ആദ്യമായി ഇന്‍ഷുര്‍ ചെയ്ത തുക ശരിയാണോ എന്ന് പരിശോധിക്കുക. വിവിധ കമ്പനികളുടെ മുന്‍കാല പരിചയം, ക്ലെയിം തീര്‍പ്പാക്കുന്ന സമയപരിധി, സേവനം എന്നിവ കൂടി കണക്കിലെടുത്ത് വേണം ഇന്‍ഷുര്‍ ചെയ്യാന്‍. ഒരു അത്യാഹിതം സംഭവിച്ച ശേഷം ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിച്ചിട്ട് പ്രയോജനമില്ല.
റിസ്‌കുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ബിസിനസില്‍ അപ്രതീക്ഷിതമായി സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. റിസ്‌കുകളുടെ എണ്ണവും തീവ്രതയും കുറയ്ക്കാന്‍ കഴിഞ്ഞാല്‍ സാമ്പത്തിക നഷ്ടവും ഒരു പരിധിവരെ ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു പ്രക്രിയയാണ് റിസ്‌ക് മാനേജ്മന്റ്.
നിങ്ങള്‍ നിലവില്‍ എടുത്തിരിക്കുന്ന പോളിസിയില്‍ പോരായ്മകള്‍, പരിമിതികള്‍, ഉള്‍പ്പെടുത്താത്ത റിസ്‌കുകള്‍, പ്രീമിയം നിരക്ക് എന്നിവ ഉണ്ടെങ്കില്‍ അത് പഠനവിധേയമാക്കി, റിപ്പോര്‍ട്ട് തയാറാക്കുന്നതിനെയാണ് പോളിസി ഗ്യാപ് അനാലിസിസ് എന്ന് പറയുന്നത്. പോളിസി വിപണനക്കാരുടെ വാഗ്ദാനങ്ങള്‍ പ്രകാരം പല പോളിസി ഉടമകളും വിശ്വസിച്ചിട്ടുണ്ടാവുക റിസ്‌കുകള്‍ യഥാവിധി കവര്‍ ചെയ്തു എന്നതാണ്. പക്ഷേ ഇത് ശരിയാവണമെന്നില്ല. അതുകൊണ്ടു തന്നെ പ്രത്യേകിച്ച് സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവ നടത്തുന്നവര്‍ പോളിസി ഗ്യാപ് അനാലിസിസ് നടത്തേണ്ടത് അത്യാവശ്യമാണ്.
പലര്‍ക്കും പല വിധത്തിലുള്ള റിസ്‌കുകളാണുള്ളത്. എല്ലാ റിസ്‌കും കവര്‍ ചെയ്യുന്ന തരത്തിലുള്ള പോളിസികള്‍ എടുക്കാന്‍ കഴിഞ്ഞെന്നും വരില്ല. ഇതിന്റെ പ്രധാന കാരണം ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അജ്ഞതയാണ്. അതുകൊണ്ടു തന്നെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ഗ്രൂപ്പുകള്‍ എന്നിവയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് ഇന്‍ഷുറന്‍സ് പോര്‍ട്ട്‌ഫോളിയോ മാനേജ്മെന്റ്.
ഉപഭോക്താവ് അടയ്ക്കുന്ന പ്രീമിയം, കവര്‍ ചെയ്യുന്ന റിസ്‌കുകള്‍ എന്നിവ ഏറ്റവും വിശ്വാസ്യതയും കെട്ടുറപ്പുമുള്ള കമ്പനിയിലായിരിക്കണം. കമ്പനിയുടെ ആസ്തി, വിദേശ പങ്കാളിത്തം, കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലെ മികവ്, വളര്‍ച്ച, വിപണന ശൃംഖല, സേവനസന്നദ്ധത എന്നിവ ഇതില്‍ പ്രധാന ഘടകങ്ങള്‍ ആണ്. പോളിസി തിരഞ്ഞെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. കവര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന റിസ്‌കുകള്‍, കുറഞ്ഞ പ്രീമിയം നിരക്ക്, സുതാര്യമായ പോളിസി വ്യവസ്ഥകള്‍, പാക്കേജ് പോളിസികള്‍, ഡിസ്‌കൗണ്ടുകള്‍, ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസൃതമായി തയാറാക്കിയ പോളിസികള്‍ എന്നിവ പ്രധാനപ്പെട്ടവയാണ്. ഇന്‍ഷുറന്‍സ് കമ്പനി തിരഞ്ഞെടുക്കുമ്പോള്‍, ഏറ്റവും പ്രധാനമായത് കമ്പനിയിലുള്ള വിശ്വാസമാണ്. പ്രാദേശിക ഓഫീസുകള്‍, സേവനസന്നദ്ധരായ ജീവനക്കാര്‍, വിപണനക്കാര്‍ എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നു.
കമ്പനിയുടെ പ്രവര്‍ത്തനക്ഷമത, വിപണിവിഹിതം, കഴിഞ്ഞകാലങ്ങളിലെ വളര്‍ച്ച നിരക്ക്, ലാഭ-നഷ്ട കണക്കുകള്‍, പ്രവര്‍ത്തനച്ചെലവ്, ക്ലെയിം നല്‍കിയതിന്റെ വിവരങ്ങള്‍, നീക്കിയിരിപ്പ്, വിദേശ പങ്കാളിയുടെ വിവരങ്ങള്‍ എന്നിവ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളാണ്. പോളിസി നല്‍കുന്ന സമയപരിധി, ക്ലെയിം തീര്‍പ്പാക്കുന്ന സമയം എന്നിവ അതാത് ശാഖയുടെ പരിധിയിലാണോ, കാലതാമസം നേരിടുന്നുണ്ടോ എന്നും പരിശോധിക്കണം. കമ്പനികളുടെ പ്രവര്‍ത്തനക്ഷമത ആസ്പദമാക്കി അംഗീകൃത റേറ്റിംഗ് ഏജന്‍സികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കേഷനും മുഖവിലയ്ക്കെടുക്കാവുന്നതാണ്.
പുതുതായി ഒരു കെട്ടിടം നിര്‍മിക്കാന്‍ എടുക്കുന്ന തുകയ്ക്കാണ് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്. ചുറ്റുമതില്‍, ഗെയിറ്റ് മുതലായവയും ഇതില്‍ ഉള്‍പ്പെടുത്തണം. വിപണി വിലയോ, അല്ലെങ്കില്‍ പുതുതായി നിര്‍മിക്കാന്‍ ആവശ്യമായ സംഖ്യയോ ആണ് സാധാരണയായി ഇന്‍ഷുര്‍ ചെയ്യേണ്ടത്. റീ ഇന്‍സ്റ്റേറ്റ്മെന്റ് വാല്യുവിനാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
യന്ത്രങ്ങള്‍/യന്ത്രസാമഗ്രികള്‍ എന്നിവ സാധാരണ ഫയര്‍ ഇന്‍ഷുറന്‍സ് പോളിസിയിലാണ് ഇന്‍ഷുര്‍ ചെയ്യുക. യന്ത്രങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ നിലവിലുള്ള വിപണി വില/റീ ഇന്‍സ്റ്റേറ്റ്‌മെന്റ് വാല്യുവിനായിരിക്കണം ഇന്‍ഷുര്‍ ചെയ്യേണ്ടത്. മെഷിനറി ബ്രേക്ക്ഡൗണ്‍ പോളിസിയിലാണ് ഇന്‍ഷുര്‍ ചെയ്യുന്നതെങ്കില്‍, നിലവിലുള്ള റീ ഇന്‍സ്റ്റേറ്റ്‌മെന്റ് വാല്യുവിനായിരിക്കണം ഇന്‍ഷുര്‍ ചെയ്യേണ്ടത്. ഒപ്പം മെഷിനറിക്ക് ഫയര്‍ ഇന്‍ഷുറന്‍സ് പോളിസിയും എടുക്കേണ്ടതാണ്.
അസംസ്‌കൃത വസ്തുക്കള്‍ക്ക് (വ്യാപാര ചരക്കുകള്‍) വില നിശ്ചയിക്കുന്നത്, അത് കൊണ്ടുവരുന്നതിനുള്ള ചെലവും നികുതിയും ഇന്‍ഷുറന്‍സ് ചാര്‍ജും ഉള്‍പ്പെടുത്തിയാണ്. ഒരേ വസ്തുവിന്‍മേല്‍ മൊത്ത കച്ചവടക്കാരനും ചില്ലറ വ്യാപാരിയും ചെയ്യുന്ന ഇന്‍ഷുര്‍ തുകയ്ക്ക് വ്യത്യാസമുണ്ടായിരിക്കും. സംസ്‌കരിക്കപ്പെടുന്ന വസ്തുക്കളുടെ വിലയില്‍ നിര്‍മാണ ചെലവ് കൂടി ഉള്‍പ്പെടുത്തണം. നിര്‍മാണം പൂര്‍ത്തീകരിച്ച ചരക്കുകള്‍ക്ക് ഫാക്ടറി ചെലവുകള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതാണ്.
ഫര്‍ണിച്ചര്‍, ഫിക്സ്ചറുകള്‍, ഫിറ്റിംഗുകള്‍ തുടങ്ങിയവയുടെ വില നിശ്ചയിക്കുമ്പോള്‍ മൂല്യശോഷണം കഴിച്ച ശേഷമുള്ള വിലയാണ് ഉള്‍പ്പെടുത്തേണ്ടത്. ഇലക്ട്രോണക്സ് ഉപകരണങ്ങള്‍ നിലവിലുള്ള റീ ഇന്‍സ്റ്റേറ്റ്മെന്റ് വാല്യുവിനാണ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് ഇന്‍ഷുര്‍ ചെയ്യേണ്ടത്.
ഇത്തരം വസ്തുക്കള്‍ക്ക് മൂല്യശോഷണം കഴിച്ചുള്ള തുകയ്ക്ക് മാത്രമെ ഇന്‍ഷുര്‍ ചെയ്യാറുള്ളൂ. പക്ഷേ 'ആന്റിക്' സാധനങ്ങള്‍ക്ക് പ്രത്യേക വില നിശ്ചയിച്ച് ഇന്‍ഷുര്‍ ചെയ്യേണ്ടതാണ്. ഡെക്കറേറ്റീവ് സാധനങ്ങള്‍ (അലങ്കാര വസ്തുക്കള്‍) വിദഗ്ധരെ കൊണ്ട് വില നിശ്ചയിച്ച ശേഷം ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്. ഇതുവഴി 'അണ്ടര്‍ ഇന്‍ഷുറന്‍സ്' ഒഴിവാക്കാന്‍ സാധിക്കും.
ഫിഡിലിറ്റി ഗ്യാരണ്ടി ഇന്‍ഷുറന്‍സ്: വ്യവസായ സ്ഥാപനത്തെ സംബന്ധിച്ച് പണം, ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍ മുതലായവ തിരിമറി നടത്തുക, അക്കൗണ്ടുകളില്‍ കൃത്രിമം കാണിച്ച് പണം തട്ടിയെടുക്കുക തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകള്‍ നേരിടേണ്ടിവരും. ഇത്തരം സാഹചര്യങ്ങളില്‍ ഉപകാരപ്പെടുന്നതാണ് ഫിഡിലിറ്റി ഗ്യാരണ്ടി ഇന്‍ഷുറന്‍സ് പോളിസി. ജീവനക്കാര്‍ കൂടുതലുള്ള സ്ഥാപനങ്ങളില്‍ പേര് കൊടുക്കാതെ തൊഴില്‍ മാത്രം രേഖപ്പെടുത്തിയും ഇന്‍ഷുര്‍ ചെയ്യാം. ഓരോ തരം തൊഴിലിനും/ജീവനക്കാരനും എത്രത്തോളം തുകയ്ക്കാണ് കവര്‍ ചെയ്യേണ്ടതെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണമെന്ന് മാത്രം.
മണി ഇന്‍ഷുറന്‍സ് പോളിസി: വ്യവസായ സ്ഥാപനങ്ങളില്‍ ഉണ്ടാവുന്ന റിസ്‌കുകളില്‍ സെയ്ഫില്‍ വെച്ച പണം മോഷണം പോവുക, കൗണ്ടറില്‍ വെച്ച പണം നഷ്ടപ്പെടുക, ബാങ്കില്‍ നിന്നും പണം കമ്പനിയിലേക്ക് കൊണ്ടുവരിക, ബാങ്കിലേക്ക് പണം തിരിച്ചുകൊണ്ടുപോവുക എന്നീ സാഹചര്യങ്ങളില്‍ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളാണ് മണി ഇന്‍ഷുറന്‍സ് പോളിസിയില്‍ കവര്‍ ചെയ്യുന്നത്. പണം ആര്, എപ്പോള്‍, എങ്ങനെ കൊണ്ടുപോവുന്നു എന്നതും പ്രധാനമായി രേഖപ്പെടുത്തിയിരിക്കണം.
(ധനം മാഗസിന്‍ നവംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine