മെഡിക്കല്‍ ചെലവുകള്‍ കുതിച്ചുയരുന്ന കാലമാണിത്. ചെറിയ രോഗത്തിനു പോലും ചികിത്സാ ചെലവ് വന്‍തോതില്‍ വര്‍ധിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവരുടെ എണ്ണമാകാട്ടെ തീരെ കുറവും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലര്‍ക്കും ആശ്വാസമാകുന്നൊരു പദ്ധതിയാണ് പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന. വെറും 20 രൂപ വാര്‍ഷിക പ്രീമിയത്തില്‍ രണ്ട് ലക്ഷം രൂപയുടെ വരെ കവറേജ് ലഭിക്കുന്ന പദ്ധതിയാണിത്. 2015ല്‍ നിലവില്‍ വന്നതാണെങ്കിലും ഇന്നും ഈ പദ്ധതിയെപ്പറ്റി ആര്‍ക്കും അറിവില്ലെന്നതാണ് വസ്തുത.
അടിസ്ഥാന അപകട ഇന്‍ഷുറന്‍സ് പദ്ധതിയായിട്ടാണ് ഈ സ്‌കീം കേന്ദ്രസര്‍ക്കാര്‍ 10 വര്‍ഷം മുമ്പ് അവതരിപ്പിച്ചത്. താഴ്ന്ന വരുമാനമുള്ള വ്യക്തികള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുന്നത്. പദ്ധതിയില്‍ ചേരുന്നതിന് ഓരോ വര്‍ഷവും മുടക്കേണ്ടത് വെറും 20 രൂപയാണ്. ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിക്ക് അപകടം സംഭവിച്ചാല്‍ സാമ്പത്തിക സുരക്ഷിതത്വം ലഭിക്കും.
ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം രൂപ വരെയും പൂര്‍ണ വൈകല്യത്തിന് രണ്ടു ലക്ഷം രൂപ വരെയുമാണ് പരിരക്ഷ ലഭിക്കുന്നത്. പ്രീമിയം തുക ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പോകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും ജൂണ്‍ ഒന്നിന് തുടങ്ങി മെയ് 31ന് വരെയുള്ള കാലഘട്ടത്തേക്കാണ് ഈ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുക.
ഏതൊരു ഇന്ത്യന്‍ പൗരനും പദ്ധതിയുടെ ഭാഗമാകാം. പ്രായപരിധി 18 വയസ് മുതല്‍ 70 വയസ് വരെയാണ്. വരുമാന പരിധികള്‍ പദ്ധതിയില്‍ ചേരുന്നതിന് തടസമല്ല. പോസ്റ്റ് ഓഫീസ് അല്ലെങ്കില്‍ ബാങ്ക് ശാഖകള്‍ വഴി ഈ സ്‌കീമിന്റെ ഭാഗമാകാം. ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്.
രാജ്യത്ത് ഇന്‍ഷുറന്‍സ് വ്യാപനം ലക്ഷ്യമിട്ട് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ചില സുപ്രധാന നടപടികളെടുത്തിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടത് ഇന്‍ഷുറന്‍സ് മേഖലയ്ക്കുണ്ടായിരുന്ന 18 ശതമാനം ജിഎസ്ടി എടുത്തു കളഞ്ഞതാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടക്കമുള്ളവയില്‍ കൂടുതല്‍ പേരെ അംഗങ്ങളാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
Read DhanamOnline in English
Subscribe to Dhanam Magazine