Image courtesy: Canva
Insurance

ഹെൽത്ത് ഇൻഷുറൻസ് എത്ര വേണം? കുടുംബത്തിന്റെ സമ്പാദ്യം സംരക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ

നിങ്ങളുടെ സമ്പാദ്യം ആശുപത്രികള്‍ കൊണ്ടുപോകാതിരിക്കാന്‍ മതിയായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അത്യാവശ്യമാണ്

Dhanam News Desk

പി. അനില്‍കുമാര്‍

പനി വന്നാല്‍ നമ്മളെന്ത് ചെയ്യും? ഡോക്ടറെ കണ്ട് ആവശ്യമായ മരുന്ന് വാങ്ങി കഴിക്കും, അല്ലേ? സാധാരണഗതിയില്‍ ചെറിയ അസുഖങ്ങള്‍ക്കൊക്കെ എല്ലാവരും ചെയ്യുന്നത് ഇതൊക്കെ തന്നെയാണ്. അതിന് അത്ര ചെലവില്ലാത്തതു കൊണ്ടുതന്നെ, നമ്മള്‍ അധികം വേവലാതിപ്പെടാറുമില്ല. ഈ ചെറിയ ചെലവുകള്‍ പ്രതിമാസ ബജറ്റിനെ താളംതെറ്റിക്കുകയുമില്ല.

പക്ഷേ ഇന്ന് ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതും ചികിത്സ ചെലവ് പ്രതിവര്‍ഷം 14.1% എന്ന നിരക്കില്‍ ഉയരുന്നതും കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക റിസ്‌ക്കുകള്‍ ഒഴിവാക്കാന്‍ ഓരോ കുടുംബവും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.

പുതിയ പരിഷ്‌കാരങ്ങള്‍

ഇന്‍ഷുറന്‍സ് മേഖലയില്‍ വന്ന മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം.

  • പൂജ്യം ജിഎസ്ടി: വ്യക്തിഗത/ഫാമിലി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേല്‍ ഉണ്ടായിരുന്ന 18% ജിഎസ്ടി പൂര്‍ണമായും ഒഴിവാക്കി. ഇത് പ്രീമിയം തുകയില്‍ വലിയ കുറവ് വരുത്തി.

  • ക്യാഷ്‌ലസ് എനിവേര്‍: നെറ്റ്‌വര്‍ക്ക് ആശുപത്രികള്‍ക്ക് പുറമെ രാജ്യത്തെ ഏത് ആശുപത്രിയിലും ക്യാഷ്‌ലസ് സൗകര്യം ലഭ്യമാക്കുന്ന രീതിയിലേക്ക് ഐആര്‍ഡിഎഐ ചട്ടങ്ങള്‍ മാറി.

  • 70+ മുതിര്‍ന്ന പൗരന്മാര്‍: 70 വയസ് കഴിഞ്ഞവര്‍ക്ക് വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സക്ക് ക്യാഷ്ലസ് സേവനം ഉറപ്പാക്കുന്ന ആയുഷ്മാന്‍ വയവന്ദന എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നിലവിലുണ്ട്.

  • ക്ലെയിം സെറ്റ്ല്‍മെന്റ് വേഗത: ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ക്ലെയിം അംഗീകാരം നല്‍കാനുള്ള സമയം കമ്പനികള്‍ ചുരുക്കി. പ്രീ-ഓതറൈസേഷന്‍ (അഡ്മിഷന്‍)- ഒരു മണിക്കൂറിനകം, ഫൈനല്‍ ഡിസ്ചാര്‍ജ് ഓതറൈസേഷന്‍- മൂന്ന് മണിക്കൂറിനകം.

ശരിയായ പ്ലാന്‍ എങ്ങനെ തിരഞ്ഞെടുക്കാം

  • ആരോഗ്യനില വിലയിരുത്തുക: നിങ്ങളുടെയും കുടുംബത്തിന്റെയും നിലവിലെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തുക.

  • ഹോസ്പിറ്റല്‍ പ്ലാന്‍, കോംപ്രിഹെന്‍സീവ് പ്ലാന്‍: ഹോസ്പിറ്റല്‍ പ്ലാനുകള്‍ അഡ്മിറ്റ് ചികിത്സ തേടുമ്പോള്‍ മാത്രം പണം നല്‍കുന്നു. കോംപ്രിഹെന്‍സീവ് പ്ലാനുകള്‍ ഡോക്ടറെ കാണുന്ന ഫീസ്, മരുന്നുകള്‍ എന്നിവക്കും പരിരക്ഷ നല്‍കുന്നു.

  • നെറ്റ്‌വര്‍ക്കിലുള്ള ആശുപത്രികള്‍ പരിശോധിക്കുക: ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ അടുത്തുള്ള പ്രമുഖ ആശുപത്രികള്‍ ലിസ്റ്റില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

  • പ്രീമിയവും കോ-പേയ്‌മെന്റും മനസിലാക്കുക: കുറഞ്ഞ പ്രീമിയം മാത്രം നോക്കരുത്. ചികിത്സ വേളയില്‍ നിങ്ങള്‍ കയ്യില്‍ നിന്ന് നല്‍കേണ്ട തുക (Co-payment) എത്രയാണെന്ന് പരിശോധിക്കുക.

  • അധിക ആനുകൂല്യങ്ങള്‍: മാനസികാരോഗ്യ ചികിത്സ, പ്രസവാനുകൂല്യങ്ങള്‍, ഡിജിറ്റല്‍ ഹെല്‍ത്ത് ആപുകള്‍ എന്നിവ ശ്രദ്ധിക്കുക.

  • അവലോകനം ചെയ്യുക: ഓരോ വര്‍ഷവും ജീവിത സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് (വിവാഹം, ജോലി മാറ്റം) പോളിസി പുനഃപരിശോധിക്കുക.

ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

  • മുറി വാടകക്ക് പരിധിയില്ലാത്ത പ്ലാന്‍ തിരഞ്ഞെടുക്കുക.

  • കുറഞ്ഞ പ്രീമിയത്തില്‍ കവറേജ് 20-30 ലക്ഷത്തിലേക്ക് വര്‍ധിപ്പിക്കാന്‍ സൂപര്‍ ടോപ്പ്-അപ്പ് സംവിധാനം സഹായിക്കും.

  • നിലവിലുള്ള രോഗങ്ങള്‍ കവര്‍ ചെയ്യാന്‍ എത്രവര്‍ഷം കാത്തിരിക്കണമെന്ന് നോക്കുക. ഈ കാലാവധി കുറഞ്ഞ പ്ലാനുകള്‍ തിരഞ്ഞെടുക്കുക.

  • അലോപ്പതിക്ക് പുറമെ ആയുര്‍വേദം, ഹോമിയോപ്പതി ചികിത്സകള്‍ക്കും കവറേജ് ഉണ്ടെന്ന് ഉറപ്പാക്കുക.

  • ഗ്ലൗസ്, മാസ്‌ക്, സിറിഞ്ച് തുടങ്ങിയവയുടെ ചെലവ് കൂടി ലഭിക്കുന്ന പ്ലാനുകള്‍ എടുക്കുക.

  • റോബോട്ടിക് സര്‍ജറി, ലേസര്‍ ചികിത്സ തുടങ്ങിയവക്ക് നിയന്ത്രണങ്ങളില്ലാത്ത പ്ലാന്‍ നോക്കുക.

  • 24 മണിക്കൂര്‍ തികയാത്ത ചികിത്സകള്‍ (തിമിരം, ഡയാലിസിസ്) പൂര്‍ണമായും കവര്‍ ചെയ്യണം.

  • അഡ്മിറ്റ് ആകുന്നതിന് മുമ്പും ശേഷവുമുള്ള മരുന്നുകളുടെയും പരിശോധനകളുടെയും ചെലവായ പ്രീ& പോസ്റ്റ് ഹോസ്പിറ്റലൈസേഷന്‍ ഉറപ്പാക്കണം.

  • ക്ലെയിം വരുമ്പോള്‍ നിങ്ങളുടെ 'നോ ക്ലെയിം ബോണസ്' നഷ്ടപ്പെടാതിരിക്കാനുള്ള ഫീച്ചര്‍ ഉണ്ടോ എന്ന് നോക്കുക.

  • പോളിസി ഇഷ്ടപ്പെട്ടില്ലെങ്കില്‍ റദ്ദാക്കാനുള്ള 15 ദിവസത്തെ സമയമായ ഫ്രീ ലുക്ക് പിരീഡ് ഉണ്ടെന്ന് ഉറപ്പുവരുത്തണം.

  • അടിയന്തരഘട്ടങ്ങളില്‍ വിമാനമാര്‍ഗമുള്ള സേവനത്തിനായുള്ള (എയര്‍ ആംബുലന്‍സ്) പരിരക്ഷ ഉണ്ടായിരിക്കണം.

  • വര്‍ഷത്തിലൊരിക്കല്‍ സൗജന്യമായി ലഭിക്കുന്ന ആരോഗ്യ പരിശോധനകള്‍.

  • ഗുരുതരമായ ശസ്ത്രക്രിയകള്‍ക്ക് മുമ്പ് മറ്റൊരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടാനുള്ള സൗകര്യം വേണം.

  • ആശുപത്രിയില്‍ ബെഡ് ലഭ്യമല്ലാത്തപ്പോഴോ, മറ്റോ വീട്ടില്‍ വെച്ച് നടത്തുന്ന ചികിത്സക്കുള്ള പരിരക്ഷ വേണം.

  • അവയവം നല്‍കുന്ന വ്യക്തിയുടെ ശസ്ത്രക്രിയ ചെലവുകള്‍ കമ്പനി വഹിക്കുന്ന രീതി.

  • മാനസികാരോഗ്യ ചികിത്സകള്‍ ഇപ്പോള്‍ ഇന്‍ഷുറന്‍സില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  • അഡ്മിഷന്‍ ചാര്‍ജ്, സര്‍വീസ് ചാര്‍ജ് തുടങ്ങിയ അധിക ചെലവുകള്‍ കവര്‍ ചെയ്യുന്ന (നോണ്‍-മെഡിക്കല്‍ എക്സ്പെന്‍സസ്) ആഡ്-ഓണുകള്‍.

  • പോര്‍ട്ടിങ്: ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ കമ്പനി മാറാനുള്ള സൗകര്യം.

  • നിലവിലുള്ള അസുഖങ്ങള്‍ മറച്ചുവെക്കാതെ കമ്പനിയെ അറിയിക്കുക.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ചും സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം മനസിലാക്കിയും ഒരു പ്ലാന്‍ തിരഞ്ഞെടുത്താല്‍, അപ്രതീക്ഷിതമായ ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് നിങ്ങളുടെ സമ്പാദ്യത്തെ സംരക്ഷിക്കാന്‍ സാധിക്കും.

(ലേഖകന്‍ കേരള ഗവണ്മെന്റ് ധനകാര്യ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയാണ്. mobile: 6282404679, ഇമെയില്‍: amtha2010@gmail.com)

(Originally published in Dhanam Magazine May 31, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT